റിയാദ് സീസൺ കപ്പിലെ ഇന്റർ മയാമി- അൽ നസ്ർ പോരാട്ടത്തിൽ അൽ നസ്ർ എഫ്.സിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത ആറ് ​ഗോളുകൾക്കാണ് അൽ നസ്റിന്റെ ജയം. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിരുന്നില്ല. എന്നാൽ മെസിയെ മത്സരത്തിന്റെ അവസാന മിനിറ്റുകളിലാണ് കളത്തിലിറക്കിയത്.

മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ അൽ നാസ്ർ മയാമിയ്ക്ക് ആദ്യ പ്രഹരം ഏൽപ്പിച്ചു. ഒറ്റാവിയോയിലൂടെയായിരുന്നു ആദ്യ ​ഗോൾ. ആൻഡേഴ്സൺ ടലിസ്കയുടെ ഹാട്രിക് ​ഗോൾ മയാമിയെ വമ്പൻ തോൽവിയിലേക്ക് തള്ളിവിട്ടു. ലപോർട്ടെ, മുഹമ്മദ് മരാൻ എന്നിവരും സൗദി ക്ലബിന് വേണ്ടി സ്‌കോർ ചെയ്തു.

മെസിയും ക്രിസ്റ്റ്യാനോയും മുഖാമുഖം വരുന്ന അവസാന മത്സരമാകുമെന്ന സൂചന മത്സരത്തിനുണ്ടായിരുന്നു. എന്നാൽ പരുക്കിൽ നിന്ന് മുക്തനാകാതിരുന്നതിനാൽ ക്രിസ്റ്റ്യാനോ കളിക്കാനുണ്ടാകില്ലെന്ന് അൽ നസ്ർ പരിശീലകൻ ലൂയി കാസ്ട്രോ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ആരാധകരെ നിരശരാക്കി മെസിയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല. മത്സരത്തിന്റെ 84-ാം മിനിറ്റിന് ശേഷമാണ് മെസി കളത്തിലിറങ്ങിയത്.

കഴിഞ്ഞ ജനുവരിയിലാണ് മെസ്സിയും ക്രിസ്റ്റ്യാനോയും ഇതിനുമുമ്പ് മുഖാമുഖം വന്നത്. അന്ന് മെസ്സി നയിച്ച പി.എസ്.ജി., ക്രിസ്റ്റ്യാനോ നയിച്ച റിയാദ് ഇലവനെ 5-4 ന് പരാജയപ്പെടുത്തിയിരുന്നു.