തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പൗരപ്രമുഖര്‍ക്കായി ഒരുക്കിയ ക്രിസ്മസ് – പുതുവത്സര വിരുന്നിന് ചെലവായത് 15.50 ലക്ഷം രൂപ. തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലിലായിരുന്നു ജനുവരി മൂന്നിന് വിരുന്നൊരുക്കിയത്. ഇതിന് ചെലവായ 15,50,000 രൂപ ജനുവരി 23ന് അനുവദിച്ചിരിക്കുകയാണ് ധനവകുപ്പ്.

കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തിയാണ് ഈ 15.5 ലക്ഷവും അനുവദിച്ചിരിക്കുന്നത്. ഇന്ന് രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കുന്ന അറ്റ് ഹോം വിരുന്നിനും കഴിഞ്ഞ ദിവസം 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. ക്രിസ്മസ്, പുതുവത്സരം, റിപ്പബ്ലിക് ദിനം തുടങ്ങിയ എല്ലാ വിശേഷ ദിവസങ്ങളിലും സര്‍ക്കാരിന്റെ നായകര്‍ വമ്പന്‍ വിരുന്നൊരുക്കുന്നത് പതിവാണ്.

അതേസമയം, മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും കാര്യങ്ങള്‍ക്ക് മാത്രമാണ് കേരളത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലാത്തതെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

പാവപ്പെട്ടവര്‍ക്കുള്ള ആശ്വാസനിധി മുടങ്ങിയിട്ട് കാലങ്ങളായതിനെക്കുറിച്ചും സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങള്‍ മുടങ്ങിയിട്ട് മാസങ്ങളായതിനെക്കുറിച്ചും ധനമന്ത്രി കെ.എന്‍. ബാലഗോപാലിന് പറയാനുള്ളത് സാമ്പത്തിക പ്രതിസന്ധിയാണ്. അതേ ധനവകുപ്പില്‍ നിന്ന് തന്നെ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ആവശ്യംപോലെ വന്‍ തുകകള്‍ അനുവദിക്കുന്നുമുണ്ട്.

ജനുവരി 23നാണ് മുഖ്യമന്ത്രിയുടെ വിരുന്നിന് ചെലവായ തുക അനുവദിച്ച് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. എന്നാല്‍, ഈ ഉത്തരവില്‍ മുഖ്യമന്ത്രിക്കാണ് ഈ തുക അനുവദിച്ചതെന്ന് വ്യക്തമാക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. മന്ത്രിസഭയുടെ ആഘോഷത്തിനും ആതിഥ്യത്തിനും അനുവദിക്കുന്ന 15,50,000 രൂപ അനുവദിക്കുന്നുവെന്നാണ് ഉത്തരവില്‍ പ്രതിപാദിച്ചിരിക്കുന്നത്.