റിയാദ് ∙ മുസ്‍ലിം ഇതര നയതന്ത്ര ഉദ്യോഗസ്ഥർക്കു മാത്രമായി റിയാദിൽ മദ്യവിൽപന ശാല തുറക്കുന്നു. മുസ്‍ലിം ഇതര നയതന്ത്ര ഉദ്യോഗസ്ഥർക്കു ഡിപ്ലോമാറ്റിക് പാർസൽ വഴി മദ്യം കൊണ്ടുവരാനും ഉപയോഗിക്കാനും ഉണ്ടായിരുന്ന അനുമതി ദുരുപയോഗം ചെയ്തതിനെ തുടർന്ന് ഈ മാസം 22 മുതൽ സൗദി അറേബ്യ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിദേശ എംബസികൾ സ്ഥിതി ചെയ്യുന്ന റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിൽ തുറക്കുന്ന പുതിയ കേന്ദ്രത്തിലൂടെ അവർക്ക് നിയന്ത്രിത അളവിൽ മദ്യം ലഭ്യമാക്കുന്നത്.
മൊബൈൽ ആപ്പിൽ റജിസ്റ്റർ ചെയ്ത മുസ്‍ലിം ഇതര നയതന്ത്ര ഉദ്യോഗസ്ഥർക്ക് വിദേശകാര്യ മന്ത്രാലയത്തിൽനിന്ന് ക്ലിയറൻസ് ലഭിച്ചാൽ മാസാന്ത ക്വാട്ട അനുസരിച്ച് ആവശ്യപ്പെടുന്ന മദ്യം എത്തിച്ചുകൊടുക്കും. ഈ കേന്ദ്രത്തിൽ നേരിട്ടെത്തി മദ്യപിക്കാനോ മദ്യം വാങ്ങാനോ സാധിക്കില്ല. നയതന്ത്ര തപാൽ വഴിയുണ്ടായിരുന്ന മദ്യ ഇറക്കുമതി അനുമതിയിലൂടെ അളവിൽ കൂടുതൽ മദ്യം എത്തിച്ച് കരിഞ്ചന്തയിൽ ലഭ്യമാക്കിയതാണ് കർശന നടപടിക്ക് അധികൃതരെ പ്രേരിപ്പിച്ചത് എന്നാണ് സൂചന.
പൊതുജനങ്ങൾക്ക് ഈ കേന്ദ്രത്തിൽനിന്ന് മദ്യം വാങ്ങാനാകില്ല. സൗദി അറേബ്യയിൽ മദ്യപാനത്തിനെതിരെ കർശനമായ നിയമങ്ങളുണ്ട്. നൂറുകണക്കിന് ചാട്ടവാറടി, നാടുകടത്തൽ, പിഴ, അല്ലെങ്കിൽ തടവ് എന്നിവയ്ക്ക് ശിക്ഷിക്കപ്പെടാം, കൂടാതെ പ്രവാസികളും നാടുകടത്തൽ നേരിടേണ്ടിവരും. പരിഷ്കാരങ്ങളുടെ ഭാഗമായി, ചാട്ടവാറടിക്ക് പകരം ജയിൽ ശിക്ഷകൾ ഏർപ്പെടുത്തിയിട്ടുണ്ട്.