തിരുവനന്തപുരം: ഒരുമിച്ച് ഒരേ വേദിയിൽ അടുത്തടുത്തായി ഇരുന്നിട്ടും പരസ്പരം സംസാരിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. കേന്ദ്ര നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു ഗവർണറുടെ റിപ്പബ്ലിക് ദിന പ്രസംഗം. പ്രസംഗത്തിൽ മുഖ്യമന്ത്രിയുടെ പേരെടുത്ത് പറഞ്ഞെങ്കിലും നേരിൽ സംസാരിക്കാൻ ഗവർണർ കൂട്ടാക്കിയില്ല.

കലാപരിപാടികൾ ഒരുമിച്ചിരുന്ന് ആസ്വദിച്ച ഗവർണറും മുഖ്യമന്ത്രിയും പരസ്പരം മുഖം നൽകാതിരിക്കാൻ ശ്രദ്ധിച്ചുവെന്നതാണ് ശ്രദ്ധേയം. ഇതോടെ രാജ്ഭവനിൽ ഗവർണർ ഒരുക്കുന്ന വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തേക്കില്ലെന്നാണ് വിലയിരുത്തൽ. ചടങ്ങ് കഴിഞ്ഞ് മടങ്ങവെ മുഖ്യമന്ത്രിക്ക് ഹസ്തദാനം നൽകാനും ഗവർണർ തയ്യാറായില്ല.

ഗവർണറും സർക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെ ഇന്നലെ നിയമസഭയിലെത്തി നയപ്രഖ്യാപനം വായിച്ച ഗവർണർ എന്നാൽ കേന്ദ്ര വിമർശനം ഉൾക്കൊള്ളുന്ന ഭാഗം വായിക്കാൻ തയ്യാറായിരുന്നില്ല. കേവലം ഒരു മിനുട്ടും 17 സെക്കൻ്റും മാത്രമാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിനായി ചിലവഴിച്ചത്.

മുഖ്യമന്ത്രിയും സ്പീക്കറും നേരിട്ടെത്തി ഗവർണറെ സ്വീകരിച്ചെങ്കിലും ഇരുവരും തമ്മിൽ സംസാരിച്ചില്ല. അവസാന ഖണ്ഡിക വായിച്ച് തീർത്ത ഉടൻ ഗവർണർ സഭ വിട്ടു. ഗവർണർ വായിക്കാത്ത ഭാഗത്താണ് കേന്ദ്രത്തിനെതിരായ വിമർശനമടക്കം ഉൾപ്പെട്ടിരിക്കുന്നത്. ഇതോടെ ഗവർണർക്കെതിരെ മന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കം രംഗത്തെത്തിയിരുന്നു.