തിരുവനന്തപുരം: തൃശൂർ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ് വിശ്വാസികളെ വേദനിപ്പിക്കുന്നതും വർഗീയവാദികൾക്ക് ആയുധം നൽകുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇടത് മുന്നണിയും സി.പി.ഐയും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൃശൂർ എം.എൽ.എയും സി.പി.ഐ നേതാവുമായ പി ബാലചന്ദ്രൻ്റെ ഫേസ് ബുക്ക് പോസ്റ്റ് ദൈവ സങ്കൽപ്പത്തെ അവഹേളിക്കുന്നതും വിശ്വാസികളെ വേദനിപ്പിക്കുന്നതുമാണ്. ഒരു ജനപ്രതിനിധിയിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പരാമർശങ്ങളാണ് പി.ബാലചന്ദ്രൻ നടത്തിയത് – വി.ഡി. സതീശൻ വാർത്താ കുറിപ്പില്‍ വ്യക്തമാക്കി.
വർഗീയതയുടെ വിത്ത് പാകാൻ ശ്രമിക്കുന്ന ശക്തികൾ കേരളീയ സമൂഹത്തിൽ അപകടകരമായ അവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. അത്തരം വർഗീയ വാദികൾക്ക് ആയുധം നൽകുന്ന പ്രസ്താവനയാണ് പി.ബാലചന്ദ്രൻ നടത്തിയത്. തൃശൂർ എം.എൽ.എയുടെ വിവാദ പരാമർശങ്ങൾ എരീതിയിൽ എണ്ണ ഒഴിക്കുന്നതാണ്. അദ്ദേഹത്തിൻ്റെ ഭാഷ തരംതാണതും പ്രയോഗങ്ങൾ അനുചിതവുമാണെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് കൊണ്ട് അതുണ്ടാക്കിയ മുറിവുകൾ ഇല്ലാതാകുന്നില്ല. ഭക്തിയും വിശ്വാസവും ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യങ്ങളാണ്. ക്ഷേത്രാരാധനയിൽ വിശ്വസിക്കുന്നില്ലെന്ന് പരസ്യ നിലപാടെടുത്തവർ, തുടർച്ചയായി വിശ്വാസികളുടെ വികാരങ്ങളെ മുറിവേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ല.
സി.പി.ഐയും ഇടത് മുന്നണിയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. – വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസമാണ് രാമയണവുമായി ബന്ധപ്പെട്ട് തൃശൂര്‍ എം.എല്‍.എ പി. ബാലചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. രാമനും ലക്ഷ്മണനും സീത പൊറോട്ടയും ഇറച്ചിയും വിളമ്പിക്കൊടുത്തെന്ന് പരാമര്‍ശിക്കുന്ന കുറിപ്പാണ് എം.എല്‍.എ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ പി. ബാലചന്ദ്രനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു.
ഫേസ്ബുക്ക് കുറിപ്പ് വിവാദമായതോടെ എം.എല്‍.എ ഖേദം പ്രകടിപ്പിക്കുകയും പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.
‘കഴിഞ്ഞദിവസം എഫ്.ബിയില്‍ ഞാന്‍ ഒരു പഴയ കഥ ഇട്ടിരുന്നു. അത് ആരെയും മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചതല്ല. ഞാന്‍ മിനിട്ടുകള്‍ക്കകം പിന്‍വലിക്കുകയും ചെയ്തു. ഇനി അതിന്റെ പേരില്‍ ആരും വിഷമിക്കരുത്. ഞാന്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുന്നുവെന്നും പി. ബാലചന്ദ്രന്‍ പിന്നീട് വ്യക്തമാക്കി.
പി. ബാലചന്ദ്രന്‍റെ വിവാദ പോസ്റ്റ്
‘രാമന്‍ ഒരു സാധുവായിരുന്നു, കാലില്‍ ആണിയുണ്ടായിരുന്നത് കൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണന്‍ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി സീത മൂന്നു പേര്‍ക്കും വിളമ്പി, അപ്പോള്‍ ഒരു മാന്‍ കുട്ടി അതുവഴി വന്നു. സീത പറഞ്ഞു. രാമേട്ടാ അതിനെ കറിവെച്ച് തരണം. രാമന്‍ മാനിന്‍റെ പിറകേ ഓടി.
മാന്‍ മാരിയപ്പന്‍ എന്ന ഒടിയനായിരുന്നു. മാന്‍ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു നേരം പോയ്. ലക്ഷ്മണന്‍ ഇറച്ചി തിന്ന കൈ നക്കി ഇരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയ് നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടുവാ’.