മോഹൻലാൽ–ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ തിയേറ്ററുകളിൽ ആരവം തീർത്തു മുന്നേറുകയാണ്. ചിത്രത്തിന്റെ ആദ്യ ഷോ കഴിയുമ്പോൾ അറിയുന്നത് വാലിബൻ ഒരു വരവ് കൂടി വരും എന്നാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ് നൽകിയാണ് സിനിമ അവസാനിച്ചത്.

നേരത്തെ തന്നെ മലൈക്കോട്ടൈ വാലിബൻ ഒരു സിനിമയിൽ അവസാനിച്ചേക്കില്ലെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ‘റംബാൻ’ എന്ന സിനിമയുടെ ചിത്രീകരണത്തിനു ശേഷം മോഹൻലാൽ വീണ്ടും ലിജോയുമായി കൈ കോർക്കുന്നുവെന്ന് വാർത്തളും വന്നു. വാലിബന്റെ രണ്ടാം ഭാഗത്തിനായാകും ഇരുവരും വീണ്ടും കൈകോർക്കുക എന്നത് ഉറപ്പിക്കുന്നതാണ് വാലിബന്റെ ക്ലൈമാക്സ്.

മലയാള സിനിമ മുമ്പ് കണ്ടിട്ടില്ലാത്ത ദൃശ്യങ്ങൾ സിനിമയുടെ ക്വാളിറ്റിയെ ഒന്നാമത് നിർത്തുമ്പോൾ സ്ലോ പേസിലുള്ള കഥ പറച്ചിൽ രീതി തൃപ്തികരമല്ലെന്നാണ് സമൂഹമാധ്യമങ്ങളിലെ അഭിപ്രായം. തിളക്കമാർന്ന മോഹൻലാൽ പ്രകടനം സിനിമയ്ക്ക് മുതൽകൂട്ടാണ്. മറ്റ് അഭിനേതാക്കളും പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയിട്ടുണ്ട്.

ഫാന്റസി ത്രില്ലർ ആണ് മലൈക്കോട്ട വാലിബൻ. നായകൻ, ആമേൻ തുടങ്ങിയ ചിത്രങ്ങളിൽ ലിജോയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പി എസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്.