ഏറെ നാളത്തെ പ്രണയത്തിനുശേഷം സിനിമാ-സീരിയൽ താരം സ്വാസിക വിജയിയും സീരിയൽ നടൻ പ്രേം ജേക്കബും വിവാ​ഹിതരായി. വിവാഹ​ ചിത്രങ്ങൾ സ്വാസിക തന്നെ സോഷ്യൽമീഡിയ വഴി പങ്കിട്ടു. ഞങ്ങൾ ഒരുമിച്ച് ജീവിതം നയിക്കാൻ തീരുമാനിച്ചു എന്നാണ് വിവാഹ ചിത്രങ്ങൾ പങ്കിട്ട് സ്വാസിക കുറിച്ചത്. സുരഭി ലക്ഷ്മി അടക്കം നിരവധി താരങ്ങളാണ് സ്വാസികയ്ക്കും പ്രേമിനും ആശംസകൾ‌ അറിയിച്ച് എത്തിയത്.

ചുവപ്പും ​ഗോൾഡൺ നിറവും കലർന്ന പട്ടുസാരിയും അതിനിണങ്ങുന്ന ആഭരണങ്ങളുമണിഞ്ഞ് രാഞ്ജിയെപ്പോലെയാണ് സ്വാസിക വിവാഹത്തിനെത്തിയത്. ക്രീ നിറത്തിലുള്ള ഷേർവാണിയായിരുന്നു പ്രേമിന്റെ വേഷം. ബീച്ച് വെഡ്ഡിങാണ് സ്വാസികയും പ്രേം ജേക്കബും തെരഞ്ഞെടുത്തത്. പ്രേം താലിയണിച്ച് സിന്ദൂരം തൊടുവിച്ചപ്പോൾ സന്തോഷം കൊണ്ട് സ്വാസിക കരയുന്നതും വൈറലായ വീഡിയോകളിൽ കാണാം.

ബീച്ച് വെഡ്ഡിങിന് ശേഷം ബന്ധുക്കൾക്കും കൂട്ടുകാർക്കും സുഹൃത്തുക്കൾക്കുമായി വിവാഹസൽക്കാരവും സ്വാസികയും പ്രേമും ഒരുക്കിയിരുന്നു. നടി മഞ്ജുപിള്ള, സരയു തുടങ്ങി നിരവധി സിനിമാ താരങ്ങളും ഒട്ടനവധി സീരിയൽ താരങ്ങളും വിവാഹ​ത്തിൽ പങ്കെടുക്കാനും ഇരുവർക്കും ആശംസകൾ നേരാനും എത്തിയിരുന്നു. വിവാഹത്തിന് മുന്നോടിയായി സം​ഗീത് നൈറ്റും ഇരുവരും ഒരുക്കിയിരുന്നു. കുറച്ച് ദിവസം മുമ്പാണ് താനും പ്രേമും പ്രണയത്തിലാണെന്നും ജനുവരിയിൽ വിവാഹമുണ്ടാകുമെന്നും സ്വാസിക വെളിപ്പെടുത്തിയത്. പ്രേം ജേക്കബിനെ പ്രപ്പോസ് ചെയ്‍തത് താൻ ആണെന്ന് സ്വാസിക വ്യക്തമാക്കുകയായിരുന്നു. സീരിയിൽ സെറ്റിലാണ് ഇരുവരും കണ്ടുമുട്ടിയത്. ഇരുവരും ഒരു സീരിയലിൽ ഒന്നിച്ചഭിനയിച്ചിരുന്നു.

ഒരിക്കൽ ഒരു റൊമാന്റിങ് രംഗത്തിന് ഇടയിലാണ് പ്രേം ജേക്കബിനോട് നമുക്ക് കല്യാണം കഴിച്ചാലോ എന്ന് ചോദിച്ചത് എന്ന് സാസ്വിക വ്യക്തമാക്കിയിരുന്നു. ഇരുവരും മനംപോലെ മം​ഗല്യം എന്ന സീരിയലിലാണ് ഒരുമിച്ച് അഭിനയിച്ചത്. പ്രണയം പരസ്യപ്പെടുത്തുന്നതിന് മുമ്പും പലതവണ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ സ്വാസികയും പ്രേമും പങ്കുവെച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ വിവാഹവാർത്ത സത്യമാണോ കള്ളമാണോ എന്ന് ആശങ്കയിലായിരുന്നു തുടക്കത്തിൽ ആരാധകർ. ബിസിനസിനൊപ്പം അഭിനയവും മുന്നോട്ട് കൊണ്ടുപോകുന്നയാളാണ് സ്വാസികയുടെ വരൻ പ്രേം ജേക്കബ്.

പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർത്ഥ പേര്. വൈഗ എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. 2010ൽ റിലീസ് ചെയ്ത ഫിഡിലാണ് സ്വാസികയുടെ ആദ്യ മലയാള സിനിമ. ടെലിവിഷൻ സീരീയലുകളിലൂടെയാണ് സ്വാസിക ആദ്യകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നീ സിനിമകളിലെ നടിയുടെ കഥാപാത്രങ്ങൾ ശ്രദ്ധേയമാണ്. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് 2019ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടുകയും ചെയ്തിരുന്നു സ്വാസിക. വിവേകാനന്ദൻ വൈറലാണെന്ന സിനിമയാണ് സ്വാസികയുടെ ഏറ്റവും പുതിയ റിലീസ്.