തിരുവനന്തപുരം: നയപ്രഖ്യാപനത്തിൽ തീരദേശത്തോട് അവഗണന. തീരദേശ ജനങ്ങളുടെ കാതലായ വിഷയങ്ങളിൽ നയപ്രഖ്യാപനം മൗനം പുലർത്തുകയാണ്.

സംസ്ഥാനത്തിൻ്റെ സ്വന്തം സൈന്യത്തെ കുറിച്ച് നയ പ്രഖ്യാപനം ( ഖണ്ഡിക 32) ഒരു പാരഗ്രാഫിൽ ഒതുക്കി. കഴിഞ്ഞ തവണ നയ പ്രഖ്യാപനത്തിൽ 3 പാരഗ്രാഫുകളിൽ തീരദേശ മേഖല സ്ഥാനം പിടിച്ചിരുന്നു ( ഖണ്ഡിക 21 മുതൽ 23 വരെ). ഓഖി ക്ക് ശേഷം തീരദേശ മേഖലക്കായി പല ബജറ്റുകളിലായി 10000 കോടിയുടെ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പിലായില്ല.

പ്രഖ്യാപിച്ച തീരദേശപാക്കേജിൽ എത്ര തുക ചെലവഴിച്ചു എന്ന് ധനമന്ത്രിയോട് നിയമസഭയിൽ പല ആവർത്തി ചോദ്യങ്ങൾ ഉന്നയിക്കുമ്പോഴും ” വിവരം ശേഖരിച്ചു വരുന്നു ” എന്ന അവ്യക്തമായ മറുപടിയാണ് ലഭിക്കുന്നത്. പാക്കേജിനെ കുറിച്ച് സർക്കാർ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ് എന്നർത്ഥം.

നയപ്രഖ്യാപനത്തിൽ തീരദേശത്തെ കുറിച്ച് പറയുന്നതിങ്ങനെ ” തീരദേശ വാസികളുടെ പ്രശ്നങ്ങളും പരാതികളും പഠിക്കാനും പരിഹാര നടപടികൾ സ്വീകരിക്കാനും സംസ്ഥാനത്തെ തീരദേശ മണ്ഡലങ്ങളിൽ മൽസ്യബന്ധന വകുപ്പ് തീരസദസ് സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മൽസ്യബന്ധന അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം ഉയർത്തുന്നതിന് സർക്കാർ മുൻഗണന നൽകുന്നു.

മത്സ്യ മാർക്കറ്റുകൾ, പ്രീ പ്രോസസിംഗ്, മൂല്യവർദ്ധന – വിപണനസൗകര്യങ്ങൾ എന്നിവ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ ശ്രദ്ധ കേന്ദ്രികരിക്കുന്നു. കൂടുതൽ പദ്ധതികൾ വരും വർഷത്തിൽ ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് സജീവമായി നടപ്പാക്കും “.