തിരുവനന്തപുരം: കേരളീയം പരിപാടിക്ക് 10 കോടി രൂപ അധിക ഫണ്ട് അനുവദിച്ച് ധനമന്ത്രി ബാലഗോപാല്‍.

ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് 10 കോടി രൂപ കേരളീയം പരിപാടിക്ക് അധിക ഫണ്ടായി അനുവദിക്കണമെന്ന് ബാലഗോപാലിനോട് ഡിസംബര്‍ 23ന് ആവശ്യപ്പെട്ടിരുന്നു.

ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി ഈ മാസം 23 നാണ് ധനവകുപ്പ് അധിക ഫണ്ട് അനുവദിച്ചിരിക്കുന്നത്. കേരളീയം പരിപാടിക്ക് ടൂറിസം വകുപ്പിന് ചെലവായ തുകയാണ് അനുവദിച്ചതെന്നാണ് ധനവൃത്തങ്ങളില്‍ നിന്ന് അറിയുന്നത്. 27 കോടി രൂപ കേരളീയം പരിപാടിക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നേരത്തെ അനുവദിച്ചിരുന്നു. സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് ബാക്കി തുക കണ്ടെത്തിയത്.

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ മാനിക്കാതെയാണ് കോടികള്‍ ചെലവിട്ടുള്ള കേരളീയ പരിപാടി നടത്തിയത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന്റെ പേരില്‍ എവിടെ നിന്നൊക്കെയാണ് പണം എത്തിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ല.

വന്‍ സെലിബ്രിറ്റികളെയും വേണ്ടപ്പെട്ടവരെയും ലക്ഷക്കണക്കിന് രൂപ ചെലവിട്ട് ആനയിച്ചു കൊണ്ടുവന്ന് മുഖ്യമന്ത്രിയെക്കുറഇച്ച് മുഖസ്തുതി പറയിപ്പിക്കുക മാത്രമായിരുന്നു കേരളീയത്തില്‍ സംഭവിച്ചതെന്ന വിമര്‍ശനം ശക്തമാണ്. ആ പരിപാടിക്കാണ് ഇപ്പോള്‍ വീണ്ടും 10 കോടി രൂപ അനുവദിച്ചിരിക്കുന്നത്.