‘ജന്തു പരാമര്‍ശം കലാപമുണ്ടാക്കാനുള്ള ശ്രമം’; ശ്രീനിജിന്‍ MLAയെ അപമാനിച്ചെന്ന് പരാതി; സാബു എം ജേക്കബിനെതിരെ കേസെടുത്തു |P V Sreenijin MLA and Sabu M Jacob

Sabu M Jacob and P V Sreenijin MLA

കൊച്ചി: പിവി ശ്രീനിജിൻ എംഎല്‍എയെ പൊതുവേദിയില്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ ട്വന്‍റി 20 പാര്‍ട്ടി ചെയര്‍മാൻ സാബു എം ജേക്കബിനെതിരെ പൊലീസ് കേസെടുത്തു.

സി.പി.എം പ്രവര്‍ത്തകനായ ജോഷി വര്‍ഗീസിന്‍റെ പരാതിയില്‍ എറണാകുളം പുത്തൻ കുരിശ് പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്വന്‍റി 20 ഞായറാഴ്ച്ച കോലഞ്ചേരിയിൽ നടത്തിയ സമ്മേളനത്തിലെ പ്രസംഗത്തിന്‍റെ പേരിലാണ് സാബു എം ജേക്കബിനെതിരെ പൊലീസ് കേസെടുത്തത്.

കലാപമുണ്ടാക്കാൻ ഉദ്ദേശിച്ചുള്ള പ്രകോപന പ്രസംഗം എന്നാണ് എഫ്ഐആറിലുള്ളത്. ജാമ്യം ലഭിക്കാവുന്ന 153 വകുപ്പാണ് പൊലീസ് സാബു എം ജേക്കബിനെതിരെ ചുമത്തിയിട്ടുള്ളത്. പ്രസംഗത്തിലൂടെ പി വി ശ്രീനിജിൻ എംഎല്‍എയെ ഇകഴ്ത്തികാണിക്കാനും മോശക്കാരനായി ചിത്രീകരിക്കാനും ശ്രമിച്ചതായി എഫ് ഐ ആറിലുണ്ട്.

പി വി ശ്രീനിജിൻ എം എല്‍ എയെക്കൂടാതെ സി പി എം പ്രവര്‍ത്തകാരായ ശ്രുതി ശ്രീനിവാസൻ, ജോഷി വര്‍ഗീസ് എന്നിവരും സാബു എം ജേക്കബിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ ജോഷി വര്‍ഗീസിന്‍റെ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

എന്നാല്‍ വ്യക്തിപരായ ഒരു അധിക്ഷേപവും ആര്‍ക്കുമെതിരേയും നടത്തിയിട്ടില്ലെന്നാണ് സാബു എം ജേക്കബിന്‍റെ വിശദീകരണം. പ്രസംഗത്തിലെവിടെയും എംഎല്‍എയെന്നോ പേരോ പരാമര്‍ശിച്ചിട്ടില്ല. ട്വന്റി 20 പാര്‍ട്ടി കൂടുതല്‍ പഞ്ചായത്തുകളില്‍ സ്വാധീനമുറപ്പിക്കുകയാണ്. ഇതിലുള്ള അസഹിഷ്ണുതയാണ് പരാതിക്കു പിന്നിലെന്നും കലാപാഹ്വാനം നടത്തുന്നത് സിപിഎമ്മാണെന്നും സാബു എം ജേക്കബ് വിശദീകരിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments