പാക് നടി സന ജാവേദിനെ പാകിസ്ഥാൻ ക്രിക്കറ്റർ ഷൊയ്ബ് മാലിക് വിവാഹം കഴിച്ചതായുള്ള വാർത്ത അടുത്തിടെ വലിയ ചർച്ചയായിരുന്നു. ഇന്ത്യൻ ടെന്നീസ് റാണി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാനിയ മിർസയുമായി വേർപിരിഞ്ഞ ശേഷം മൂന്നാം വിവാഹം കഴിക്കുകയായിരുന്നു മാലിക്. സനയ്ക്കും സാനിയക്കും മുമ്പ് മറ്റൊരു വിവാഹവും ഷൊയ്ബ് മാലിക് കഴിച്ചിരുന്നു. മാലിക് വഴിപിരിഞ്ഞെങ്കിലും സാനിയ മിർസയ്ക്ക് എല്ലാ പിന്തുണയും നൽകുകയാണ് കായികപ്രേമികൾ. സാനിയ സോഷ്യൽ മീഡിയയായ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രത്തിന് താഴെയാണ് നിരവധി ആരാധകർ പിന്തുണയുമായി രംഗത്തെത്തിയത്.

റിഫ്ലക്ട് (Reflect) എന്ന തലക്കെട്ടോടെ തൻറെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു സാനിയ മിർസ. ഒരു കണ്ണാടിയിൽ മുഖം നോക്കുന്ന സാനിയയാണ് ചിത്രത്തിൽ. സാനിയ ചിത്രം പോസ്റ്റ് ചെയ്ത് മിനുറ്റുകൾക്കുള്ളിൽ തന്നെ ലൈക്കുകളുടെ പ്രവാഹമെത്തി. നൂറുകണക്കിന് ആരാധകർ ഫോട്ടോയ്ക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തുകയും ചെയ്തു. സാനിയ മിർസയ്ക്കുള്ള ബഹുമാനമാണ് ഈ കമൻറ് എന്നായിരുന്നു ഒരു ആരാധകൻറെ പ്രതികരണം. അതേസമയം ഷൊയ്ബ് മാലിക്കിനെ വെറുക്കുന്നവർ കമൻറുകൾ ചെയ്യാൻ ആഹ്വാനം ചെയ്ത ആരാധകരുമുണ്ട്. എന്തായാലും മാലിക്കുമായി പിരിയാനുള്ള തീരുമാനമെടുത്ത സാനിയയെ വാഴ്ത്തിപ്പാടുകയാണ് ഇൻസ്റ്റയിൽ ആരാധകർ. വെറും ഒൻപത് മണിക്കൂർ കൊണ്ട് മൂന്ന് ലക്ഷത്തോളം ലൈക്ക് ചിത്രം ഇതിനകം നേടിക്കഴിഞ്ഞു.

പാക് നടി സന ജാവേദിനെ കല്യാണം കഴിച്ചതായി ഷൊയ്ബ് മാലിക് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ വിവാഹ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് അറിയിച്ചത്. വിവാഹ വാർത്തക്ക് പിന്നാലെ ഇൻസ്റ്റഗ്രാമിൽ സന ജാവേദ് പ്രൊഫൈൽ പേര് സന ഷൊയ്ബ് മാലിക്ക് എന്നാക്കുകയും ചെയ്തു. മാലിക്കിൻറെ മൂന്നാമത്തെയും സന ജാവേദിൻറെ രണ്ടാം വിവാഹവുമാണിത്. 2010ൽ ഇന്ത്യൻ ടെന്നീസ് റാണി സാനിയ മിർസയുമായി ഷൊയ്ബ് വിവാഹിതനായിരുന്നു. ഈ വിവാഹത്തിൽ ഇവർക്ക് ഒരു കുട്ടിയുണ്ട്. കുറച്ചു കാലമായി ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നത്. സാനിയ മിർസ മുൻകൈ എടുത്ത് ഷൊയ്‌ബ് മാലിക്കിൽ നിന്ന് വിവാഹമോചനം നേടുകയായിരുന്നു.