തിരുവനന്തപുരം : പ്രതിപക്ഷ സർവീസ് സംഘടനകളുടെ പണിമുടക്ക് സർക്കാരിന് വെല്ലുവിളിയാകുന്നു . 1400 ജീവനക്കാർ ഒരുമിച്ച് പണിമുടക്കിയതോടെ സെക്രട്ടേറിയേറ്റ് പ്രവർത്തനം തടസ്സപ്പെട്ടു. നിലവിൽ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫുകൾ അടക്കം 3683 ജീവനക്കാരിൽ നിന്ന് 1400 ജീവനക്കാർ ഒരുമിച്ച് പണിമുടക്കിയത് സർക്കാരിന് തലവേദനയായിരിക്കുകയാണ്.

സെക്രട്ടറിയേറ്റിൽ ജോലി ചെയ്യുന്നവരിൽ 600 പേരാണ് പേഴ്സണൽ സ്റ്റാഫായി ജോലി ചെയ്യുന്നത് . പ്രതിപക്ഷ സർവീസ് സംഘടനകളുടെ പണിമുടക്കിലൂടെയാണ് പേഴ്സണൽസ്റ്റാഫിനെ ഒഴിച്ച് നിറുത്തിയാൽ 1683 ജീവനക്കാർ മാത്രമേ ഉള്ളൂ സെക്രട്ടേറിയേറ്റിൽ ജോലിചെയ്യാനുള്ളൂ എന്നത് സർക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ്.

അതേ സമയം പ്രതിപക്ഷ സർവീസ് സംഘടനകളുടെ പണിമുടക്കിനിടെ സെക്രട്ടേറിയേറ്റിന് മുന്നിൽ നേരിയ സംഘർഷം ഉണ്ടായിരുന്നു. സമരക്കാർക്കെതിരെ ഭരണാനുകൂല സംഘടനാ പ്രവർത്തകർ സംഘടിച്ചെത്തി. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി.

ജോലിക്കെത്തിയവരെ സമരക്കാർ തടഞ്ഞു. ഭിന്നശേഷിക്കാരായ ജീവനക്കാരെ തടഞ്ഞത് ചോദ്യം ചെയ്യാൻ ഭരണാനുകൂല സംഘടനകൾ എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്. തുടർന്ന് ഇരുകൂട്ടർക്കുമിടയിൽ കൂടുതൽ സംഘർഷമുണ്ടാകുന്നത് പോലീസ് തടഞ്ഞു. സമരം പൊളിക്കാനാണ് ഭരണാനുകൂല സംഘടനകൾ ശ്രമിച്ചതെന്ന് സമരക്കാർ ആരോപിച്ചു.

പ്രതിപക്ഷ സർവീസ് സംഘടനകളുടെ സമരത്തിനെതിരെ നേരത്തേ സർക്കാർ ഡയസ്‌നോൻ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുമാണ് ബുധനാഴ്ച പണിമുടക്കുന്നത്. യു.ഡി.എഫ്, ബി.ജെ.പി. സര്‍വീസ് സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. അതേസമയം പണിമുടക്ക് രാഷ്ട്രീയപ്രേരിതമാണെന്നും ജീവനക്കാര്‍ തള്ളിക്കളയണമെന്നും എന്‍.ജി.ഒ. യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു.