തിരുവനന്തപുരം: സംസ്ഥാനത്ത് ധനപ്രതിസന്ധി രൂക്ഷമായതോടെ സിപിഎമ്മിന്റെ പ്രഖ്യാപിത നയത്തില്‍ നിന്ന് മാറി ചിന്തിച്ച് പിണറായി സര്‍ക്കാര്‍. സ്വകാര്യനിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതാകും സംസ്ഥാന ബജറ്റെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വ്യക്തമാക്കി.

വരുമാനം കിട്ടുന്ന നിക്ഷേപപദ്ധതികള്‍ ബജറ്റില്‍ അവതരിപ്പിക്കുമെന്നാണ് ബജറ്റിനെക്കുറിച്ച് ധനമന്ത്രി വ്യക്തമാക്കുന്നത്. കേരളത്തിനുള്ള കേന്ദ്ര വിഹിതത്തില്‍ ഈ സാമ്പത്തികവര്‍ഷത്തേക്കാള്‍ വെട്ടിക്കുറവ് അടുത്ത വര്‍ഷമുണ്ടാകുമെന്നാണ് ആശങ്കയെന്നും ബാലഗോപാല്‍ വെളിപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധി കടുത്തതോടെയാണ് സുപ്രധാന നയംമാറ്റത്തിന് കളമൊരുങ്ങിയത്.

അഞ്ചാം തീയതി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിക്കുന്നത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അസാധാരണ ബജറ്റാകുമെന്ന സൂചനയാണ് ധനമന്ത്രി നല്‍കിയത്. സ്വകാര്യമേഖലയ്ക്ക് ബജറ്റില്‍ വലിയ പ്രാമുഖ്യം ലഭിക്കും. കേരളത്തെ ധനപരമായി ഞെരുക്കാന്‍ ശ്രമിക്കുന്ന കേന്ദ്രത്തിന് കേരളജനത ഒന്നിച്ചു നിന്ന് മറുപടി നല്‍കുമെന്ന പ്രതീക്ഷ പങ്കുവച്ചാണ് ബാലഗോപാല്‍ പ്രഖ്യാപനങ്ങള്‍ക്കൊരുങ്ങുന്നത്. കേരളത്തിനുള്ള കേന്ദ്രവിഹിതം അടുത്ത വര്‍ഷം കൂടുതല്‍ കുറയുമെന്ന ആശങ്കയാണ് ജനങ്ങളുടെ കയ്യിലുള്ള പണം നിക്ഷേപമാക്കിമാറ്റുന്നതിനുള്ള ശ്രമത്തിന് കാരണമായി ധനമന്ത്രി പറയുന്നത്.

ക്ഷേമപെന്‍ഷന്‍ കൊടുക്കാനോ വികസനപദ്ധതികള്‍ നടപ്പിലാക്കാനോ കയ്യില്‍ നയാപൈസയില്ലാത്ത സ്ഥിതിയിലാണ് സര്‍ക്കാരെന്നതാണ് യാഥാര്‍ഥ്യം. കേന്ദ്രം സംസ്ഥാനത്തിന്റെ വായ്പാപരിധിയില്‍ ഉള്‍പ്പെടുത്തുമെന്നതിനാല്‍ കിഫ്ബി വഴിപോലും വായ്പയെടുക്കാനാവില്ല.

ജനങ്ങളുടെ കയ്യിലുള്ള പണം വികസനപദ്ധതികള്‍ക്കായി പ്രതീക്ഷിക്കുകയല്ലാതെ മറ്റുമാര്‍ഗമില്ല. കഴിഞ്ഞ സി.പി.എം സംസ്ഥാന സമ്മേളനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച വികസനരേഖയുടെ ചുവടുപടിച്ചാണ് പുതിയ ബജറ്റ് വരുന്നത്. സ്വകാര്യ വ്യവസായപാര്‍ക്കുകള്‍, ഉന്നതവിദ്യാഭ്യാസഗവേഷണരംഗത്തെ പങ്കാളിത്തം പോലെയുള്ള പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ ബജറ്റില്‍ ഇടംപിടിച്ചത് വരാനിരിക്കുന്നതിന്റെ സൂചന മാത്രമായിരുന്നു.