തിരുവനന്തപുരം : നടൻ മോഹൻലാലിനെതിരെ സൈബർ ആക്രമണം. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് നേരിട്ട് ക്ഷണം ലഭിച്ചിട്ടും ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കാത്തിന്റെ പേരിലാണ് സൈബർ ആക്രമണം നടത്തുന്നത്. താരത്തിന്റെ സോഷ്യൽമീഡിയ അകൗണ്ടിലൂടെ ഒരു വിഭാഗം സൈബർ ആക്രമണം തുടരുകയാണ്.

ചടങ്ങില്‍ പങ്കെടുത്തതും അയോധ്യയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റും താരം ഷെയര്‍ ചെയ്യാത്തതുമാണ് സൈബർ ആക്രമികൾക്ക് ഇരയായി മോഹൻലാൽ മാറാൻ കാരണമെന്നാണ് നി​ഗമനം . ഇന്നലെയും ഇന്നുമായി പുതിയ സിനിമയായ മലൈക്കോട്ടൈ വാലിബനുമായി ബന്ധപ്പെട്ട പ്രൊമോഷന്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിന് താഴെ മോഹന്‍ലാലിനെ വിമര്‍ശിച്ചുകൊണ്ട് നിരവധിപേര്‍ കമന്റ് ഇടുകയാണ്.

‘ശ്രീരാമ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ വലിയ വിഷമവും വേദനയും തോന്നുന്നു. മതഭ്രാന്തന്മാരെയും ഹൈന്ദവദ്രോഹികളെയും ഭയന്ന് ജീവിക്കുന്നത് മരണതുല്യമാണ്. ഇതിന് അയോധ്യയില്‍ പോയി ഭഗവാനെ കണ്ടു പ്രായശ്ചിത്തം ചെയ്യുക. താങ്കള്‍ക്ക് സദ്ബുദ്ധി ഭഗവാന്‍ നല്‍കട്ടെയെന്ന് ആശംസിക്കുന്നു.

ഇനി മുതല്‍ നിങ്ങളുടെ ഒരു സിനിമ പോലും ഞാനോ എന്റെ കുടുംബമോ കാണില്ല. ഇനി നിങ്ങളോട് സ്‌നേഹമില്ല’- തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. അതേസമയം മോഹൻലാലിന് പിന്തുണയുമായും വേറെ ഒരു വിഭാഗം രം​ഗത്ത് ഉണ്ട് .