കാനഡ : വിദേശ വിദ്യാർത്ഥികൾ കാനഡയിലേക്ക് വരുന്നത് നിയന്ത്രിക്കാൻ നിർണായക തീരുമാനവുമായി കാനഡ . വിദേശ വിദ്യാർത്ഥികൾക്ക് നൽകുന്ന പെർമിറ്റുകളുടെ എണ്ണത്തിൽ മൂന്നിലൊന്നിന്റെ കുറവ് വരുത്താനാണ് കാന‍ഡയുടെ തീരുമാനം . കഴിഞ്ഞ വർഷത്ത് കാനഡയിലെത്തിയ വിദ്യാർത്ഥികളുടെ കണക്കുകൾ പരി​ഗണിച്ച് അതിൽ 35 ശതമാനം പരിമിതപ്പെടുത്തി.

കാനഡയിലെ കുടിയേറ്റ മന്ത്രി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു . പുതിയ നിയന്ത്രണത്തോടെ ഈ വർഷം ഏതാണ്ട് 3,64,000 വിദേശ വിദ്യാർത്ഥികളായിരിക്കും വിവിധ രാജ്യങ്ങളിൽ നിന്ന് കാനഡയിൽ എത്തുകയെന്നാണ് പ്രതീക്ഷ. 2023ലെ കണക്കുകൾ പ്രകാരം 35 ശതമാനത്തിന്റെ കുറവാണിത്.

ഈ വർഷത്തേക്ക് മാത്രമാണ് തീരുമാനമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അടുത്ത വർഷം എങ്ങനെയായിരിക്കണം എന്നുള്ള കാര്യം ഈ വർഷത്തിന്റെ അവസാനത്തോടെയാണ് തീരുമാനിക്കുകയുള്ളൂ . രാജ്യത്തെ ഭവന സൗകര്യങ്ങൾക്കും സാമൂഹിക സേവനങ്ങൾക്കും വർദ്ധിച്ച ആവശ്യകത ഉണ്ടായിരിക്കുന്ന സാഹചര്യത്തിലാണ് ഈ പരിധി.

എന്നാൽ ഇപ്പോൾ കൊണ്ടുവരുന്ന നിയന്ത്രണം ബിരുദാനന്തര ബിരുദ, ഡോക്ടറൽ ബിരുദ വിദ്യാർത്ഥികൾക്കും എലമെന്ററി, സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കും ബാധകമായിരിക്കില്ല. വിദേശ വിദ്യാർത്ഥികൾക്ക് രാജ്യത്ത് തൊഴിൽ പെർമിറ്റ് നേടാനുള്ള യോഗ്യതയും നിയന്ത്രിക്കുമെന്ന് കുടിയേറ്റ മന്ത്രി മാർക് മില്ലർ മോണ്ട്രിയാലിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.