തിരുവനന്തപുരം: ഭാര്യയുടെ ചികിൽസക്ക് ചെലവായ പണം വേണമെന്ന വൈദ്യുത മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ ആവശ്യം അംഗീകരിച്ച് സർക്കാർ. കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലും പാലക്കാട് ലക്ഷ്മി ഹോസ്പിറ്റലിലും ആയിരുന്നു മന്ത്രി കെ.കൃഷ്ണൻ കുട്ടിയുടെ ഭാര്യ വിലാസിനിയുടെ ചികിൽസ .

32,261 രൂപ ചെലവായെന്നും പണം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി കൃഷ്ണൻ കുട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ചികിൽസക്ക് ചെലവായ പണം അനുവദിക്കാൻ മുഖ്യമന്ത്രി അനുമതി നൽകിയതോടെ ഈ മാസം 16 ന് പൊതുഭരണ വകുപ്പിൽ നിന്ന് പണം അനുവദിച്ച് ഉത്തരവും ഇറങ്ങി. സർക്കാർ ആശുപത്രികളോട് മന്ത്രിയെ പോലെ ഭാര്യയ്ക്കും അലർജിയാണ്.

നേരത്തെ, വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടേയും ഭാര്യയുടേയും സ്വകാര്യ ആശുപത്രിയിലെ ചികിൽസക്ക് 15 ലക്ഷം അനുവദിച്ചിരുന്നു. . പാലക്കാട് ലക്ഷ്മി ആശുപത്രി, കൊച്ചി ആസ്റ്റർ മെഡിസിറ്റി, കോയമ്പത്തൂർ കോവയ് മെഡിക്കൽ സെന്റർ, ചെന്നെ അപ്പോളോ ആശുപത്രി, ചിറ്റൂർ ഡെന്റൽ കെയർ ഓർത്തോഡെന്റിക് ആന്റ് ഇംപ്ലാന്റ് സെന്റർ എന്നിവിടങ്ങളിലാണ് മന്ത്രി കൃഷ്ണൻ കുട്ടി ചികിൽസ തേടിയത്.

ചെന്നൈ അപ്പോളോ ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ മന്ത്രി കൃഷ്ണൻ കുട്ടി ചികിൽസ തേടിയത് 2022 ആഗസ്ത് 29 മുതൽ സെപ്റ്റംബർ 2 വരെയായിരുന്നു. 8, 44, 274 രൂപ യാണ് അപ്പോളയിലെ ചികിൽസക്ക് കൃഷ്ണൻ കുട്ടിക്ക് അനുവദിച്ചത്.

കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലും പാലക്കാട് ലക്ഷ്മി ആശുപത്രിയിലും ആണ് മന്ത്രി പത്നി ചികിൽസ തേടിയത്. ആരോഗ്യ കേരളം നമ്പർ വൺ എന്ന് അവകാശപ്പെടുമ്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും ചികിൽസ തേടുന്നത് സ്വകാര്യ ആശുപത്രിയിലാണ്.

മുഖ്യമന്ത്രിയുടേയും ഭാര്യയുടേയും സ്വകാര്യ ആശുപത്രിയിലെ ചികിൽസക്ക് 75 ലക്ഷം രൂപ അനുവദിച്ചത് മലയാളം മീഡിയ പുറത്ത് വിട്ടിരുന്നു. മുഖ്യമന്ത്രി ചികിൽസ തേടിയത് അമേരിക്കയിലെ മയോ ക്ലിനിക്കിൽ ആയിരുന്നു. 3 തവണയാണ് മയോ ക്ലിനിക്കിൽ മുഖ്യമന്ത്രി ചികിൽസ തേടിയത്.

2 തവണത്തെ ചികിൽസ ചെലവാണ് അനുവദിച്ചത്. മയോ ക്ലിനിക്കിൽ മൂന്നാമത് ചികിൽസ തേടിയതിന് ചെലവായ തുക മുഖ്യമന്ത്രിക്ക് ഉടൻ അനുവദിക്കും. മന്ത്രി ശിവൻ കുട്ടിയും ഭാര്യയും ചികിൽസ തേടിയത് കിംസ് ഹോസ്പിറ്റലിലും ജ്യോതി ദേവ് ഡയബറ്റിക് സെന്ററിലും ആയിരുന്നു. 12 ലക്ഷം രൂപയാണ് ഇരുവരുടേയും സ്വകാര്യ ആശുപത്രിയിലെ ചികിൽസക്ക് സർക്കാർ ഖജനാവിൽ നിന്ന് നൽകിയത്.

മന്ത്രി ആന്റണി രാജു, മന്ത്രിയുടെ മകൻ , മകൾ, അമ്മ, ഭാര്യ എന്നിവരും ചികിൽസ തേടിയത് സ്വകാര്യ ആശുപത്രിയിലാണ്. 3 ലക്ഷം രൂപയാണ് ആന്റണി രാജുവിന് അനുവദിച്ചത്. തദ്ദേശ മന്ത്രി എം.ബി രാജേഷും ഭാര്യയും ചികിൽസ തേടിയത് കൊച്ചിയിലെ ലിസി ഹോസ്പിറ്റലിൽ ആണ്. 2.45 ലക്ഷം രൂപയാണ് ഇരുവരുടേയും ചികിൽസക്കായി ഖജനാവിൽ നിന്ന് അനുവദിച്ചത്. മന്ത്രി ബിന്ദു പല്ലിന്റെ ചികിൽസക്ക് പോയതും സ്വകാര്യ ആശുപത്രിയിലാണ്. സർക്കാർ ആശുപത്രികളെ വിശ്വാസമില്ലാത്തവരിൽ മുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും എന്ന് വ്യക്തം.