ഡ്രൈവിംഗ് ലൈസൻസ് കൈയിൽ കിട്ടണമെങ്കിൽ ഇനി വെറും ‘H’ എടുത്താൽ മാത്രം പോര. സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിക്കാൻ തീരുമാനമായി. ഇതിന്റെ ഭാഗമായി ഡ്രൈവിംഗ് ടെസ്റ്റിലും ലേണേഴ്‌സ് പരീക്ഷയിലും മാറ്റം വരുത്തികൊണ്ടുള്ള പരിഷ്‌കാരങ്ങൾ നിർദേശിക്കാൻ 10 അംഗ കമ്മിറ്റിയെ ഗതാഗതവകുപ്പ് നിയോഗിച്ചു. സീനിയർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ അധ്യക്ഷനായി സമിതി ഒരാഴ്ചചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

ഡ്രൈവിംഗ് ടെസ്റ്റിൽ ഇനി ‘H’ന് പകരം വളഞ്ഞു പുളഞ്ഞ് മുന്നോട്ടും പുറകോട്ടും വാഹനം എടുക്കേണ്ടി വരും. റോഡിൽ വാഹനം മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥന്റെ മുന്നിൽ ഓടിച്ചു കാണിക്കണം. ഡ്രൈവിംഗ് ടെസ്റ്റിനിടെ പാർക്കിംഗ് പരീക്ഷയും നടത്തും. നിശ്ചിത ബോക്സിലേക്ക് മുന്നോട്ടും പുറകോട്ടും കയറ്റി പാർക്ക് ചെയ്യാനുള്ള ഡ്രൈവറുടെ കഴിവ് പരീക്ഷിക്കും. ഉദ്യോഗസ്ഥർ പറയുമ്പോൾ പാർക്ക് ചെയ്ത് കാണിക്കണം.

ലേണേഴ്‌സ് ടെസ്റ്റിൽ ഇനി മുതൽ 30 ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ഇതിൽ ഇരുപത്തിയഞ്ച് ചോദ്യങ്ങൾക്ക് ശരിയുത്തരം കണ്ടെത്തണം. ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവർത്തനത്തിലും മാറ്റം വരും. എല്ലാം ക്യാമറയിൽ പകർത്തും. ഒരു ദിവസം പരമാവധി 20 ലൈസൻസ് മാത്രം ഒരു ഓഫീസ് നൽകിയാൽ മതിയെന്നതാണ് മറ്റൊരു സുപ്രധാന മാറ്റം. സമിതിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ തന്നെ ഉത്തരവിറക്കാനാണ് തീരുമാനം.