തെരഞ്ഞെടുപ്പ് രാഷ്ട്രിയത്തിലേക്കില്ലെന്ന് ഡോ.ഗീവർഗീസ് കുറിലോസ്. മാധ്യമം ആഴ്ചപതിപ്പിലെ അഭിമുഖത്തിലാണ് കുറിലോസ് നയം വ്യക്തമാക്കിയത്.

യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രോപ്പോലിത്ത പദവിയിൽ നിന്ന് അടുത്തിടെ ഒഴിഞ്ഞ കുറിലോസ് തിരുമേനി തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു.

കക്ഷിരാഷ്ട്രിയത്തിലോ തെരഞ്ഞെടുപ്പ് രാഷ്ട്രിയത്തിലോ താൽപര്യമില്ലെന്നും ചില രാഷ്ട്രിയ പാർട്ടികളിലും പ്രസ്ഥാനങ്ങളിലും നല്ല വ്യക്തിബന്ധങ്ങൾ ഉണ്ടെന്നും പറഞ്ഞു. “ഏതെങ്കിലും ഒരു പാർട്ടിയോട് പ്രത്യേക മമത ഇല്ല. തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതും പാർട്ടി രാഷ്ട്രിയത്തിൽ ഇടപെടുന്നതും തെറ്റാണെന്ന അഭിപ്രായം ഇല്ല.

ലാറ്റിനമേരിക്കയിൽ വിമോചന ദൈവശാസ്ത്രത്തിൽ കൂടി കടന്ന് വന്ന പുരോഹിതൻമാരും ബിഷപ്പുമാരുമൊക്കെ രാഷ്ട്രീയത്തിൽ വരികയും അധികാരസ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് അത്തരം താൽപര്യങ്ങളില്ലെന്നും കുറിലോസ് വ്യക്തമാക്കി.ഇരപക്ഷത്താണ് എൻ്റെ രാഷ്ട്രീയമെന്ന് വ്യക്തമാക്കിയ കുറിലോസ് ഇടതുപക്ഷം പാടെ മാറിയെന്നും കുറ്റപ്പെടുത്തി.

ഇടതുപക്ഷത്തെ കുറിച്ച് കുറിലോസ് പറഞ്ഞത് ഇങ്ങനെ “കട്ടൻ ചായയും പരിപ്പ് വടയും ഇപ്പോഴും നിലനിർത്തണം എന്നല്ല പറയുന്നത്. അതിന് കാലികമായ മാറ്റങ്ങൾ വന്നോട്ടെ. എന്നാൽ അതിൻ്റെ സ്ഥാനത്ത് കൊക്കക്കോളയും ഹാംബർഗും വരുമ്പോൾ അതൊരു ഡി.എൻ.എ മാറ്റമാണ്.

സമ്പത്തിൻ്റെ സ്വാധീനം , അഴിമതി, ധൂർത്ത്, അധികാരത്തോടുള്ള ആർത്തി, ഇതിനു വേണ്ടിയുള്ള പ്രത്യയശാസ്ത്രപരമായ വിട്ടുവീഴ്ചകൾ ഇതെല്ലാം ഇന്നത്തെ ഇടതുപക്ഷത്തെ പാടെ മാറ്റിയിരിക്കുന്നു.

അതുകൊണ്ടാണ് ഇരപക്ഷത്താണ് എൻ്റെ രാഷ്ട്രീയം എന്ന് ഞാൻ പറയുന്നത്”. പൗരോഹിത്യത്തെ അടിമുടി ജാതി മേൽക്കോയ്മയും സവർണ ബോധവും ഗ്രസിച്ചിരിക്കുകയാണെന്നും കുറിലോസ് പറഞ്ഞു.