തിരുവനന്തപുരം: മസാല ബോണ്ടില്‍ തനിക്കുമാത്രമായി ഒരു ഉത്തരവാദിത്വവുമില്ലെന്ന് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്. മുഖ്യമന്ത്രി ചെയര്‍മാനായ ഡയറക്ടര്‍ബോര്‍ഡ് ആണ് തീരുമാനമെടുത്തതെന്നും തനിക്ക് ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വം മാത്രമാണ് ഉണ്ടായിരുന്നതെന്നും തോമസ് ഐസക് ഇ.ഡി.ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു.

ഇതോടെ മസാല ബോണ്ട് ക്രമക്കേട് കേസില്‍ ഇ.ഡിക്ക് മുഖ്യമന്ത്രിയിലേക്കുള്ള വാതില്‍ തുറന്നുകൊടുത്തിരിക്കുകയാണ് തോമസ് ഐസക്. കോവിഡ് കാലത്തെ പര്‍ച്ചേസില്‍ കോടികളുടെ ക്രമക്കേടില്‍ അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജ എടുത്ത അതേ നിലപാട് തന്നെയാണ് തോമസ് ഐസക്കും എടുത്തിരിക്കുന്നത്. കോവിഡ് കാലത്തെ പര്‍ച്ചേസ് ക്രമക്കേടില്‍ താന്‍ ചെയ്തതെല്ലാം മുഖ്യമന്ത്രി അറിഞ്ഞായിരുന്നുവെന്നായിരുന്നു ശൈലജ വെളിപ്പെടുത്തിയത്.

കഴിഞ്ഞദിവസമായിരുന്നു ഇ.ഡി.ക്ക് മുമ്പില്‍ തോമസ് ഐസക് അവസാനമായി ഹാജരാകേണ്ടിയിരുന്നത്. എന്നാല്‍, ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഇ.ഡിയ്ക്ക് മറുപടി നല്‍കിയത്. ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിലൂടെ ധനസമാഹരണത്തിന് കിഫ്ബി മസാല ബോണ്ട് ഇറക്കിയതില്‍ ക്രമക്കേട് നടന്നെന്ന സി.എ.ജി റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇ.ഡി ഫെമ ലംഘനത്തില്‍ അന്വേഷണം തുടങ്ങിയത്. ഇതിലേക്ക് മുഖ്യമന്ത്രിയെ കൊണ്ടെത്തിരിക്കുകയാണ് ഐസക്.

‘കിഫ്ബി മസാലബോണ്ടില്‍ തനിക്ക് പ്രത്യേകമായി ഒരു ഉത്തരവാദിത്വവുമില്ല. കിഫ്ബി രൂപവത്കരിച്ചതുമുതല്‍ 17 അംഗ ഡയറക്ടര്‍ ബോര്‍ഡ് ഉണ്ട്. അതിന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. എല്ലാ തീരുമാനങ്ങളും എടുക്കുന്നത് കൂട്ടായിട്ടാണ്. ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വമല്ലാതെ ഇക്കാര്യത്തില്‍ തനിക്ക് യാതൊരു പ്രത്യേക അധികാരവും ഇല്ല’, തോമസ് ഐസക് നല്‍കിയ ഏഴുപേജുള്ള മറുപടിയില്‍ പറയുന്നു.

‘കിഫ്ബിയുടെ വൈസ് ചെയര്‍മാന്‍, കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ പദവികള്‍ മന്ത്രി എന്ന നിലയില്‍ വഹിക്കേണ്ടിവന്ന (എക്‌സ് ഒഫീഷ്യോ) ചുമതലകളാണ്. മന്ത്രി ചുമതല ഒഴിഞ്ഞതോടെ കിഫ്ബിയുടെ ഏതെങ്കിലും രേഖകളോ കണക്കുകളോ എനിക്കു ലഭ്യമല്ല’ എന്നായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചത്.

ഇതില്‍ വ്യക്തത വരുത്തിയാണ് ഇപ്പോള്‍ മുഖ്യമന്ത്രി ചെയര്‍മാനായ ബോര്‍ഡ് അംഗം കൂട്ടായാണ് തീരുമാനം എടുത്തിരുന്നതെന്നും ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വം മാത്രമായിരുന്നു തനിക്കെന്നും തോമസ് ഐസക് കത്തില്‍ പറയുന്നത്.

കിഫ്ബി മസാലബോണ്ട് സംബന്ധിച്ചും അതിലൂടെ ലഭിച്ച ധനത്തിന്റെ വിനിയോഗം സംബന്ധിച്ചുമുള്ള കാര്യങ്ങളില്‍ മൊഴിനല്‍കാനാണ് തോമസ് ഐസക്കിനോട് ഇ.ഡി. അന്വേഷണസംഘം തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്. ജനുവരി 12-ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അന്നും തോമസ് ഐസക് ഹാജരായിരുന്നില്ല.

ഇതുസംബന്ധിച്ച് ഒന്നരവര്‍ഷത്തിനുശേഷമാണ് നോട്ടീസ് അയച്ചത്. ആദ്യം നല്‍കിയ രണ്ടുസമന്‍സുകള്‍ ഹൈക്കോടതിയില്‍ തോമസ് ഐസക് ചോദ്യംചെയ്തിരുന്നു. ഹര്‍ജിയില്‍ തുടര്‍നടപടികള്‍ ഹൈക്കോടതി കഴിഞ്ഞമാസം അവസാനിപ്പിച്ചിരുന്നു.