നാളെ പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ പണിമുടക്ക്, ഡയസ് നോണ്‍ പ്രഖ്യാപിച്ച് നേരിടാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 7973.50 കോടി രൂപ കുടിശിക ഡി.എ ഇനത്തില്‍ കൊടുക്കാനുണ്ടെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പെന്‍ഷന്‍കാര്‍ക്ക് കൊടുക്കാനുള്ള ഡി.എ കുടിശിക 4722.63 കോടി രൂപയാണ്.
ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കുടിശിക കണക്കുകളാണ് മലയാളം മീഡിയ പുറത്തുവിടുന്നത്. 2023 ഒക്ടോബര്‍ 31 വരെയുള്ള കുടിശികയാണിത്. നിലവില്‍ 6 ഗഡുക്കളാണ് ഡി.എ കുടിശിക.
ഫെബ്രുവരിയില്‍ കേന്ദ്രം വീണ്ടും ഡി.എ പ്രഖ്യാപിക്കുന്നതതോടെ ഡി.എ കുടിശിക 7 ഗഡുക്കളായി ഉയരും. പേ റിവിഷന്‍ കുടിശിക ഇനത്തില്‍ 4000 കോടി രൂപ ജീവനക്കാര്‍ക്കും പെന്‍ഷന്‍, ഡി.എ പരിഷ്‌കരണത്തിന്റെ കുടിശ്ശികയായി 2790 കോടി പെന്‍ഷന്‍കാര്‍ക്കും കൊടുക്കാനുണ്ടെന്ന് ചീഫ് സെക്രട്ടറി സമര്‍പ്പിച്ച രേഖയില്‍ വ്യക്തമാക്കുന്നു.
26226.32 കോടി രൂപയുടെ കുടിശിക സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തടഞ്ഞ് വച്ചിരിക്കുകയാണ് രേഖ വ്യക്തമാക്കുന്നു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഡി.എ കുടിശിക 7 ഗഡുക്കള്‍ ആകുന്നത്. 1 ലക്ഷം പെന്‍ഷന്‍കാരാണ് കുടിശിക ലഭിക്കാതെ മരണപ്പെട്ടത്.
കുടിശ്ശിക ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ നാളെ സംസ്ഥാനത്ത് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡയസ്‌നോണ്‍ പ്രഖാപിച്ച് സമരം പൊളിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഭരണാനുകൂല സര്‍വിസ് സംഘടന അംഗങ്ങള്‍ പോലും സമരത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ അവകാശപ്പെടുന്നത്.
സര്‍ക്കാരിന്റെ ധൂര്‍ത്തും നികുതി പിരിവിലെ കെടുകാര്യസ്ഥതയും ആണ് സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യ കാരണം. അതുകൊണ്ടാണ് ധവള പത്രം ഇറക്കണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിരന്തര ആവശ്യം സര്‍ക്കാര്‍ അവഗണിക്കുന്നതും.
ധനമന്ത്രിക്ക് എന്ത് ചെയ്യണമെന്ന് യാതൊരു നിശ്ചയവുമില്ലെന്നാണ് നടപടികളില്‍ നിന്ന് വ്യക്തമാകുന്നത്. ധനകാര്യ മാനേജ്‌മെന്റിന്റെ പിടിപ്പ് കേടില്‍ ശമ്പളം പോലും മുടങ്ങുന്ന അവസ്ഥയിലേക്കാണ് സംസ്ഥാനത്തിന്റെ സഞ്ചാരം.