കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ച് പെരുവഴിയിലായ നിക്ഷേപകൻ ദയാവധത്തിന് അപേക്ഷിച്ചു. ചികിൽസയ്ക്ക് പോലും പണം കിട്ടാതായതോടെയാണ് മാപ്രാണം സ്വദേശി ജോഷി മുഖ്യമന്ത്രിക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ദയാവധത്തിന് അപേക്ഷ അയച്ചത്.
ബാങ്ക് അധികാരികളോടും സർക്കാരിനോടും ഇനിയും സംസാരിച്ചിട്ട് കാര്യമില്ലാത്തതിനാലും മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാലും എന്റെ ജീവിതം അവസാനിപ്പിക്കാൻ ദയാഹർജി അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു. മാപ്രാണം സ്വദേശിയായ ജോഷി ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും അയച്ച കത്ത് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ച് പെരുവഴിയിലായതാണ് ജോഷി. പണം തിരികെ ലഭിക്കാതായതോടെ പലയിടത്തും പരാതി കൊടുത്തിട്ടും പ്രതിഷേധിച്ചിട്ടും ഫലമുണ്ടായില്ല. രണ്ടു തവണ ട്യൂമർ ഉൾപ്പടെ 21 ശസ്ത്രക്രിയകൾക്ക് വിധേയനാകേണ്ടി വന്ന ജോഷി കടുത്ത പ്രതിസന്ധിയിലായി. ഇതോടെയാണ് ജനുവരി 30ന് ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകണമെന്ന് കാണിച്ചു കത്തെഴുതിയത്.
കരുവന്നൂർ ബാങ്കിൽ നിന്ന് ജോഷിക്ക് എഴുപത് ലക്ഷത്തിലേറെ രൂപ ഇനിയും കിട്ടാനുണ്ട്. പലപ്പോഴായി കുറച്ചു തുക മാത്രം അനുവദിച്ചെന്നൊഴിച്ചാൽ ഭീമമായ തുക ഇനിയും ലഭിക്കാനുണ്ട്. എന്ന് ലഭിക്കുമന്നതിൽ വ്യക്തതയില്ല. കുടുംബത്തിലെ ചെലവും മക്കളുടെ വിദ്യാഭ്യാസവും ചികിൽസയും എല്ലാം പ്രതിസന്ധിയിലായി. നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെ മുന്നോട്ട് പോകാൻ പറ്റാത്ത സ്ഥിതി. ഇതിനു പുറമേ ചില പ്രാദേശിക സി പി എം നേതാക്കളിൽ നിന്ന് ഭീഷണിയുണ്ടായതായും ജോഷി പറഞ്ഞു. ഇതോടെയാണ് മുഖ്യമന്ത്രിക്കും ഹൈക്കോടതിക്കും ദയാവധ അപേക്ഷ അയച്ചത്.