തിരുവനന്തപുരം: ഡി.ജി.പിയായി വിരമിച്ച ഡോ. ബി. സന്ധ്യക്ക് പുനര്‍നിയമനം നല്‍കി സര്‍ക്കാര്‍. റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി മെമ്പര്‍ സെക്രട്ടറിയായാണ് നിയമനം.

ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് നിയമന തീരുമാനം. അതോറിറ്റിയുടെ ഭരണ നിര്‍വ്വഹണമാണ് മെംബര്‍ സെക്രട്ടറിയുടെ പ്രധാന ചുമതല. മൂന്നര ലക്ഷം രൂപയായിരിക്കും ഇവരുടെ ശമ്പളം.

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ക്രമക്കേടുകള്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി രൂപീകരിച്ചത്. രണ്ട് അംഗങ്ങളും ചെയര്‍മാനുമാണ് ഭരണസമിതിയിലുള്ളത്.

അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച പി.എച്ച് കുര്യനാണ് നിലവില്‍ അതോറിറ്റിയുടെ ചെയര്‍മാന്‍. ഇദ്ദേഹത്തിന്റേതും പുനര്‍നിയമനമായിരുന്നു. കുര്യന്റെ കാലാവധി കഴിയാറായതോടെ പുതിയ ആളെ നിയമിക്കാന്‍ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

ഡി.ജി.പി റാങ്കില്‍ വിരമിച്ച ബി. സന്ധ്യക്ക് 2 ലക്ഷം രൂപയാണ് പെന്‍ഷന്‍. ഇതിന് പുറമേ മെമ്പര്‍ സെക്രട്ടറി എന്ന നിലയില്‍ മൂന്നര ലക്ഷം രൂപ ശമ്പളവും ലഭിക്കുമെന്നാണ് കരുതുന്നത്. ഐ.എ.എസുകാരെയാണ് സാധാരണ നിലയില്‍ അഡ്മിനിസ്‌ട്രേറ്റീവ് പോസ്റ്റുകളിലേക്ക് നിയമിക്കാറുള്ളത്. എന്നാല്‍, ഐ.പി.എസുകാരിയായ ബി. സന്ധ്യക്ക് നിയമനം നല്‍കിയ നടപടി അത്യപൂര്‍വ്വമാണ്.

പാല സ്വദേശിയായ ബി. സന്ധ്യ 1988 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയാണ്. ആംഡ് പൊലീസ് ബറ്റാലിയന്‍, ട്രാഫിക്, എറണാകുളം, തൃശ്ശൂര്‍ റേഞ്ചുകള്‍, ക്രൈംബ്രാഞ്ച് എന്നിവയുടെ ഐജി, ആംഡ് പൊലീസ്, മോഡേണൈസേഷന്‍, ദക്ഷിണമേഖല, പരിശീലന വിഭാഗം എഡി.ജി.പി, കേരളാ പൊലീസ് അക്കാദമി ഡയറക്ടര്‍ എന്നീ തസ്തികകളിലും ജോലി ചെയ്തു. ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസസ് ഡയറക്ടര്‍ ജനറലായാണ് വിരമിച്ചത്.

പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ അടുപ്പക്കാര്‍ക്ക് വിരമിച്ച ശേഷം പുനര്‍ നിയമനം നല്‍കുന്നത് പതിവാണ്. അടുപ്പക്കാരായിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പലവിധ നിയമനങ്ങള്‍ നല്‍കി ശമ്പളവും പെന്‍ഷനും ഉറപ്പാക്കുകയാണ് പിണറായി വിജയന്റെ ശൈലി.

വിരമിച്ച മുന്‍ ചീഫ് സെക്രട്ടറി വി.പി ജോയിക്ക് ചീഫ് സെക്രട്ടറിയെക്കാള്‍ ശമ്പളം വാങ്ങാന്‍ അവസരമുണ്ടായത് ഇതുപോലൊരു പുനര്‍ നിയമനത്തിലൂടെയാണ്. കേരള പബ്ലിക് എന്റര്‍പ്രൈസസ് ബോഡിന്റെ ചെയര്‍മാന്‍ തസ്തികയിലേക്ക് വി പി ജോയിയെ പരിഗണിക്കുന്നതിന് സര്‍വ്വീസ് റൂളിലെ ചട്ടം വരെ സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. പെന്‍ഷന്‍ കഴിഞ്ഞുള്ള അവസാന ശമ്പളമാണ് സാധാരണ പുനര്‍ നിയമനങ്ങള്‍ക്ക് കിട്ടാറുള്ളതെങ്കില്‍, വി പി ജോയിക്ക് പെന്‍ഷനും ശമ്പളവും ഒരുമിച്ചാണ് കിട്ടുന്നത്.

സമാന രീതിയില്‍ സര്‍വ്വീസില്‍ തുടരുന്ന മറ്റൊരു ഉദ്യോഗസ്ഥനാണ് മുന്‍ ചീഫ് സെക്രട്ടറി ഡോ, കെ എം എബ്രഹാം. വിരമിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും പുനര്‍ നിയമനത്തില്‍ പല ചുമതലകളും ഇദ്ദേഹത്തിന്റെ കൈവശമാണുള്ളത്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മാത്രമല്ല കിഫ്ബി സിഇഒ സ്ഥാനത്തും കെ ഡിസ്‌കിന്റെ തലപ്പത്തും കെഎം എബ്രഹാമാണ്.

വിരമിച്ച വിശ്വാസ് മേത്തക്ക് സംസ്ഥാന വിവരാവകാശ കമ്മീഷണറായിട്ടായിരുന്നു നിയമനം. കിഫ്ബി അഡീഷണല്‍ സിഇഒ ആയി സത്യജിത്ത് രാജനും ഇലട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ ചെയര്മാനായി ടി കെ ജോസും സേവനം തുടരുന്നു., ഇന്‍കെല്‍ എംഡി ഡോ. കെ ഇളങ്കോവന്‍, സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷണര്‍ എ ഷാജഹാന്‍, അസാപ്പിന്റെ തലപ്പത്ത് ഉഷ ടൈറ്റസ് ഇങ്ങനെ പോകുന്നു പുനര്‍ നിയമനങ്ങള്‍.

പുതിയവര്‍ക്ക് കഴിവ് തെളിയിക്കാന്‍ അവസരം വേണ്ടേ എന്ന ചോദ്യമാണിവിടെ ഇപ്പോള്‍ സര്‍വ്വീസിലുള്ള ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്നത്. മികവ് മാനദണ്ഡമെന്ന് പറയുമ്പോഴും മിക്ക പുനര്‍നിയമനവും കിട്ടുന്നത് സര്‍ക്കാറിന് ഏറ്റവും വേണ്ടപ്പെട്ടവര്‍ക്ക് മാത്രവുമാണ്.