ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ കെ ജെ ജോയ് അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ 2.30ഓടെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു. കുറച്ചു നാളായി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. ബുധനാഴ്ച ചെന്നൈയിൽ സംസ്‌കരിക്കും.

എൺപതുകളിൽ മലയാള ചലച്ചിത്രലോകത്തിന് നിരവധി ഹിറ്റുകൾ സമ്മാനിച്ച അതുല്യ പ്രതിഭയാണദ്ദേഹം. ചർച്ച് ക്വയറിൽ വയലിൻ വായിച്ചാണ് ജോയ് സംഗീതത്തിന് തുടക്കം കുറിച്ചത്. പതിനെട്ടാം വയസ്സിൽ പ്രശസ്ത സംഗീതസംവിധായകൻ എം എസ് വിശ്വനാഥന്റെ ഓർക്കസ്ട്രയിൽ ചേർന്നു.

പന്ത്രണ്ടോളം ഹിന്ദി ചിത്രങ്ങൾക്ക് ജോയ് സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. പ്രേമലേഖനം, ചന്ദനച്ചോല, ആരാധന, ഇവന്റെ പ്രിയപുത്രൻ, അഹല്യ, ലിസ, മുക്കുവനെ സ്നേഹിച്ച ഭൂതം, അനുപല്ലവി, സർപ്പം, തരംഗം, ശക്തി, ചന്ദ്രഹാസം, മകരവിളക്ക്, മനുഷ്യൻ, കറിപൂച്ച മൃഗം, മുട്ടുചിപ്പികൾ, കരിമ്പൂച്ചകൾ, ഇതിഹാസം, തുടങ്ങി നിരവധി സിനിമകൾക്ക് അദ്ദേഹം സംഗീതം പകർന്നു. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു അങ്ങനെ നീളുന്നു സിനിമാ ലോ​കത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ.

കെ ജെ ജോയിയുടെ സംഗീത സംവിധാനത്തിൽ മലയാള സിനിമയിൽ അക്കോർഡിയനും കീബോർഡും വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇരുന്നൂറോളം സിനിമകളിൽ സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. വിവിധ സംഗീത സംവിധായകരുടെ അഞ്ഞൂറിലധികം സിനിമകളിൽ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്.

1975-ൽ പുറത്തിറങ്ങിയ “പ്രേമലേഖനം” എന്ന ചിത്രത്തിനായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംഗീത സംവിധാനം. ‘എൻ സ്വരം പൂവിടും’ എന്ന ഹിറ്റ് ഗാനവും കെ.ജെ.ജോയ് ഒരുക്കിയിട്ടുണ്ട്.