കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള പ്രവർത്തനങ്ങളുമായി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് കേരളത്തിലെ പ്രവർത്തനങ്ങൾ. അടിത്തട്ട് മുതൽ പാർട്ടിയെ സജീവമാക്കാൻ ബൂത്തുതലത്തിലുള്ള നേതാക്കളുടെ യോഗത്തിൽ ഉൾപ്പെടെ മോദി പങ്കെടുക്കും. ഈ വർഷത്തെ രണ്ടാമത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി നാളെ കൊച്ചിയിലെത്തുന്നത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ തൃശൂരിലേക്ക് പോകുന്ന മോദി തിരിച്ചെത്തിയ ശേഷമാണ് നേതൃയോഗത്തിൽ പങ്കെടുക്കുക.

ബിജെപിയുടെ ബൂത്തുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന സമിതിയായ ശക്തികേന്ദ്രയുടെ ഇൻ ചാർജുമാരുടെ യോഗത്തിലാണ് മോദി പങ്കെടുക്കുക. ബുധനാഴ്ച മറൈൻ ഡ്രൈവിലാണ് ബിജെപിയുടെ ശക്തികേന്ദ്ര പ്രമുഖ് എന്ന കോഓർഡിനേറ്റർമാരുടെ യോഗം നടക്കുക. മറ്റു സംസ്ഥാനങ്ങളിലൊന്നും മോദി ശക്തികേന്ദ്ര പ്രമുഖ് യോഗങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നാണ് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നത്.

മറൈൻ ഡ്രൈവിൽ 7,000 ശക്തികേന്ദ്ര പ്രമുഖന്മാരുടെ യോഗമാണ് ബുധനാഴ്ച നടക്കുക. ഈ യോഗത്തോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ബിജെപി തുടക്കമിടും. ഇതോടെ എ പ്ലസ് മണ്ഡലങ്ങളിലെ പ്രവർത്തനം പാർട്ടി ശക്കമാക്കുകയും ചെയ്യും. ഭരണനേട്ടങ്ങൾ ഓരോ വീട്ടിലും എത്തിക്കലും വോട്ടർപട്ടികയിൽ പേര് ചേർക്കലുമാകും ആദ്യത്തെ പ്രവർത്തനം. ആഴ്ചതോറും ബൂത്ത് പ്രവർത്തനം വിലയിരുത്തും.

നാല് സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനം അധികം വൈകാതെ തന്നെ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. തൃശൂർ, ആറ്റിങ്ങൽ, പാലക്കാട്, പത്തനംതിട്ട എന്നീവിടങ്ങളിലെ സ്ഥാനാർഥിയെയാകും ബിജെപി നേരത്തെ പ്രഖ്യാപിക്കുക. ഇതിൽ തൃശൂരിൽ സുരേഷ് ഗോപിയാണ് സ്ഥാനാർഥിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര മന്ത്രി വി മുരളീധരൻ ആറ്റിങ്ങലിലും സി കൃഷ്ണകുമാർ പാലക്കാടും ജനവിധി തേടാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.

പത്തനംതിട്ടയിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനാണ് പരിഗണന. അതേസമയം പിസി ജോർജ് എൻഡിഎ സ്ഥാനാർഥിയാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കഴിഞ്ഞതവണ ആറ്റിങ്ങൽ മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവെച്ച ശോഭ സുരേന്ദ്രനെ ഇത്തവണ കോഴിക്കോടാകും നിയോഗിക്കുക.

കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്ര 27നാണ് ആരംഭിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയാണ് യാത്ര ഉദ്ഘാടനം ചെയ്യുക. 20 മണ്ഡലങ്ങളിലും 10 കിലോമീറ്റർ വീതമാണ് സരേന്ദ്രൻ പദയാത്ര നടത്തുക. ഫെബ്രുവരി 12ന് തിരുവനന്തപുരത്ത് നടക്കുന്ന പദയാത്രയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കും. ഫെബ്രുവരി 23ന് പാലക്കാട് സമാപനയോഗത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കാനും സാധ്യതയുണ്ട്.