തിരുവനന്തപുരം: കേരള നിയമസഭ സെക്രട്ടറിയായി ഡോ. ലക്ഷ്മി നായര്‍, വ്യവസായ മന്ത്രി പി. രാജീവിന്റെ ഭാര്യ ഡോ. വാണി കേസരി എന്നിവരുടെ പേര് സജീവ പരിഗണനയില്‍.

നിയമസഭ സെക്രട്ടറിയായ എ.എം ബഷീര്‍ തിരികെ ജുഡിഷ്യല്‍ സര്‍വീസിലേക്ക് മടങ്ങിയതോടെയാണ് നിയമസഭ സെക്രട്ടറിയുടെ ഒഴിവ് വന്നത്. ലോ അക്കാദമിയുടെ റിസര്‍ച്ച് വിഭാഗമായ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിന്റെ മേധാവിയാണ് ഡോ. ലക്ഷ്മി നായര്‍.

കുസാറ്റ് നിയമ വിഭാഗം മേധാവിയാണ് മന്ത്രി പി രാജീവിന്റെ ഭാര്യ ഡോ. വാണി കേസരി. കോലിയക്കോട് കൃഷ്ണന്‍ നായരുടെ അനന്തരവനായ ഡോ. എന്‍.കെ. ജയകുമാറിനെ കേരള യൂണിവേഴ്‌സിറ്റി നിയമ വിഭാഗം മേധാവി ആയിരുന്നപ്പോള്‍ നിയമസഭ സെക്രട്ടറി ആയി നിയമിച്ചിരുന്നു. അതേ മാതൃകയിലാണ് ഇരുവരുടെയും പേരുകള്‍ പരിഗണിക്കുന്നത്.

കേരള യൂണിവേഴ്‌സിറ്റിയിലെ നിയമ വിഭാഗം മേധാവി ഡോ. സിന്ധു തുളസീധരന്‍, കേന്ദ്ര സര്‍വ്വകലാശാല നിയമവിഭാഗം മേധാവി ഡോ. കെ.സി. സണ്ണി എന്നിവരുടെ പേരും നിയമസഭ സെക്രട്ടറിയായി പരിഗണിക്കുന്നവരുടെ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.

അറിയപ്പെടുന്ന സിപിഎം കുടുംബാംഗമാണ് ഡോ. സിന്ധു തുളസീധരന്‍. കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫുമായുള്ള അടുപ്പം ഡോ. കെ.സി. സണ്ണിക്ക് വിനയാകുമോ എന്നും സംശയിക്കുന്നു.

നിയമസഭ സെക്രട്ടറിയായി എ.എം ബഷീര്‍ തുടരാന്‍ ഷംസീര്‍ ആവത് ശ്രമിച്ചിരുന്നു. കോടതികളില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ ക്ഷാമം ചൂണ്ടികാട്ടി ഹൈക്കോടതി ഉറച്ച് നിന്നതോടെ ബഷീറിന് മടങ്ങേണ്ടി വന്നു. തുടര്‍ന്നാണ് ഐ.എ.എസ് ഉദ്യോഗസ്ഥനെയോ, ലോ പ്രൊഫസറയോ നിയമിക്കാനുള്ള ആലോചന ഉണ്ടായത്.

പരിഗണനാപട്ടികയിലെ പ്രമുഖയായ ഡോ. ലക്ഷ്മി നായര്‍ പാചക വിദഗ്ധയും കൈരളി ചാനലിലെ അവതാരകയുമാണ്. പലതവണ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ള വ്യക്തിയാണ് ഇവര്‍.

അച്ഛന്‍ ഡോ. നാരായണന്‍ നായര്‍ ഡയറക്ടര്‍ ആയ ലോ അക്കാദമിയില്‍ നിന്നാണ് ലക്ഷ്മി നായര്‍ ഡോക്ടറേറ്റ് നേടിയെടുത്തത്. എല്‍എല്‍എം പഠനവും ഇവിടെ തന്നെ ആയിരുന്നു. ഗവേഷണം നടത്തുന്ന സമയത്ത് അമ്മാവന്‍ എന്‍.കെ ജയകുമാറായിരുന്നു നിയമവകുപ്പിന്റെ ഡീന്‍. ഇദ്ദേഹത്തിനെതിരെ ലക്ഷ്മിക്ക് അനകൃതമായി മാര്‍ക്ക് നല്‍കിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ലക്ഷ്മി നായരുടെ ഉത്തരക്കടലാസ് മൂല്യ നിര്‍ണയം നടത്തിയത് ലോ അക്കാദമിയിലെ പിതാവിന്റെ സൃഹൃത്തുക്കളായിരുന്നു അതിനാല്‍ ഗവേഷണ പ്രബന്ധം അസാധുവാക്കണം എന്ന ആവശ്യം ഒരു സമയത്ത് ഉയര്‍ന്നിരുന്നു.

മന്ത്രി പി. രാജീവിന്റെ ഭാര്യയുടെ കുസാറ്റിലെ നിയമനവും വിവാദങ്ങളില്‍ ഇടം പിടിച്ചിരുന്നു. നിയമസഭ കാര്യങ്ങളുടെ നടത്തിപ്പ് ചുമതലയാണ് നിയമസഭ സെക്രട്ടറിക്ക്. നിയമസഭ സെക്രട്ടറി ഇല്ലാത്തതിനാല്‍ നിയമസഭയിലെ സ്‌പെഷ്യല്‍ സെക്രട്ടറി ഷാജി സി. ബേബിക്കാണ് നിയമസഭ സെക്രട്ടറിയുടെ ചുമതല നല്‍കിയിരിക്കുന്നത്. പുതിയ നിയമസഭ സെക്രട്ടറിയുടെ ഉടനുണ്ടാകുമെന്നാണ് സൂചന.