തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസറ്റിലായതോടെ തലസ്ഥാന ന​ഗരിയാകെ പ്രതിഷേധത്താല്‍ നിറഞ്ഞിരിക്കുകയാണ്. മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ചിൽ സംഘർഷം ഉണ്ടായി.

കോൺ​ഗ്രസ് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും, പോലീസിന്റെ ജലപീരങ്കി പ്രയോ​ഗം ആകെ മൊത്തം തലസ്ഥാന ന​ഗരിയുടെ സമാധാന അന്തരീക്ഷം നഷ്ടമായിരിക്കുകയാണ്. സെക്രട്ടേറിയറ്റ് ഗേറ്റിലെ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ എംജി റോഡ് ഉപരോധിച്ചു സമരം ചെയ്തു.

അറസ്റ്റിന് പിന്നാലെ ഈ അറസ്റ്റ് ഒന്നിനും അവസാനമല്ല തുടങ്ങിയതേ ഉള്ളൂ എന്ന മറുപടിയായിരുന്നു രാഹുൽ മാങ്കൂട്ടത്തിന്റേതെങ്കിൽ പൊലീസിന്റെ ഒരു ആനുകൂല്യവും വേണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത സെക്രട്ടേറിയറ്റ് മാർച്ച് കേസിൽ മൂന്നാം പ്രതിയായ തന്നെ ധൈര്യമുണ്ടെങ്കിൽ അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു എം.എൽ.എ ഷാഫി പറമ്പിലിന്റെ പ്രതികരണം.

മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ഷാഫി പറമ്പിൽ പോലീസിനെ വെല്ലുവിളിച്ചുകൊണ്ടാണ് പ്രസം​ഗം നടത്തിയത്. ‘അറസ്റ്റ് ചെയ്ത് തടവിലടച്ചതു കൊണ്ടു യൂത്ത് കോൺഗ്രസ് പോരാളികളുടെ സമരവീര്യം കെട്ടുപോകുമെന്നു കരുതരുത്. യൂത്ത് കോൺഗ്രസിനെ നയിക്കുന്നതു കുണുവാവകളല്ല, രാഹുൽ മാങ്കൂട്ടത്തിലാണെന്ന് ഇവർ മനസ്സിലാക്കണം.

സമരം ചെയ്യുന്നതിന്റെ ആർജവത്തെക്കുറിച്ചു ഗോവിന്ദൻ ടീച്ചറിന്റെ ക്ലാസ് രാഹുൽ മാങ്കൂട്ടത്തിലിനും യൂത്ത് കോൺഗ്രസിനും വേണ്ട. വാ മോനേ ആർഷോ എന്നു പറഞ്ഞപ്പോൾ അലിഞ്ഞ് ഇല്ലാതായി പൊലീസിന്റെ തോളിൽ കയ്യിട്ടു പോയ ആർഷോയ്ക്ക് എടുത്താൽ മതി–’ ഷാഫി പറമ്പിൽ പറഞ്ഞു. ഇപ്പോൾ ക്ലിഫ് ഹൗസിലുള്ളവർ കന്റോൺമെന്റ് ഹൗസിലേക്കു പോകുന്ന കാലം വരുമെന്ന് ആലോചിക്കണമെന്ന് പൊലീസിനോടു ഷാഫി പറഞ്ഞു. വിശദമായ ആരോഗ്യ പരിശോധനയ്ക്കു കോടതി അയച്ച ജനറൽ ആശുപത്രിയിലെ ആർഎംഒയ്ക്ക് പലതരത്തിലുള്ള സമ്മർദ്ദം ഉണ്ടായതിനെത്തുടർന്നാണ് രാഹുലിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന റിപ്പോർട്ട് നൽകിയതെന്നും ഷാഫി ആരോപിച്ചു.

മാത്രമല്ല തന്നെ ആക്രമിച്ചുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ച കന്റോൺമെന്റ് എസ്എച്ച്ഒ ബി.എം.ഷാഫിക്കെതിരെ പ്രവർത്തകരും ഷാഫി പറമ്പിൽ എംഎൽഎയും ഉൾപ്പെടെയുള്ളവർ വെല്ലുവിളി നടത്തി. സമീപകാലത്തെ മറ്റു സമരങ്ങളിൽ നിന്നു വ്യത്യസ്തമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രകോപനത്തിൽ വീഴാതെയാണ് പൊലീസ് പ്രവർത്തിച്ചത്.

അതേ സമയം ജാമ്യത്തിനായി രാഹുല്‍ മാങ്കൂട്ടത്തില്‍ കള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നടത്തി പ്രതികരണവും പ്രതിഷേധത്തിന് ആക്കം കൂട്ടിയിട്ടിരിക്കുകയാണ് . ജാമ്യം കിട്ടാനുള്ള ശ്രമമാണ് നടത്തിയത്. കോടതി അത് പരിശോധിച്ച് ജാമ്യം നിഷേധിച്ചു. പരാജയം മറച്ചുവയ്ക്കാന്‍ രാഹുല്‍ ഹീറോയെന്ന് വരുത്താന്‍ ശ്രമം നടക്കുന്നുവെന്നും ജയിലില്‍ കിടക്കാന്‍ ആര്‍ജവം കാട്ടണമെന്നമെന്നുമായിരുന്നു എം.വി.ഗോവിന്ദന്റെ പ്രതികരണം