ലക്‌നൗ: ജനക്കൂട്ട നിയന്ത്രണ ആശങ്കയെ തുടര്‍ന്ന് അയോദ്ധ്യയില്‍ നടത്താനിരുന്ന രാംലല്ലയെ വഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണം റദ്ദാക്കി. അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ജനുവരി 17നാണ് നഗരപ്രദക്ഷിണം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍, അന്ന് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ സുരക്ഷാ ഏജന്‍സികള്‍ ആശങ്കകള്‍ ഉന്നയിച്ചതിനാല്‍ ഘോഷയാത്ര വേണ്ടെന്ന് തീരുമാനിച്ചതായി രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

പകരം, അതേദിവസം തന്നെ രാമക്ഷേത്ര പരിസരത്ത് തന്നെ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നടത്തും. കാശിയിലെ ആചാര്യന്മാരുമായും മുതിര്‍ന്ന ഭരണസമിതി അഗംങ്ങളുമായും ക്ഷേത്ര ട്രസ്റ്റ് നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനം. രാംലല്ലയുടെ വിഗ്രഹം പുറത്തെടുക്കുമ്പോള്‍ കാണാനായി നിരവധി ഭക്തര്‍ എത്തും. ഇവരുടെ തിരക്ക് നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാണ്. ഇതേുടര്‍ന്നാണ് നഗരപ്രദക്ഷിണം റദ്ദാക്കുന്നതെന്ന് അയോദ്ധ്യ ജില്ലാ ഭരണകൂടം അറിയിച്ചു.

അതേ സമയം കഴിഞ്ഞ ദിവസമാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നത് ശ്യാമവര്‍ണത്തിലുള്ള രാംലല്ലയെയാണെന്ന വിവരങ്ങള്‍ ട്രസ്റ്റ് പുറത്ത് വിട്ടത്.

പ്രതിഷ്ഠയ്ക്കായി തയ്യാറാക്കിയ മൂന്ന് വിഗ്രഹങ്ങളില്‍ കൃഷ്ണശിലയില്‍ കൊത്തിയ വിഗ്രഹമാണ് അന്തിമമായി തീരുമാനിച്ചത്. പൊക്കം 51 ഇഞ്ച്. അഞ്ച് വയസുകാരന്റെ ഓമനത്തവും മഹാവിഷ്ണുവിന്റെ ദൈവികതയും ഒരു രാജാവിന്റെ അന്തസും വിഗ്രഹത്തിനുണ്ടെന്നും ചമ്പത് റായി പറഞ്ഞു. പാലും മറ്റ് അഭിഷേക ദ്രവ്യങ്ങളുമായുള്ള സമ്പര്‍ക്കത്തില്‍ കേടാവാത്ത ശിലയിലാണ് വിഗ്രഹം നിര്‍മ്മിച്ചിട്ടുള്ളത്.

ക്ഷേത്ര സമുച്ചയത്തിന്റെ താഴത്തെ നിലയിലെ ഗര്‍ഭഗൃഹത്തിലാണ് രാംലല്ലയെ പ്രതിഷ്ഠിക്കുന്നത്. രാമനും സീതയും തങ്ക സിംഹാസനത്തില്‍ ഇരിക്കുന്ന വിഗ്രഹം ഒന്നാംനിലയിലാകും പ്രതിഷ്ഠിക്കുകയെന്നും ചമ്പത് റായി അറിയിച്ചു. സമീപത്ത് ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നനന്‍ എന്നിവരും തൊഴുകൈയോടെ മുട്ടുകുത്തി ഹനുമാനും. ഇവിടത്തെ നിര്‍മ്മാണം തീരാന്‍ എട്ട് മാസം വരെയെടുക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 22ന് തുറക്കുന്ന ക്ഷേത്രത്തില്‍, വാരാണസിയിലെ പുരോഹിതന്‍ ലക്ഷമീകാന്ത് ദിക്ഷിത് ആയിരിക്കും മുഖ്യകാര്‍മികത്വം വഹിക്കുക. ഇതിനിടെ, ഗായിക ഗീതാബെന്‍ റബാരിയുടെ രാംഭജന്‍ മോദി എക്‌സില്‍ പോസ്റ്റ് ചെയ്തു. രാംലല്ലയെ സ്വാഗതം ചെയ്യുന്ന ഭജന്‍ വികാരപരമാണെന്നും കുറിച്ചു.