മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിൽ ലക്ഷങ്ങൾ ചെലവഴിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്നു. ക്ലിഫ് ഹൗസിൽ പുതിയ വാട്ടർ ടാങ്ക് നിർമ്മിക്കുന്നത് 5.92 ലക്ഷത്തിന് . 2023 സെപ്റ്റംബർ 18 നായിരുന്നു ടെണ്ടർ. ടെണ്ടറിന്റെ വിശദാംശങ്ങൾ മലയാളം മീഡിയക്ക് ലഭിച്ചു.

നിലവിലെ വാട്ടർ ടാങ്കിൽ നിന്നു വരുന്ന വെള്ളത്തിന് ഫോഴ്സില്ല എന്ന പരാതി പരിഹരിക്കാൻ പ്രതലത്തിൽ നിന്ന് ഉയർത്തിയാണ് പുതിയ വാട്ടർ ടാങ്ക് നിർമ്മാണം. ഒരു ലൈഫ് മിഷൻ വീട് നിർമ്മിക്കാൻ 4 ലക്ഷം രൂപ മാത്രമാണ് കൊടുക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ലൈഫ് മിഷൻ നിശ്ചലമാണ്.

ബജറ്റ് വിഹിതത്തിന്റെ 3 ശതമാനം മാത്രമാണ് ബാലഗോപാൽ ലൈഫ് മിഷൻ ഇതുവരെ നൽകിയത്. ലൈഫ് മിഷന് പോലും പണം കൊടുക്കാത്ത ബാലഗോപാലിന് ക്ലിഫ് ഹൗസിലെ പുതിയ വാട്ടർ ടാങ്ക് നിർമ്മിക്കാൻ 5.92 ലക്ഷം കൊടുക്കുന്നതിന് യാതൊരു മടിയും ഇല്ല. ട്രഷറി നിയന്ത്രണം ഒന്നും ക്ലിഫ് ഹൗസിന് ബാധകമല്ല.

3.72 ലക്ഷം രൂപയ്ക്കായിരുന്നു ക്ലിഫ് ഹൗസിൽ ചാണക കുഴി നിർമ്മിച്ചത്. 2023 ജനവരി 16 നായിരുന്നു ക്ലിഫ് ഹൗസിൽ ചാണക കുഴി നിർമ്മിക്കാൻ ടെണ്ടർ വിളിച്ചത്.

42.50 ലക്ഷത്തിന് ക്ലിഫ് ഹൗസിൽ കാലി തൊഴുത്ത് നിർമ്മിക്കാൻ തീരുമാനിച്ചത് വിവാദമായിരുന്നു. പൊതുമരാമത്ത് വകുപ്പ് 42.50 ലക്ഷത്തിന് കാലി തൊഴുത്ത് നിർമ്മിക്കാൻ ഉത്തരവും ഇറക്കി.

സർക്കാർ ഉത്തരവ് ഇറക്കിയിട്ടും ക്ലിഫ് ഹൗസിൽ കാലിതൊഴുത്ത് നിർമ്മിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കാലി തൊഴുത്ത് നിർമ്മാണം 2 ടെണ്ടറിലൂടെയാണ് നടന്നത് എന്നതിന്റെ വിശദാംശങ്ങൾ മലയാളം മീഡിയക്ക് ലഭിച്ചു. 2021 ഡിസംബർ 3 നായിരുന്നു ആദ്യ ടെണ്ടർ.

കാലിതൊഴുത്തും ബി.ജെ.പി ക്കാർ ക്ലിഫ് ഹൗസ് മതിൽ ചാടി കടന്നതിന്റെ ഫലമായി ഉണ്ടായ ചെറിയ പുനരുദ്ധാരണവും ഉൾപ്പെടെ 21.33 ലക്ഷത്തിനാണ് ആദ്യ ടെണ്ടർ ക്ഷണിച്ചത്. 34.64 ലക്ഷത്തിനായിരുന്നു കാലി തൊഴുത്ത് നിർമ്മാണത്തിന്റെ അടുത്ത ടെണ്ടർ. 2022 ആഗസ്ത് 18 നാണ് ടെണ്ടർ ക്ഷണിച്ചത്.

2021ല്‍ മാത്രം ക്ലിഫ് ഹൗസില്‍ വിവിധ നിര്‍മാണ പ്രവൃത്തികള്‍ ടെണ്ടര്‍ മുഖേന നടത്തിയത് മാത്രം 2.19 കോടി രൂപക്കാണ്. 2021 ല്‍ ക്ലിഫ് ഹൗസില്‍ ടെണ്ടര്‍ മുഖേന നടത്തിയ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ മലയാളം മീഡിയക്ക് ലഭിച്ചു.

ടോയ് ലെറ്റിന് 3.79 ലക്ഷം, സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 39.54 ലക്ഷം, ടാറിംഗ് 1.55 ലക്ഷം, സിസിടിവി 15.89 ലക്ഷം, മണ്‍സൂണിന് മുന്‍പു നടത്തിയ പ്രവൃത്തിക്ക് 1.69 ലക്ഷം, ഡീസല്‍ ജനറേറ്റര്‍ 6 ലക്ഷം, 72.46 ലക്ഷത്തിന് ബാരക്ക്, മരത്തിന്റെ ചില്ല മുറിച്ചത് 1.77 ലക്ഷം, ഗാര്‍ഡ് റൂമില്‍ കബോര്‍ഡിന് 1.39 ലക്ഷം, ഇന്റീരിയര്‍ വര്‍ക്ക് 3.50 ലക്ഷം, നടപ്പാത 13.62 ലക്ഷം, കാലി തൊഴുത്ത് 42.50 ലക്ഷം, കര്‍ട്ടന്‍ 7 ലക്ഷം, പെയിന്റിംഗ് 10.70 ലക്ഷം എന്നിങ്ങനെയാണ് ക്ലിഫ് ഹൗസില്‍ 2021 ല്‍ പൊതുമരാമത്ത് വകുപ്പ് മുഖേന നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.