വിദ്യാര്‍ത്ഥികളുടെ മുന്നില്‍ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു. കൊരട്ടി എല്‍.എഫ്.സി.ജി.എച്ച്.എസ് സ്‌കൂളിലെ അധ്യാപികയായ രമ്യ (41 വയസ്സ്) യാണ് മരിച്ചത്. വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു അധ്യാപിക കുഴഞ്ഞുവീണത്.

തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി ബാച്ചിന്റെ യാത്രയയപ്പ് വേളയില്‍ പ്രസംഗിക്കുന്നതിനിടെ വിദ്യാര്‍ഥികളുടെ മുന്നില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

വേദിയില്‍ കയറി മൈക്രോഫോണ്‍ കൈയിലെടുത്ത അധ്യാപികക്ക് ‘എനിക്ക് നിങ്ങള്‍ക്ക് ഒരു ഉപദേശം നല്‍കാനുണ്ട്’ എന്ന് മാത്രമേ പറയാനായുള്ളു. സഹ അധ്യാപകരും മറ്റു ജീവനക്കാരും ചേര്‍ന്ന് രമ്യയെ സമീപത്തെ ദേവമാത ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു .

സംഭവത്തില്‍ കൊരട്ടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. അങ്കമാലി വാപാലിശ്ശേരി പയ്യപ്പിള്ളി കൊളുവന്‍ ഫിനോബിന്റെ ഭാര്യയാണ് രമ്യ. മക്കള്‍: നേഹ, നോറ. മൃതദേഹം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് കൊരട്ടി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം വൈകീട്ട്? അഞ്ചിന്? നെടുമ്പാശ്ശേരി അകപ്പറമ്പ് സെന്റ് ഗര്‍വാസിസ് പ്രൊര്‍ത്താസിസ് ചര്‍ച്ച് സെമിത്തേരിയില്‍.