തിരുവനന്തപുരം : കോടതിയലക്ഷ്യ ഹര്‍ജിയുമായാണ് റോബിന്‍ ബസ് ഉടമ ഹൈക്കോടതിയില്‍. മോട്ടോര്‍ വാഹനവകുപ്പിന്റെ തുടര്‍ച്ചയായ പരിശോധനയ്ക്കും ബസ് പിടിച്ചെടുക്കലിനുമെതിരെയാണ് ബസ്സ് ഉടമ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു. ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഗതാഗത സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.
കഴിഞ്ഞ കുറച്ച് മാസങ്ങളായി റോബിന്‍ ബസ്സും എംവിടിയും തമ്മില്‍ പോര് തുടരുകയായിരുന്നു. അതിനിടെയാണ് ഇപ്പോള്‍ ബസ്സ് ഉടമ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. കേരളത്തില്‍ സര്‍വീസ് നടത്തിയ റോബിന്‍ ബസിനെ എംവിഡി നിരവധിയിടങ്ങളില്‍ തടഞ്ഞ് പരിശോധിച്ചിരുന്നുക്കുകയും തടഞ്ഞു നിര്‍ത്തുകയും ചെയ്തിരുന്നു.
ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ഡിസംബര്‍ 26നാണ് റോബിന്‍ ബസ് സര്‍വീസ് പുനരാരംഭിച്ചത്. അന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസിനെ വീണ്ടും എംവിഡി തടഞ്ഞിരുന്നു. കേരളത്തില്‍ വിവിധയിടങ്ങളിലെ പരിശോധനയ്ക്ക് ശേഷം വാളയാര്‍ ചെക്ക് പോസ്റ്റിലും കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന നടന്നു. തുടര്‍ന്നാണ് ബസ്സിനെ അതിര്‍ത്ഥി കടത്തിവിട്ടത്.
പത്തനംതിട്ട കോയമ്പത്തൂര്‍ റൂട്ടിലാണ് ബസ് സര്‍വീസ് തുടങ്ങിയത്. കോടതി നിര്‍ദേശപ്രകാരം മോട്ടോര്‍ വാഹന വകുപ്പ് ബസ് വിട്ട് നല്‍കിയിരുന്നു. സര്‍വീസ് തുടങ്ങി ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ തന്നെ മൈലപ്രയില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം സര്‍വീസ് തുടരാന്‍ അനുവദിക്കുകയായിരുന്നു.
പെര്‍മിറ്റ് ലംഘനത്തിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പുമായി നിയമയുദ്ധത്തിലായിരുന്ന റോബിന്‍ ബസിനെ കഴിഞ്ഞ മാസം 24ന് പുലര്‍ച്ചെയാണ് പിടിച്ചെടുത്തത്. ബസ് വിട്ടുകൊടുക്കാന്‍ പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഉടമ പൊലീസിനെ സമീപിച്ചെങ്കിലും മോട്ടോര്‍ വാഹന വകുപ്പ് ബസ് വിട്ടുകൊടുത്തിരുന്നില്ല. കോടതി നിര്‍ദേശം പരിഗണിച്ച ശേഷം അതിന്റെ പിറ്റേന്നാണ് ബസ് കൊടുത്തത്. നിയമലംഘനം കണ്ടാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റ് ഉള്ള ബസ്, സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വാദം.