കൊച്ചി: മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടനും മുൻ എം പിയുമായ സുരേഷ് ​ഗോപിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. ചോദ്യം ചെയ്യലിന് പിന്നാലെ ​ഗുരുതര വകുപ്പുകൾ ചേർത്ത് എഫ് ഐ ആർ പരിഷ്ക്കരിച്ചതോടെയാണ് സുരേഷ് ​ഗോപി ഹൈക്കോടതിയെ സമീപിച്ചത്.

25000 രൂപ ജാമ്യത്തുക കെട്ടിവെക്കണം. കൂടാതെ ജനുവരി 24ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചാണ് ജസ്റ്റിസ് സോഫി തോമസ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

കരുവന്നൂർ വിഷയത്തിൽ സർക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാ​ഗ്യമാണ് കേസിന് കാരണമെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ സുരേഷ് ​ഗോപി ആരോപിച്ചത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴിതടഞ്ഞ മാധ്യമപ്രവർത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. കേസിൽ നടക്കാവ് പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

തന്റെ മകളുടെ വിവാഹത്തിനോടനുബന്ധിച്ചുള്ള ദിവസങ്ങളില്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന ആശങ്ക സുരേഷ് ഗോപി ജാമ്യാപേക്ഷയില്‍ സൂചിപ്പിച്ചിരുന്നു.