ലണ്ടൻ: ഓൺലൈൻ ഗെയിമിൽ വച്ച അജ്ഞാതരായ ആളുകൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വെർച്വൽ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതി. ലോകത്തിൽ തന്നെ ആദ്യം എന്ന നിലയിലാണ് ലണ്ടനിൽ വെർച്വൽ ലൈംഗികാതിക്രമത്തിന് കേസ് എടുത്തിരിക്കുന്നത്. 16 വയസുകാരിയായ പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വെർച്വൽ ഹെഡ്സെറ്റുകൾ ധരിച്ചുള്ള ഒരു വീഡിയോ ഗെയിമിന് ഇടയിലാണ് സംഭവം നടന്നതെന്നാണ് പരാതി. വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകൾ ധരിച്ച് മെറ്റാവേഴ്സിലെ സഹകളിക്കാർക്കൊപ്പം എത്തിയ 16കാരിയെ ഗെയിമിനുള്ളിലെ അജ്ഞാതർ പീഡിപ്പിക്കുകയായിരുന്നു. ശാരീരികമായി പരിക്കുകൾ ഏറ്റിട്ടില്ലെങ്കിലും മാനസികമായി തകർന്ന നിലയിലാണ് പെൺകുട്ടിയുള്ളത്. അപ്രതീക്ഷിതമായി ഉണ്ടായ അതിക്രമം ശാരീരിക പരിക്കുകൾ ഏൽപ്പിച്ചില്ലെങ്കിലും ശാരീരികമായി ആക്രമിക്കപ്പെടുന്ന ഒരാളുടെ വൈകാരിക ആഘാതം കുട്ടിയിൽ സൃഷ്ടിച്ചതായാണ് പരാതി വിശദമാക്കുന്നത്.

ഇതിന് മുൻപ് ഹൊറിസോൺ വേൾഡ്സ്, ഹൊറിസോൺ വെന്യൂസ് തുടങ്ങിയ ഗെയിമുകളിൽ വച്ച് സമാന സംഭവങ്ങളുണ്ടായതായി റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും പരാതിയിൽ കേസ് എടുക്കുന്നത് ഇത് ആദ്യമാണ്. ലൈംഗികാതിക്രമ കേസുകൾ മാത്രമല്ല മെറ്റാവേഴ്സിൽ നടക്കുന്നത്. വെർച്വൽ മോഷണം, വ്യക്തിത്വ മോഷണം, മോചനദ്രവ്യം ആവശ്യപ്പെടൽ എന്നിവയും മെറ്റാവേഴ്സിൽ നടക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വിശദമാക്കുന്നത്. ഉപയോക്താക്കൾക്ക് ഒരു പെരുമാറ്റ ചട്ടം ഇല്ലെന്നും ഓരോർത്തർക്കും അവരുടേതായ അതിർവരമ്പുകൾ സ്വയം സൃഷ്ടിക്കാൻ സാധിക്കുന്നതുമാണ് മെറ്റാവേഴ്സ് എന്നാണ് മെറ്റയുടെ വക്താവ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്.

മെറ്റാവേഴ്സ് എന്നത് മെറ്റ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വെർച്വൽ ലോകമാണ്. ആളുകൾക്ക് അവരുടെ ഫാൻറസി ജീവിതം ആസ്വദിക്കാനുള്ള അവസരമാണ് മെറ്റാവേഴ്സിൽ ലഭിക്കുന്നത്. യഥാർത്ഥ പ്രായം, ലിംഗം അടക്കമുള്ള എല്ലാ ഫാന്റസികൾക്കും ഇവിടെ സ്ഥാനമുണ്ട്. ഇത്തരം സംഭവങ്ങൾ തുടർന്ന് നടക്കാതിരിക്കാനുള്ള നിയമ നിർമ്മാണ് ബ്രിട്ടനിലുണ്ടാവാനുള്ള സാധ്യതകളിലേക്കാണ് ഈ പരാതി വിരൽ ചൂണ്ടുന്നത്.