ഉപഭോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ വിവരങ്ങൾ ശേഖരിക്കുകയും അവ പരസ്യ വിതരണത്തിനായി ഉപയോഗിച്ചതിന്റെയും പേരിൽ ഫേസ്ബുക്ക് പല തവണ പഴികേട്ടിട്ടുണ്ട്. ഇപ്പോഴിതാ ഫേസ്ബുക്കിന്റെ മൊബൈൽ ആപ്പിൽ ‘ലിങ്ക് ഹിസ്റ്ററി’ എന്ന പേരിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. ഇത് എല്ലാ ഫേസ്ബുക്ക് ഉപഭോക്താക്കളുടേയും ഫോണിൽ ആക്റ്റിവേറ്റ് ആയിരിക്കും. അതായത് ഉപഭോക്താവ് ഫേസ്ബുക്ക് ആപ്പിൽ എന്തെല്ലാം ക്ലിക്ക് ചെയ്യുന്നോ അതെല്ലാം ഫേസ്ബുക്ക് ശേഖരിക്കും.

നിങ്ങളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ എത്തിക്കുന്നതിനായി ആ വിവരങ്ങൾ ഉപയോഗിക്കും. എന്നാൽ ഈ ഫീച്ചർ ഓഫ് ചെയ്തുവെക്കാൻ ഉപഭോക്താവിന് സാധിക്കും. ഒരു തരത്തിൽ യൂട്യബിലെ വാച്ച് ഹിസ്റ്ററിയ്ക്ക് സമാനമാണ് ഈ ഫീച്ചർ. എന്തെല്ലാം ലിങ്കുകൾ നിങ്ങൾ ക്ലിക്ക് ചെയ്തിട്ടുണ്ടെന്ന വിവരങ്ങൾ ലിങ്ക് ഹിസ്റ്ററിയിൽ ഫേസ്ബുക്ക് സൂക്ഷിച്ചുവെക്കും. ഫേസ്ബുക്കിൽ ക്ലിക്ക് ചെയ്യുന്ന വിവരങ്ങൾ വീണ്ടും കാണാൻ ഉപഭോക്താവിനും ഉപകരിക്കും.

ഫേസ്ബുക്കിൽ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ഫേസ്ബുക്ക് മൊബൈൽ ബ്രൗസറിൽ തുറക്കുന്ന ലിങ്കുകൾ സംബന്ധിച്ച വിവരങ്ങൾ ലിങ്ക് ഹിസ്റ്ററിയിലുണ്ടാവും. ഏത് സമയം വേണമെങ്കിലും ലിങ്ക് ഹിസ്റ്ററി ഡീ ആക്റ്റിവേറ്റ് ചെയ്യാനും ആക്ടിവേറ്റ് ചെയ്യാനും സാധിക്കും. എന്നാൽ ഫീച്ചർ എത്തുമ്പോൾ എല്ലാവർക്കും ഇത് ആക്ടിവേറ്റ് ആയിരിക്കും. 30 ദിവസത്തേക്കാണ് ഹിസ്റ്ററി സൂക്ഷിച്ചുവെക്കുക. മെസഞ്ചർ ചാറ്റുകളിലെ ലിങ്കുകൾ ഇതിൽ ഉണ്ടാവില്ല.

ലിങ്ക് ഹിസ്റ്ററി ഓഫ് ആക്കിയാൽ അതുവരെ ശേഖരിച്ചുവെച്ച ഹിസ്റ്ററി 90 ദിവസത്തിനുള്ളിൽ നീക്കം ചെയ്യും. ഫീച്ചർ ഇതുവരെ എല്ലായിടത്തും ലഭ്യമാക്കിയിട്ടില്ല. ആഗോള തലത്തിൽ പിന്നീട് ലഭ്യമാക്കുമെന്ന് ഫേസ്ബുക്ക് പറഞ്ഞു.