കൊച്ചി: ലോകകപ്പ് ജേതാക്കളായ അർജന്റീന ടീം കേരളത്തിലേക്ക് ഫുട്ബോൾ കളിക്കാനെത്തും. ജൂലൈ മാസത്തോ‌ടെ മെസ്സിപ്പട കേരളത്തിലേക്ക് വരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാൻ വ്യക്തമാക്കി. അർജന്റീനൻ ടീം എന്തായാലും കേരളത്തിൽ കളിക്കാൻ വരും അതുമായി ബന്ധപ്പെട്ട് അവരുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക സന്ദേശം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

‘ലയണൽ മെസി ഒക്കെ കളിക്കുന്ന അർജന്റീനയെപ്പോലൊരു ടീം വരുകയെന്നാൽ കേരളത്തിലെ ഫുട്ബോൾ ആരാധകർ വളരെയധികം ആഗ്രഹിക്കുന്ന ഒന്നാണ്. അതിനായി ധാരാളം കടമ്പകൾ കടക്കേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട് നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്’, മന്ത്രി പറഞ്ഞു. അർജന്റീനയുടെ ഭാഗത്ത് നിന്നും മെയിൽ വന്നിട്ടുണ്ടെന്നും അധികൃതരുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

അർജന്റീന കേരളത്തിലെത്തുന്നത് ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയിൽ വലിയ ഊർജം പകരുമെന്നും വിദേശ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ കേരളത്തിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. ജൂലൈയിൽ കളിക്കാനെത്താമെന്നാണ് അർജന്റീന അറിയിച്ചിരിക്കുന്നത്. എന്നാൽ ഈ സമയത്ത് കേരളത്തിൽ മഴ ഒരു പ്രശ്നമാണെന്നും ഈ കാര്യങ്ങളെല്ലാം സംസാരിക്കാൻ ഒരു ഫേസ് ടു ഫേസ് ചർച്ചയ്ക്ക് സമയം ചോദിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിൽ സൗഹൃദ മത്സരം കളിക്കാൻ സമ്മതമാണെന്ന് അർജന്റീന കഴിഞ്ഞ വർഷം അറിയിച്ചിരുന്നു. എന്നാൽ ഇത് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നിരസിക്കുകയായിരുന്നു. തുടർന്നാണ് കേരളത്തിലേക്ക് സ്വാ​ഗതം ചെയ്ത് മന്ത്രി അബ്ദുറഹ്‌മാൻ കത്തയച്ചത്. 2022-ലെ ലോകകപ്പ് വിജയത്തിനു പിന്നാലെ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ കേരളത്തെയടക്കം പരാമർശിച്ച് നന്ദിയറിയിച്ചിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ അർജന്റീന അമ്പാസിഡറെ സന്ദർശിക്കുകയും കേരളത്തിന്റെ ഫുട്‌ബോൾ വികസനത്തിനായി അർജന്റീനയുമായി സഹകരിക്കുന്നതിനുള്ള താൽപ്പര്യം അറിയിക്കുകയും ചെയ്തിരുന്നു.