കൊച്ചി: പങ്കാളിയോട് ലൈംഗിക വൈകൃതം കാണിക്കുന്നത് ക്രൂരതയായ് കണക്കാക്കും. അതിനാല്‍ വിവാഹമോചന കാരണമായി ലൈംഗിക വൈകൃതം കണക്കാക്കാമെന്ന് ഹൈക്കോടതി.

ജസ്റ്റിസ് അമിത് റാവലും സിഎസ് സുധ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. പങ്കാളികളികള്‍ക്കിടയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ അത് വിവാഹമോചനം അനുവദിക്കാന്‍ മതിയായ കാരണമാണ്. വിവാഹമോചനം നല്‍കണമെന്ന ആവശ്യം നിരസിച്ച കുടുംബകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് എറണാകുളം സ്വദേശിനിയായ സ്ത്രീ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.


ഭര്‍ത്താവ് തന്നെ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയമാക്കിയെന്നും അശ്ലീല സിനിമകളിലെ രംഗങ്ങള്‍ അനുകരിക്കാന്‍ നിര്‍ബന്ധിച്ചെന്നും എതിര്‍ത്തപ്പോള്‍ ശാരീരികമായി ഉപദ്രവിച്ചെന്നുമായിരുന്നു സ്ത്രീയുടെ പരാതി. പരാതിക്കാരിയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കോടതി വിവാഹമോചനം അനുവദിച്ച് ഉത്തരവിടുകയായിരുന്നു.

അതോടൊപ്പം രണ്ട് മുതിര്‍ന്നവര്‍ അവരുടെ കിടപ്പുമുറിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍, എങ്ങനെ എന്നത് അവരുടെ തിരഞ്ഞെടുപ്പാണെന്നും എന്നാല്‍ പങ്കാളികളില്‍ ഒരാള്‍ മറ്റേയാളുടെ പ്രവൃത്തിയെ എതിര്‍ക്കുന്നുവെങ്കില്‍ അത് ശാരീരികവും മാനസികവുമായ ക്രൂരതയായി മാത്രമേ കാണാനാകൂവെന്ന് കോടതി പറഞ്ഞു