ന്യൂഡല്‍ഹി: പ്രശസ്ത പഞ്ചാബി ഗായകന്‍ സിദ്ധു മൂലേവാലയുടെ കൊലപാതകത്തില്‍ മുഖ്യപ്രതിയും മാഫിയ തലവനുമായ ഗോള്‍ഡി ബ്രാറിനെ കേന്ദ്ര സര്‍ക്കാര്‍ തീവ്രവാദിയായി പ്രഖ്യാപിച്ചു. യു.എ.പി.എ നിയമപ്രകാരമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
നിരോധിത ഖാലിസ്ഥാനി സംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലുമായി ഗോള്‍ഡി ബ്രാറിന് ബന്ധമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. സതീന്ദ്രർജിത് ബ്രാർ എന്നാണ് ഇയാളുടെ യഥാർത്ഥ പേര്.
‘നിരവധി കൊലപാതകങ്ങളില്‍ ഉള്‍പ്പെട്ടു, വിദേശ ഏജന്‍സികളുടെ പിന്തുണയോടെ തീവ്ര പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നു, ദേശിയ നേതാക്കളെ ഭീഷണിപ്പെടുത്തുന്നു തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര നടപടി. കൂടാതെ ഇയാള്‍ നിരവധി കൊലപാതകങ്ങള്‍ നടത്തിയെന്ന അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്തവാനയില്‍ പറയുന്നു.
2022-ല്‍ പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തവും കാനഡ ആസ്ഥാനമായുള്ള ഭീകരനായ ഗോള്‍ഡി ബ്രാര്‍ ഏറ്റെടുത്തിരുന്നു. 2022 മെയ് മാസത്തില്‍ പഞ്ചാബിലെ മാന്‍സ ജില്ലയില്‍ വച്ചാണ് മൂസേവാല വെടിയേറ്റ് മരിച്ചത്. പിന്നീട് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ ബ്രാര്‍ ആണെന് പോലീസ് കണ്ടെത്തുകയായിരുന്നു.
29 വയസ്സുള്ള ഗോള്‍ഡി ബ്രാര്‍ ബി.എ. ബിരുദധാരിയാണ്. കൊലപാതകവും വധശ്രമവും അടക്കം 16-ഓളം കേസുകളാണ് ഇയാള്‍ക്കെതിരേ പഞ്ചാബില്‍ മാത്രമുള്ളത്. നാലുകേസുകളില്‍ ഗോള്‍ഡി ബ്രാറിനെ കോടതി വെറുതെവിടുകയും ചെയ്തു. എ-പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കുപ്രസിദ്ധ കുറ്റവാളിയാണ് ഗോള്‍ഡി ബ്രാര്‍. വിവിധ കാലയളവുകളില്‍ വിവിധ രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഇയാളുടെ ഫോട്ടോകളും പഞ്ചാബ് പോലീസിന്റെ ഫയലുകളിലുണ്ട്. പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥൻ്റെ മകനായ ഇയാള്‍ 2017 ലാണ് കാനഡയിലേക്ക് കടന്നത്. സ്റ്റുഡൻ്റ്സ് വിസയില്‍ കാനഡയിലെത്തിയ ഇയാള്‍ പിന്നീട് കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയായിരുന്നു.
രാജ്യത്തിന് പുറത്ത് നിന്ന് ഡ്രോണുകള്‍ വഴി ഉയര്‍ന്ന നിലവാരമുള്ള ആയുധങ്ങളും വെടിക്കോപ്പുകളും സ്‌ഫോടക വസ്തുക്കളും കടത്തുന്നതില്‍ ഗോള്‍ഡി ബ്രാര്‍ ഉള്‍പ്പെട്ടിരുന്നതായും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടുന്നുണ്ട്. ബ്രാറും കൂട്ടാളികളും പഞ്ചാബിലെ സമാധാനവും സാമുദായിക സൗഹാര്‍ദവും ക്രമസമാധാനവും തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്നും മന്ത്രാലയം പറയുന്നു.
സിദ്ധു മൂസേവാല കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം 2022 ജൂണില്‍ ഗോള്‍ഡി ബ്രാറിനെ കൈമാറുന്നതിനായി ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ലോറന്‍സ് ബിഷ്‌ണോയി അടക്കം 12-ഓളം കൂട്ടാളികളൊടൊപ്പം ചേര്‍ന്നാണ് ഗോള്‍ഡിയുടെ പ്രവര്‍ത്തനം. 2018-ല്‍ സല്‍മാന്‍ ഖാന്റെ വസതിയിലെത്തിയ സാംബത് നെഹ്‌റയും ഇയാളുടെ കൂട്ടാളിയാണ്. ലോറന്‍സ് ബിഷ്‌ണോയി കേസില്‍ കുടുങ്ങി ജയിലിലായതോടെയാണ് ഗോള്‍ഡി ബ്രാര്‍ കാനഡയിലേക്ക് പറന്നത്. തുടര്‍ന്ന് കാനഡയിലിരുന്ന് തന്റെ ഗുണ്ടാസംഘങ്ങളെ ഇയാള്‍ നിയന്ത്രിച്ചുവരികയാണെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.