ജനുവരി മൂന്നിന് കേരളത്തിൽ എത്തുന്ന പ്രധാനന്ത്രി രണ്ട്, മൂന്ന് തിയതികളിൽ തമിഴ്നാടും ലക്ഷദ്വീപും സന്ദർശിക്കും. ലക്ഷദ്വീപ് സന്ദർശന വേളയിൽ പ്രധാനമന്ത്രി 1150 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യും. ഏറ്റവും പ്രധാനം ഇന്ത്യൻ ഉപഭൂഖണ്ഡത്തെ കടലിനടിയിലൂടെയുള്ള ഒപ്റ്റിക് ഫൈബർ കേബിൾ വഴി ലക്ഷദ്വീപുമായി ബന്ധിപ്പിക്കുന്ന, കൊച്ചി – ലക്ഷദ്വീപ് സബ്മറൈൻ ഒപ്റ്റിക്കൽ ഫൈബർ കണക്ഷൻ (KLI – SOFC) പദ്ധതിയാണ്. ഇതോടെ ദ്വീപ് നിവാസികൾക്ക് അതിവേഗ ഇന്റർനെറ്റ് ലഭ്യമായി തുടങ്ങും.

കൊച്ചി-ലക്ഷദ്വീപ് സബ്മറൈൻ ഒപ്റ്റിക്കൽ ഫൈബർ കണക്ഷൻ (കെഎൽഐ – എസ്ഒഎഫ്‌സി) പദ്ധതിക്ക് തുടക്കമിട്ടുകൊണ്ട് ലക്ഷദ്വീപ് ദ്വീപസമൂഹത്തിലെ ഇന്റർനെറ്റിന്റെ വേഗതയില്ലായ്മ എന്ന വെല്ലുവിളി മറികടക്കാൻ പ്രധാനമന്ത്രി തീരുമാനിക്കുകയും 2020 ഓഗസ്റ്റിൽ ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. പൂർത്തിയായ ഈ പദ്ധതിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.

ഇതോടെ ഇന്റർനെറ്റ് വേഗത 100 മടങ്ങിൽ കൂടുതൽ (1.7 ജിബിപിഎസിൽ നിന്ന് 200 ജിബിപിഎസിലേക്ക്) വർധിപ്പിക്കും. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇതാദ്യമായാണ് ലക്ഷദ്വീപിനെ കടലിനടിയിലൂടെയുള്ള ഒപ്റ്റിക് ഫൈബർ കേബിൾ വഴി ബന്ധിപ്പിക്കുന്നത്. വേഗതയേറിയതും വിശ്വസനീയവുമായ ഇന്റർനെറ്റ് സേവനങ്ങൾ, ടെലിമെഡിസിൻ, ഇ-ഗവേണൻസ്, വിദ്യാഭ്യാസ സംരംഭങ്ങൾ, ഡിജിറ്റൽ ബാങ്കിങ്, ഡിജിറ്റൽ കറൻസി ഉപയോഗം, ഡിജിറ്റൽ സാക്ഷരത മുതലായവ പ്രാപ്തമാക്കിക്കൊണ്ട് കടലിനടിയിലൂടെയുള്ള സമർപ്പിത ഒഎഫ്സി ലക്ഷദ്വീപ് ദ്വീപസമൂഹത്തിലെ ആശയവിനിമയ അടിസ്ഥാനസൗകര്യങ്ങളിൽ മാതൃകാപരമായ മാറ്റം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.