തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിക്കാന്‍ പുതിയ കാരവാന്‍ വാങ്ങും. പോലീസ് എ.ഡി.ജി.പി അജിത്കുമാറാണ് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ കാരവാന്‍ വാങ്ങണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.

ടോയ്‌ലെറ്റ്, എ.സി, റൂം ഹീറ്റര്‍, പവര്‍ ബാക്ക് അപ്പ്, ടി.വി, ഫ്രിഡ്ജ്, ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങീ എല്ലാ അവശ്യ സൗകര്യങ്ങളോടു കൂടിയുള്ള കാരവനാണ് മുഖ്യമന്ത്രിക്ക് വേണ്ടി വാങ്ങുന്നത്.

കാരവന്‍ നിര്‍ദ്ദേശിക്കാനുള്ള കാരണമായി എ.ഡി.ജി.പി പറയുന്നത് ഇങ്ങനെ – ‘മുഖ്യമന്ത്രി എല്ലാ ദിവസവും ഒരിടത്തിരുന്നു ജോലി ചെയ്യുന്ന കാലം കഴിഞ്ഞു. മുഖ്യമന്ത്രിക്ക് സഞ്ചരിക്കുന്ന ഓഫിസാണ് വേണ്ടത്. രണ്ടോ, മൂന്നോ സ്റ്റാഫിന് കൂടി യാത്ര ചെയ്യാന്‍ കഴിയുന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യം ഉള്ള കാരവന്‍ ആണ് മുഖ്യമന്ത്രിക്ക് ആവശ്യം’ . എ.ഡി.ജി.പിയുടെ നിര്‍ദ്ദേശം മുഖ്യമന്ത്രിക്കും ബോധിച്ചിരിക്കുകയാണെന്നാണ് സൂചന.

കാരവന്‍ വാങ്ങുന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഉടന്‍ ഉണ്ടാകും. 75 ലക്ഷം മുതല്‍ 1 കോടി രൂപ വരെയുള്ള കാരവന്‍ വാങ്ങണമെന്നാണ് നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് കാരവന്‍ വാങ്ങുന്നത് ഉചിതമായിരിക്കുമെന്നാണ് ഡോക്ടര്‍മാരുടെ ഉപദേശവും.

വെള്ള ഇന്നോവ ക്രിസ്റ്റ മാറ്റി കറുത്ത കിയ കാര്‍ണിവല്‍ ഉപയോഗിക്കാന്‍ മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയതും പോലീസിന്റെ തലപ്പത്തുള്ളവര്‍ ആയിരുന്നു. സുരക്ഷ ആയിരുന്നു അന്ന് കാരണം പറഞ്ഞത്. ഡല്‍ഹിയില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്കായി പുതിയ വാഹനങ്ങള്‍ വാങ്ങി.

2.50 കോടി രൂപയാണ് മുഖ്യമന്ത്രിക്ക് വാഹനം വാങ്ങാന്‍ 2021 മെയ് മാസത്തിന് ശേഷം ചെലവഴിച്ചത്. ലോകസഭ തെരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ കാരവനില്‍ ആയിരിക്കും പിണറായി പ്രചരണത്തിനായി സഞ്ചരിക്കുക. കാരവനില്‍ സഞ്ചരിച്ച് ലാപ്പ്‌ടോപ്പില്‍ ഫയലുകള്‍ നോക്കുന്ന പിണറായിയുടെ പുതിയ മുഖത്തിന് 2024 ല്‍ കേരളം സാക്ഷ്യം വഹിക്കും.