കെ.വി തോമസിന് ഓണറേറിയം നല്കാൻ 12.50 ലക്ഷം അനുവദിച്ച് ബാലഗോപാൽ; ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസിന് ഓണറേറിയം നല്കാന് 12.50 ലക്ഷം രൂപ അധിക ഫണ്ട് അനുവദിച്ച് ധനവകുപ്പ്.
ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. കെ.വി തോമസിന്റെ ഓണറേറിയത്തിന് പുറമേ 4 സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളുടെ ശമ്പളവും ഈ 12.50 ലക്ഷം രൂപയില്‍ നിന്ന് കൊടുക്കണമെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.
നവംബര്‍ 20ന് കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ ഓണറേറിയം കൊടുക്കാന്‍ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. 1 ലക്ഷം രൂപയാണ് കെ.വി തോമസിന്റെ ഓണറേറിയം.
ശമ്പളം വേണ്ട ഓണറേറിയം മതി എന്ന തന്ത്രപരമായ നിലപാട് ആണ് കെ.വി. തോമസ് സ്വീകരിച്ചിരിക്കുന്നത്. ശമ്പളം വാങ്ങുകയാണെങ്കില്‍ പെന്ഷന് കിട്ടില്ല. ഓണറേറിയമാണെങ്കില്‍ പെന്ഷന് കിട്ടും.
എം.എല്‍.എ, എം.പി, അധ്യാപക പെന്ഷന് എന്നിങ്ങനെ 3 പെന്‍ഷനുകള്‍ കെ.വി തോമസിന് ലഭിക്കുന്നുണ്ട്. 2023 ജൂണ്‍ മാസം വരെ 5,38,710 രൂപ ഓണറേറിയം ഇനത്തില്‍ കെ.വി. തോമസിന് നല്‍കിയിരുന്നുവെന്ന് സെപ്റ്റംബറില്‍ മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയിരുന്നു.
ഇത് കൂടാതെ ടെലിഫോണ്‍ ചാര്‍ജ്, വാഹനം, യാത്ര ബത്ത എന്നി ആനുകൂല്യങ്ങളും കെ.വി തോമസിന് അനുവദിച്ചിട്ടുണ്ട്. ലോക്സഭയിലേക്ക് മല്‍സരിക്കാനില്ല എന്ന് കെ.വി. തോമസ് പ്രഖ്യാപിച്ചിട്ടുണ്ട്.
2024 ഏപ്രിലില്‍ ഒഴിവ് വരുന്ന എളമരം കരീമിന്റെ രാജ്യസഭ സീറ്റിലാണ് കെ.വി തോമസിന്റെ കണ്ണെന്നാണ് വിലയിരുത്തുന്നത്. പിണറായിയുടെ വിശ്വസ്തനായതിനാല്‍ രാജ്യസഭ സീറ്റ് കെ.വി തോമസിന് ലഭിച്ചേക്കും.
Read Also
- ക്രൂരമർദ്ദനം: എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് അബിൻ വർക്കി
- മുന്ന് വയസുകാരനെ കൊന്ന് വാഷിങ് മെഷീനിൽ ഒളിപ്പിച്ചു; അയൽക്കാരി അറസ്റ്റിൽ
- ഹേമ കമ്മിറ്റി റിപ്പോർട്ട്: പ്രത്യേക ബഞ്ചിന്റെ സിറ്റിങ് നാളെ
- ഹരിയാനയില്‍ കോണ്‍ഗ്രസ് – എഎപി സഖ്യമില്ല; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
- മണിപ്പുരിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ രാജ്ഭവന് നേരെ പ്രതിഷേധം: 20 പേർക്ക് പരിക്ക്