ഇന്ത്യ ലോകമാകെ തേടുന്ന ആഗോള ഭീകരനാണ് ദാവൂദ് ഇബ്രാഹിം. ഇയാള്‍ മരിച്ചുവെന്ന ഊഹാപോഹങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യ – പാക് മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ചൂടേറിയ ചര്‍ച്ച. എന്നാല്‍, ഇത്തരം കിംവദന്തി ഇതാദ്യ സംഭവമല്ല.

രണ്ട് ദിവസം മുമ്പ് ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ദാവൂദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും ഏഴു മണിക്കൂറോളം ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടതും ഉള്‍പ്പെടുത്തി പാകിസ്താന്‍ യൂട്യൂബര്‍ നടത്തിയ കണക്കുകൂട്ടലുകളാണ് ദാവൂദ് ഇബ്രാഹിമിന്റെ കാര്യത്തില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.

1993ലെ മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനും ഇന്ത്യ തിരയുന്ന കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ ജീവിതം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രഹസ്യമായി തുടരുകയാണ്. 2020ല്‍ ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കോവിഡ് -19 ബാധിച്ചതായി പ്രസ്താവിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ദാവൂദ് വൈറസ് ബാധിച്ച് മരിച്ചുവെന്ന് ചിലര്‍ അവകാശപ്പെട്ടു.

2017ല്‍ ദാവൂദ് ഇബ്രാഹിം ഹൃദയാഘാതം മൂലം മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇയാള്‍ക്ക് ബ്രെയിന്‍ ട്യൂമര്‍ ഉണ്ടെന്നും അത് ആരോഗ്യം വഷളാകാന്‍ കാരണമായെന്നുമാണ്. 2016ല്‍ ദാവൂദ് ഇബ്രാഹിമിന്റെ കാലില്‍ ഗംഗ്രിന്‍ ബാധിച്ചെന്നും ഡോക്ടര്‍മാര്‍ക്ക് അവ മുറിച്ചുമാറ്റേണ്ടി വന്നേക്കാമെന്നും സോഷ്യല്‍ മീഡിയയില്‍ മറ്റൊരു കിംവദന്തി പരന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം തെറ്റാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ദാവൂദ് ഇബ്രാഹിം ആരോഗ്യവാനാണെന്ന വാക്കുകളാണ്് ദാവൂദിന്റെ വലംകയ്യായ ഛോട്ടാ ഷക്കീല്‍ പറയുന്നത്.

മുന്‍കാലങ്ങളില്‍ വന്ന രീതിയിലുള്ള ഊഹാപോഹം എന്നതിനപ്പുറം മറ്റൊരു കാര്യവും ഇതിലില്ലെന്നും ഛോട്ടാ ഷക്കീല്‍ ചൂണ്ടിക്കാട്ടി. ഛോട്ടാ ഷക്കീലാണ് ദാവൂദ് സ്ഥാപിച്ച ഡി കമ്പനി ഇപ്പോള്‍ മുന്നോട്ട് കൊണ്ടുപോവുന്നതും മേല്‍നോട്ടം വഹിക്കുന്നതും.

പാകിസ്താനിലുണ്ടായ അപ്രതീക്ഷിതമായ ഇന്റര്‍നെറ്റ് വിച്ഛേദനവുമായി ബന്ധപ്പെടുത്തിയായിരുന്നു ദാവൂദിന് വിഷബാധയേറ്റുവെന്ന തരത്തിലുള്ള വാര്‍ത്ത പുറത്തുവിട്ടത്. ഇതിന് വലിയ രീതിയില്‍ പ്രചാരണം ലഭിക്കുകയും ചെയ്തു. എന്നാല്‍ ഇത് പൂര്‍ണമായും തെറ്റാണെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

കറാച്ചിയിലെ ക്ലിഫ്റ്റണ്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന വൈറ്റ് ഹൗസ് ബംഗ്ലാവ് ദാവൂദിന്റെ സ്ഥിരം വസതിയാണെന്നതിന് നിഷേധിക്കാനാവാത്ത തെളിവുകളുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. രണ്ടാമത്തെ ഒളിത്താവളം കറാച്ചിയിലെ തന്നെ ഡിഫന്‍സ് ഹൗസിംഗ് കോളനിയിലാണെന്നും വ്യക്തമാക്കുന്നു. ദാവൂദിന് 14 പാസ്‌പോര്‍ട്ടുകളുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. ഓരോ തവണ മരണവിവരം പുറത്തുവരുമ്പോഴും കൃത്യമായി ദാവൂദിന്റെ സംഘാംഗങ്ങള്‍ അത് നിഷേധിച്ചുകൊണ്ട് രംഗത്ത് വരികയും ചെയ്യാറുണ്ട്.

ഇന്ത്യ തേടുന്ന അന്താരാഷ്ട്ര കുറ്റവാളികളില്‍ ഒന്നാം സ്ഥാനത്താണ് കള്ളക്കടത്തുകാരനും മാഫിയ നേതാവുമായിരുന്ന ദാവൂദ് ഇബ്രാഹിം. ഇന്ത്യ വിടുംമുമ്പേ ദാവൂദ് ഒട്ടേറെ കള്ളക്കടത്ത് കേസുകളില്‍ നോട്ടപ്പുള്ളിയായി കഴിഞ്ഞിരുന്നു. 1993-ലെ മുംബൈ ആക്രമണത്തോടെ ദാവൂദ് ഇന്ത്യയുടെ സ്ഥിരം ക്രിമിനല്‍ പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്തു. പിടികൂടാന്‍ പല തവണ ശ്രമിച്ചുവെങ്കിലും ദാവൂദിന്റെ നിഗൂഢജീവിതം തുടര്‍ന്നുകൊണ്ടേയിരുന്നു.

കറാച്ചിയില്‍ താമസിച്ചുകൊണ്ടിരിക്കുകയാണെന്നും അതല്ല പല രാജ്യങ്ങളിലും മാറി മാറി താമസിക്കുകയാണെന്നുമൊക്കെയുള്ള വിവരം പുറത്തുവന്നുവെങ്കിലും പാകിസ്താന്‍ അഭയം നല്‍കിയിരിക്കുകയാണെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം. 1970-ല്‍ തുടങ്ങി പിന്നീട് ദാവൂദിന്റെ പേരില്‍ ചാര്‍ത്തപ്പെട്ടത് എണ്ണമില്ലാത്ത കേസുകളാണ്. ഒടുവില്‍ 2003-ല്‍ ഇന്ത്യയും യു.എസും ഔദ്യോഗികമായി ആഗോള ഭീകരനായി പ്രഖ്യാപിച്ചു. വിവരം നല്‍കുന്നവര്‍ക്ക് 25 മില്ല്യണ്‍ ഡോളര്‍വരെ പാരിതോഷികമാണ് യു.എസ് പ്രഖ്യാപിച്ചത്. എന്നിട്ടുപോലും കൃത്യമായ ഒരു വിവരവും പുറത്ത് വരാതെ നിഗൂഢജീവിതം നയിക്കുകയാണ് ദാവൂദ്.

1993ല്‍ 257 പേരുടെ മരണത്തിനും 700 പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയായ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയില്‍ വന്നിട്ടില്ലെന്നാണ് കരുതേണ്ടത്. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ തോയ്ബയുടേയും തന്റെ അനുയായികളുടേയും സഹായത്തോടെ ദാവൂദ് ഇബ്രാഹിം മുംബൈ സ്ഫോടനം നടത്തിയതെന്നായിരുന്നു അന്വേഷണ സംഘങ്ങളുടെ കണ്ടെത്തല്‍. കേസില്‍ ദാവൂദിന്റെ സഹായികളില്‍ കുറേ പേര്‍ അറസ്റ്റിലാവുകയും ജയിലില്‍ അടക്കപ്പെടുകയും ചെയ്തു. ഇതോടെയാണ് ദാവൂദ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കപ്പെട്ടത്. അമേരിക്കയും ഇന്ത്യയും യു.എന്നും ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ദാവൂദിന്റെ വാസസ്ഥലം കറാച്ചിയാണെന്നും കണ്ടെത്തിയിരുന്നു.

യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെല്ലാം വ്യാപിച്ചുകിടക്കുന്നതാണ് ദാവൂദിന്റെ ബിസിനസ് എന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടനില്‍ മാത്രം 450 മില്യണ്‍ യു.എസ്. ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയില്‍ അനധികൃത വജ്രവ്യാപാരവും ഇയാളുടെ നിയന്ത്രണത്തിലുണ്ടെന്ന് പറയപ്പെടുന്നു. ദാവൂദിന്റെ ആസ്തി 6.7 ബില്യണ്‍ യു.എസ്. ഡോളറെന്നാണ് 2015-ലെ ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇതിന് മുമ്പ് കൊളംബിയന്‍ അധോലോക നായകന്‍ പാബ്ലോ എസ്‌കോബര്‍ മാത്രമാണ് ഇതിന് മുമ്പ് ഫോര്‍ബ്സ് ആസ്തി പട്ടികയില്‍ ഇടം പിടിച്ച കള്ളക്കടത്ത് തലവന്‍. 1989-ല്‍ എസ്‌കോബാറിന് 9 മില്ല്യണ്‍ യു.എസ് ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് ഫോര്‍ബ്സ് റിപ്പോര്‍ട്ട് ചെയ്തത്.

മുംബൈ സ്ഫോടനത്തിന് ശേഷം ദുബായിലേക്ക് രക്ഷപ്പെട്ട ദാവൂദ് പിന്നീട് പാകിസ്താനില്‍ അഭയം പ്രാപിക്കുകയായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭീകരാക്രമണം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, സംഘടിത കുറ്റകൃത്യങ്ങള്‍, ലഹരിമരുന്ന്, ആയുധക്കടത്ത് തുടങ്ങി നിരവധി കേസുകളാണ് ഇയാള്‍ക്കെതിരെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.