തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തരംഗം. ഉപതെരഞ്ഞെടുപ്പ് നടന്ന 33 വാർഡുകളിൽ 17 എണ്ണത്തിൽ യു.ഡി. എഫ് വിജയിച്ചു.

11 സീറ്റുകളാണ് യു.ഡി.എഫിന് ഉണ്ടായിരുന്നത് . 6 സീറ്റുകൾ വർദ്ധിപ്പിച്ച് സീറ്റ് നില 17 ലേക്ക് ഉയർത്താൻ യു.ഡി.എഫിന് സാധിച്ചു.

എൽ.ഡി.എഫ് 10 സീറ്റും എൻ.ഡി.എ 4 സീറ്റും മറ്റുള്ളവർ 2 സീറ്റും വിജയിച്ചു.
എല്‍.ഡി.എഫില്‍ നിന്ന് 5 സീറ്റും എസ്.ഡി.പി.ഐയില്‍ നിന്ന് ഒന്നും സ്വതന്ത്രരില്‍ നിന്ന് രണ്ട് സീറ്റും യു.ഡി.എഫ് പിടിച്ചു.

5 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ 3 ഇടത്തും യു.ഡി.എഫ് വിജയിച്ചു. ഇതില്‍ രണ്ടെണ്ണം എൽ ഡി എഫ് സിറ്റിങ് സീറ്റായിരുന്നു.
ഇടുക്കി കരിങ്കുന്നം നെടിയകാട് നാല് വോട്ടിനും പത്തനംതിട്ട മല്ലപുഴശേരിയില്‍ ഒരു വോട്ടിനുമാണ് യു.ഡി.എഫ് പരാജയപ്പെട്ടത്.

കഴിഞ്ഞ 2 വർഷത്തിനിടയിൽ നടന്ന 3 തദ്ദേശ ഉപതെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കിയത് യു.ഡി.എഫ് ആയിരുന്നു.

അതിന്റെ തുടർച്ചയാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലവും. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി തുടർഭരണം നേടിയ പിണറായിക്ക് പിന്നിട് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു.

2021 ൽ തകർന്നടിഞ്ഞ കോൺഗ്രസിനെ സതീശനും സുധാകരനും തിരിച്ചു കൊണ്ട് വരുന്ന അൽഭുതകരമായ കാഴ്ചയാണ് പിന്നിട് കാണുന്നത്. ഇലക്ഷൻ മാനേജ്മെന്റിന്റെ ആശാനായ സതീശനും സുധാകരനും തെരഞ്ഞെടുപ്പുകളിൽ വിജയം നേടാനുള്ള ആവേശം അണികളിൽ കുത്തിനിറച്ചു.

ടീം ഗെയിമിന്റെ പ്രാധാന്യം അറിഞ്ഞു കൊണ്ടാണ് ഇവർ യു.ഡി.എഫിനെ നയിച്ചത്. തൃക്കാക്കരയിലും പുതുപ്പള്ളിയിലും നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പുകളിൽ റെക്കോഡ് വിജയം നേടി യു.ഡി.എഫ് പിണറായി ക്യാമ്പിനെ ഞെട്ടിച്ചു. തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലെല്ലാം വ്യക്തയായ മേധാവിത്വം നേടാനും യു.ഡി.എഫിന് കഴിഞ്ഞു.

അഴിമതിയിലും മാസപ്പടിയിലും സാമ്പത്തിക പ്രതിസന്ധിയിലും വിലകയറ്റത്തിലും പെട്ട് പിണറായി നയിക്കുന്ന കപ്പൽ ആടിയുലയുകയാണ്.

കപ്പിത്താൻ അഴിമതിക്ക് നേതൃത്വം കൊടുക്കുമ്പോൾ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്ന് ആകില്ല. സർക്കാരിനെതിരെയുള്ള ജനരോഷം ശക്തം എന്ന് തെളിയിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലം. ലോകസഭയിൽ 20 സീറ്റും യു.ഡി.എഫ് പിടിക്കുമെന്ന് സതീശൻ പ്രഖ്യാപിച്ചത് വെറുതെയല്ല എന്ന് വ്യക്തം.