ന്യൂഡല്‍ഹി: അപ്രതീക്ഷിത പ്രതിഷേധത്തിലും സുരക്ഷാ വീഴ്ചയിലും ലോക്‌സഭ നടുങ്ങി. ഏകാധിപത്യം അനുവദിക്കില്ല, ഭരണഘടനയോട് ഉത്തരവാദിത്തം നിറവേറ്റുക, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് രണ്ടു യുവാക്കള്‍ സന്ദര്‍ശക ഗാലറിയില്‍ നിന്നും താഴെ എംപിമാര്‍ക്കിടയിലേക്ക് ചാടിയത്.
അസ്വാഭാവിക സംഭവത്തില്‍ ഭയന്ന ചില എംപിമാര്‍ പുറത്തേക്കോടി. ലോക്‌സഭയുടെ അകത്തളത്തില്‍ മഞ്ഞ നിറത്തിലുള്ള കളര്‍ സ്‌മോക് ഫോഗ് പ്രയോഗിച്ചായിരുന്നു പ്രതിഷേധം. ലോക്‌സഭയില്‍ ശൂന്യവേളയുടെ സമയത്തായിരുന്നു പ്രതിഷേധം. ബിജെപിയുടെ രാജേന്ദ്ര അഗര്‍വാളായിരുന്നു ആ സമയത്ത് സഭ നിയന്ത്രിച്ചിരുന്നത്. പരിഭ്രാന്തിക്കിടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു.
കളര്‍ സ്‌പ്രേയുമായി ഒരു യുവതി അടക്കം രണ്ടുപേര്‍ പാര്‍ലമെന്റിനു പുറത്തും പ്രതിഷേധിച്ചു. സംഭവത്തില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നീലം (42), അമോല്‍ ഷിന്‍ഡെ (25) എന്നിവരാണ് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചതിന് പിടിയിലായത്. ഇവരെ ഭീകര വിരുദ്ധസേന അടക്കം ചോദ്യം ചെയ്തു വരികയാണ്.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പിന്നീട് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല ലോക്‌സഭയെ അറിയിച്ചു. ലോക്‌സഭയ്ക്ക് അകത്തു പ്രതിഷേധിച്ച രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരുടെ പക്കലുണ്ടായിരുന്ന വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ടെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു.