പണിയറിയാത്ത ഊരാളുങ്കലിനെ ഒഴിവാക്കാനുള്ള സ്പീക്കറുടെ നീക്കം പാളി; ഐ.ടി വകുപ്പില് നിന്ന് ഉദ്യോഗസ്ഥരെ നിയോഗിച്ച് മുഖ്യമന്ത്രി
നിയമസഭ ഡിജിറ്റലൈസേഷനെ ആകെ കുളമാക്കി ഊരാളുങ്കല്
തിരുവനന്തപുരം – സംസ്ഥാന നിയമസഭ പ്രവർത്തനങ്ങള് ഡിജിറ്റലൈസ് ചെയ്യാനുള്ള പദ്ധതി പൂർത്തിയാക്കാനാകാതെ ഊരാളുങ്കല്. 52 കോടി രൂപയുടെ പദ്ധതി ഏറ്റെടുത്ത് കുളമാക്കിയ ഊരാളുങ്കലിനെ മാറ്റണമെന്ന സ്പീക്കറുടെ നിർദ്ദേശം തള്ളി. Uralungal Labour Contract Cooperative Society (ULCCS)
പേപ്പർ രഹിത നിയമസഭ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഇ നിയമസഭ പദ്ധതിയില് നിന്ന് ഊരാളുങ്കലിനെ ഒഴിവാക്കണമെന്നായിരുന്നു സ്പീക്കര് എ.എൻ. ഷംസീറീന്റെ ആവശ്യം. പക്ഷേ, അങ്ങനെ ചെയ്താല് ഊരാളുങ്കലിന് നാണക്കേടാകുമെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. പകരം ഐ.ടി വകുപ്പിന്റെ സഹായത്തോടുകൂടി പദ്ധതി പൂർത്തീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഊരാളുങ്കലിന് മൂന്നുമാസം കൂടി സമയം നീട്ടി നല്കി.
ഇ നിയമസഭ പദ്ധതി നടപ്പാക്കുന്നതിനായി ഐടി സെക്രട്ടറി അധ്യക്ഷനായി വിദഗ്ധ സമിതിയെ നിയോഗിച്ചുകൊണ്ട് സര്ക്കാര് ഉത്തരവ് പുറപ്പെടുവിച്ചു. (GO(Rt)No. 223/2023/ITD Dated 20.10.23)
52 കോടി രൂപ ചെലവഴിക്കുന്ന ഇ നിയമസഭാ പദ്ധതിയുടെ കരാര് എട്ടു തവണ ദീര്ഘിപ്പിച്ചു നല്കിയിട്ടും അടിസ്ഥാന കാര്യങ്ങള് പോലും പൂര്ത്തീകരിക്കാന് ഊരാളുങ്കല് സൊസൈറ്റിക്ക് സാധിക്കാത്ത സാഹചര്യത്തില് സ്പീക്കര് ഓഫീസ് അവശ്യപ്പെട്ടാണ് സര്ക്കാര് വിദഗ്ധ സമിതിയെ നിയോഗിച്ചത്. സ്പീക്കറുടെ ഓഫീസില് നിന്നുള്ള 18.10.23 ലെ 5976/OS A/23 നമ്പര് കത്തിന്റെ അടിസ്ഥാനത്തില് ആണ് സമിതിയെ നിയോഗിച്ചത്.
ഐ ടി സെക്രട്ടറി, IKM ഡെപ്യൂട്ടി ഡയറക്ടര്, ഡിജിറ്റല് യൂണിവേഴ്സിറ്റി, IT മിഷന്, NIC, CDAC എന്നിവയുടെ പ്രതിനിധികളാണ് സമിതിയില് ഉള്ളത്. ഇ നിയമസഭ പദ്ധതിക്കായി ഇതുവരെ ഊരാളുങ്കല് സൊസൈറ്റിയ്ക്ക് 32 കോടിയില്പരം രൂപ നിയമസഭ നല്കിയിട്ടുണ്ട്.
എന്നാല് 2020 ല് പൂര്ത്തിയാക്കേണ്ട പ്രൊജക്റ്റ് 25% പോലും പൂര്ത്തീകരിക്കാന് സാധിച്ചിട്ടില്ല. പതിനഞ്ചു മാസം കൊണ്ട് പൂര്ത്തിയാക്കേണ്ട കരാര് കാലാവധി ഏഴ് തവണയായി 3 വര്ഷം കൂടി ദീര്ഘിപ്പിച്ചു നല്കിയിട്ടും കാര്യമായ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.
അവസാനമായി ദീര്ഘിപ്പിച്ചു നല്കിയ കരാര് കാലാവധി 2023 നവംബര് 30 നു അവസാനിച്ചു. ഊരാളുങ്കലിനെ കൊണ്ട് പദ്ധതി നടപ്പിലാക്കാന് കഴിയില്ലെന്ന് മനസിലായ ഷംസീര് ഒഴിവാക്കാന് ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി ഇടപെട്ടതോടെ പത്തിമടക്കി. വീണ്ടും കരാര് ദീര്ഘിപ്പിക്കാന് തീരുമാനിച്ചു.
ഇ നിയമസഭാ പദ്ധതിയുടെ മൊബിലൈസെഷന് അഡ്വാന്സായി 13,59,56,354 രൂപയാണ് ഊരാളുങ്കലിന് കൈമാറിയത്. പദ്ധതിയുടെ അടങ്കല് തുകയുടെ 25% വരുന്ന തുകയാണ് ഇത്. ഹാര്ഡ്വെയര് വാങ്ങുന്നതിനായി 11 കോടിയോളം രൂപ ചെലവഴിച്ചു
10,95,91,921 രൂപ ചിലവഴിച്ചു ഇ നിയമസഭ പദ്ധതിയ്ക്കായി ഹാര്ഡ്വെയര് സാമഗ്രികള് വാങ്ങി. എന്നാല് 3 വര്ഷം കഴിഞ്ഞിട്ടും സോഫ്റ്റ്വെയര് രൂപീകരിക്കാത്തതിനാല് പ്രസ്തുത ഹാര്ഡ് വെയര് ഉല്പ്പന്നങ്ങളുടെ വാറണ്ടി പീരിയഡ് അവസാനിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പദ്ധതി സമയബന്ധിതമായി പൂര്ത്തീകരിക്കാത്തതിനാല് ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായാല് കമ്പനിയില്നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിന് കരാറില് യാതൊരു വ്യവസ്ഥയും ഉള്പ്പെടുത്തിയിട്ടുമില്ല.
നിയമസഭ ചോദ്യോത്തരങ്ങള് കൈകാര്യം ചെയ്യുന്നതിനായി എന് ഐ സി വികസിപ്പിച്ച LAIS എന്ന സോഫ്റ്റ്വെയര് വളരെ കാര്യക്ഷമത ഉള്ളതായിരുന്നു. കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് നിയമസഭ ഈ പദ്ധതി പൂര്ത്തീകരിച്ചത്. മികച്ച രീതിയില് പ്രവര്ത്തിച്ചിരുന്ന ഈ സംവിധാനത്തെ ഇ നിയമസഭാ പദ്ധതി വന്നപ്പോള് ഒഴിവാക്കി. പകരം ഊരാളുങ്കല് വികസിപ്പിച്ചെടുത്ത സംവിധാനം മുന്പ് ഉണ്ടായിരുന്നതിന്റെ പകുതിപോലും കാര്യക്ഷമത ഉള്ളതല്ല എന്നതിനാല് ചോദ്യോത്തര നടപടികള് കൈകാര്യം ചെയ്യുന്നത് വളരെയധികം പരിമിതികള് നേരിടുകയാണ്.
സര്ക്കാര് സഭയില് നല്കുന്ന ഉറപ്പുകള് നടപ്പാക്കുന്നതിന് ആയിട്ടുള്ള Assurance Implementation Desk (AID) എന്ന സോഫ്റ്റ്വെയര് എന് ഐ സി രൂപീകരിച്ചതാണ്. എന്നാല് ഇതിന്റെ കാലാവധി ഈ വര്ഷം അവസാനിക്കുമെന്നിരിക്കെ പകരം സംവിധാനം വികസിപ്പിക്കുവാന് ഊരാളുങ്കലിന് സാധിച്ചിട്ടില്ല.
നിയമസഭ പ്രവര്ത്തനവുമായി നേരിട്ട് ബന്ധപ്പെട്ടു നില്ക്കുന്ന നിയമ നിര്മ്മാണം, കമ്മിറ്റികളുടെ പ്രവര്ത്തനം തുടങ്ങിയവയില് സോഫ്റ്റ്വെയര് രൂപീകരണവും ഇഴയുകയാണ്. നിയമസഭ സെക്രട്ടേറിയറ്റിന്റെ പൊതുവായ ഭരണനടപടികള്ക്കായുള്ള HR management സംവിധാനവും തയ്യാറായിട്ടില്ല. ഉദ്യോഗസ്ഥരുടെ confidential report സമര്പ്പിക്കുവാന് തയ്യാറാക്കിയ portal പൂര്ണ്ണമായും പരാജയപ്പെട്ടതിനെ തുടര്ന്ന് സര്ക്കാര് സംവിധാനമായ SCORE നെ ആശ്രയിച്ചിരിക്കുകയാണ് നിയമസഭ. ഇന്കം ടാക്സ് സംബന്ധിച്ചു തയ്യാറാക്കിയ മോഡ്യൂളും വിജയിച്ചില്ല. ഇ നിയമസഭാ പദ്ധതിയുടെ സോഫ്റ്റ്വെയര് രൂപീകരണത്തില് ഊരാളുങ്കല് തയ്യാറാക്കി പ്രൊഡക്ഷന് സ്റ്റേജില് എത്തിച്ചതായി അവകാശപ്പെടുന്ന മോഡ്യൂളുകളില് കൂടുതലും പ്രവര്ത്തന ക്ഷമവും അല്ല .
എക്സ്പേര്ട്ട് കമ്മിറ്റി , സ്റ്റിയറിങ് കമ്മിറ്റി , ടെക്നിക്കല് കമ്മിറ്റി , ടെക്നിക്കല് വെരിഫിക്കേഷന് കമ്മിറ്റി , ഉന്നതതലസമിതി ചേഞ്ച് മാനേജിംഗ് കമ്മിറ്റി എന്നിങ്ങനെ വിവിധ സമിതികളുടെ മേല്നോട്ടത്തില് പ്രവര്ത്തനങ്ങള് മോണിറ്റര് ചെയ്തിട്ടും ഊരാളുങ്കല് സൊസൈറ്റിക്ക് സോഫ്റ്റ്വെയര് രൂപീകരണത്തില് മുന്നോട്ടു പോകുവാന് സാധിച്ചില്ല.
ഈ മേഖലയില് വേണ്ടത്ര മുന് പരിചയം ഇല്ലാത്ത സ്ഥാപനത്തെ കരാര് ഏല്പ്പിച്ചതിനാല് പദ്ധതി തന്നെ പരാജയപ്പെടുകയും കോടിക്കണക്കിനു രൂപ നഷ്ടമാകുകയും ചെയ്യുന്ന ഗുരുതര സാഹചര്യമാണ് നിയമസഭ നേരിടുന്നത്.
- ജിഎസ്ടി കൗണ്സിൽ: ഹെൽത്ത്-ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന്റെ ജി.എസ്.ടി. കുറയ്ക്കാൻ തീരുമാനമെടുക്കും
- സ്കൂൾ കുട്ടികൾക്ക് ഓണത്തിന് അഞ്ച് കിലോ അരിവിതരണം
- മലയാള സിനിമയിൽ പെരുമാറ്റച്ചട്ടം ആവശ്യമാണെന്ന് ഡബ്ല്യൂസിസി: എല്ലാ ജോലികൾക്കും കൃത്യമായ കരാർ വേണം
- തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണം ഉത്സവബത്തയായി 1000 രൂപ വീതം ലഭിക്കും
- ക്രൂരമർദ്ദനം: എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് അബിൻ വർക്കി