ഫാലിമിയിലെ ചാക്കോ സെക്രട്ടേറിയറ്റിലെ സൂപ്പര്‍സ്റ്റാര്‍

ബേസില്‍ ജോസഫ് നായകനായി നവാഗതനായ നിതീഷ് സഹദേവ് സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്ന സിനിമയാണ് ഫാലിമി. ചന്ദ്രനെന്ന അച്ഛനായി ജഗദീഷും അനു ചന്ദ്രനെന്ന മകനായി ബേസില്‍ ജോസഫും എത്തുന്ന സിനിമ പേര് സൂചിപ്പിക്കുന്നത് പോലെ ഒരു തല തിരിഞ്ഞ കുടുംബത്തിന്റെ കഥയാണ് പറയുന്നത്.

ഫാലിമിയില്‍ ശ്രദ്ധേയമായ കഥാപാത്രം മരിച്ചീനിവിള ചാക്കോയെ അവതരിപ്പിച്ച അനില്‍ രാജ് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനാണ്. തിയേറ്ററില്‍ സിനിമ ഹിറ്റായതോടെ അനില്‍ രാജ് സെക്രട്ടേറിയറ്റിലെ സൂപ്പര്‍ സ്റ്റാറായിരിക്കുകയാണ്.

സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥർ അനിൽരാജിന് ചുറ്റും സെൽഫിയെടുക്കാൻ റോന്ത് ചുറ്റുകയാണ്. ധനകാര്യ വകുപ്പിലെ അണ്ടർ സെക്രട്ടറിയായ അനിൽ രാജ് സെക്രട്ടേറിയേറ്റിലെ കാര്യശേഷിയുള്ള ഉദ്യോഗസ്ഥനെന്ന പേരുകേട്ടയാളാണ്.

ഫാലിമിൽ ജഗദീഷിന്റെ കൂട്ടുകാരൻ ചാക്കോ ആയി അനിൽ രാജ് സിനിമയില്‍ ആദ്യവസാനം നിറഞ്ഞു നില്‍ക്കുകയാണ്. തിരുവനന്തപുരം ഭാഷയിൽ ചിരിയുടെ മാലപ്പടക്കം തീർക്കുകയാണ് മരച്ചീനിവിള ചാക്കോ എന്ന കഥാപാത്രമായി അനിൽ രാജ് . വീട് വൃത്തിയാക്കാൻ വന്ന ബംഗാളിയെ പറഞ്ഞ് വിട്ടിട്ട് ചാക്കോയെ വിളിച്ച് വരുത്തി മതിൽ ക്ലീൻ ചെയ്യുന്നത് സീൻ കണ്ട് ചിരിച്ച് മണ്ണ് കപ്പും.

ചേട്ടന്റെ അഭിനയം കിടു, സൂപ്പർ , കലക്കി തിമിർത്തു എന്നായിരുന്നു ബേസിൽ ജോസഫിന്റെ അഭിനന്ദനം. ബേസിൽ ജോസഫിന്റെ മെസേജ് നിധി പോലെ കാത്ത് സൂക്ഷിക്കുകയാണ് അനിൽ രാജ് . ജഗദീഷ് , മജ്ഞുപിള്ള ഉൾപ്പെടെ മറ്റ് നിരവധി പേരും അനിൽ രാജിന്റെ പ്രകടനത്തെ അഭിനന്ദിച്ചു. മാമൻസ് എന്ന പേരിൽ അനിൽ രാജും സംഘവും അവതരിപ്പിച്ച റീൽസ് വൈറലായിരുന്നു.

ഇതിന്റെ പ്രകടനമാണ് ചാക്കോയുടെ വേഷത്തിലേക്ക് അനിൽ രാജിനെ എത്തിച്ചത്. ഓഫിസിൽ കൃത്യമായി എത്തുന്ന അനിൽ രാജ് എല്ലാ ദിവസവും രാവിലെ 10 മണിക്ക് 1 മിനിട്ട് ഫേസ് ബുക്കിൽ ലൈവായി അഭിനയ പരീക്ഷണം നടത്തും. ഇത് കണ്ട് നിരവധി പേർ അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു.

അഭിനയം അനിൽ രാജിന് എന്നും അഭിനിവേശമാണ്. ഒഴിവ് സമയങ്ങളിൽ പാതയോരങ്ങളിൽ മരം വച്ച് നട്ട് പിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന പരിസ്ഥിതി സ്നേഹി കൂടിയാണ് അദ്ദേഹം. മകനും മകളും ഒത്താണ് അദ്ദേഹം മരം നടാൻ ഇറങ്ങുന്നത്.

കലാകാരൻ കൂടിയായ മകൻ കാശിനാഥൻ തൊടുപുഴയിൽ എം.ബി. ബി.എസിന് പഠിക്കുന്നു. സൂപ്പർ ഹിറ്റായി ഓടുന്ന ഫാലിമിയും ചാക്കോയും അനിൽ രാജിന് തിരക്കുകളുടെ നാളുകളാണ് സമ്മാനിക്കുന്നത്. പുതിയ രണ്ട് സിനിമകളുടെ ചർച്ചകൾ നടന്ന് കൊണ്ടിരിക്കുന്നു.

ജോലിക്ക് ഭംഗം വരുത്താതെ അഭിനയം കൊണ്ട് പോകാനാണ് അനിൽ രാജ് ആഗ്രഹിക്കുന്നത്. തള്ളേ, എന്തര് അപ്പി എന്ന ക്ലീഷേ തിരുവനന്തപുരം ഭാഷ ഉപയോഗിക്കാതെ തിരുവനന്തപുരം ഭാഷയിൽ ജനങ്ങളുടെ ഹൃദയത്തിലേക്ക് കയറുകയായിരുന്നു ചാക്കോയിലൂടെ അനിൽ രാജ് .

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments