തിരുവനന്തപുരം: നവകേരളത്തെ വഴിയിലുപേക്ഷിച്ച് മുഖ്യമന്ത്രിയുടെ നവകേരള സദസ്സ്. റീ ബിള്‍ഡ് കേരളയെപ്പറ്റി മിണ്ടാതെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കേരളയാത്ര. പ്രഖ്യാപനങ്ങള്‍ നടത്തി അഞ്ചു വര്‍ഷമായിട്ടും എങ്ങുമെത്താത്ത അവസ്ഥയിലാണ് നവകേരളം അഥവ റീ ബില്‍ഡ് കേരളം. ആകെ ഗുണമുണ്ടായത് കുറച്ച് കണ്‍സള്‍ട്ടന്‍സി കമ്പനികള്‍ക്കുമാത്രം.

2018ലെ മഹാപ്രളയത്തെ തുടര്‍ന്ന് കേരളത്തിന്റെ പുനര്‍ നിര്‍മ്മിതിക്കായി രൂപീകരിച്ചതാണ് റീബില്‍ഡ് കേരള. 2018 നവംബര്‍ 11 നാണ് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ റീബില്‍ഡ് കേരളയുടെ ഹൈ ലെവല്‍ എംപവേഡ് കമ്മിറ്റി നടന്നത്. 2019 ല്‍ ആറ് മീറ്റിംഗും 2020 ല്‍ 4 മീറ്റിംഗും 2021 ല്‍ 4 മീറ്റിംഗും 2022 ല്‍ 4 മീറ്റിംഗും ആണ് ഹൈ ലെവല്‍ കമ്മിറ്റി കൂടിയത്.

2023 ആയപ്പോള്‍ ഹൈ ലെവല്‍ കമ്മിറ്റിയും റീ ബില്‍ഡ് കേരളയെ മറന്നു. 2023 ല്‍ നടന്നത് 2 മീറ്റിംഗ് മാത്രം. ജൂലൈയിലും ആഗസ്തിലും. ഹൈ ലെവല്‍ കമ്മറ്റിയുടെ അദ്ധ്യക്ഷനായ ചീഫ് സെക്രട്ടറി ഡോ.കെ. വേണു നവ കേരള സദസില്‍ സ്വാഗതം പറയുക എന്ന ഏക ജോലിയില്‍ മാത്രം വ്യാപൃതനായതിനാല്‍ ഈ വര്‍ഷം ഇനി ഹൈ ലെവല്‍ മീറ്റിംഗ് നടക്കുക അസാധ്യം.

904.83 കോടി രൂപയാണ് റീ ബില്‍ഡ് കേരളക്കായി ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ വകയിരുത്തിയത്. ചെലവഴിച്ചതാകട്ടെ 15.37 ശതമാനവും. അഞ്ച് വര്‍ഷം കഴിഞ്ഞ നവകേരളയുടെ അവസ്ഥയാണിത്.

31,000 കോടിയുടെ പുനര്‍നിര്‍മിതി ലക്ഷ്യമിട്ട റീ ബില്‍ഡ് കേരളയെ തുടക്കം മുതല്‍ വിവാദങ്ങള്‍ പിടികൂടിയിരുന്നു. സെക്രട്ടേറിയേറ്റിനടുത്തെ വിവാദ ബില്‍ഡിംഗ് ആസ്ഥാനമായേറ്റതോടെ റീ ബില്‍ഡ് കേരള വിവാദം ആരംഭിച്ചത്. 1.60 ലക്ഷം പ്രതിമാസ വാടകയില്‍ എടുത്ത കെട്ടിടം 88 ലക്ഷം രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മുടക്കിയാണ് ഫര്‍ണിഷ് ചെയ്തത്.

വിവാദ ഉദ്യോഗസ്ഥര്‍ ശിവശങ്കര്‍ ജോലിയുടെ സമ്മര്‍ദ്ദം കുറക്കാന്‍ താമസിച്ചിരുന്ന കെട്ടിടവും ഇവിടെ ആയിരുന്നു. സ്വപ്ന സുരേഷുമൊത്ത് ശിവശങ്കര്‍ ഗൂഢാലോചന നടത്തിയത് റീ ബില്‍ഡ് കേരള ഓഫിസിന്റെ തൊട്ടടുത്ത ഫ്‌ലോറില്‍ ആയിരുന്നു. കണ്‍സള്‍ട്ടന്‍സി വിവാദം ആയിരുന്നു അടുത്തത്. 4 കണ്‍സള്‍ട്ടന്‍സി ജീവനക്കാരുടെ പ്രതിമാസ ശമ്പളം 12.50 ലക്ഷം.

റീ ബില്‍ഡ് കേരളയുടെ ഭരണപരമായ ചെലവ് മാത്രം ഓരോ വര്‍ഷവും 10 കോടി. ലോക ബാങ്കില്‍ നിന്നെടുത്ത ആദ്യ ഗഡു സര്‍ക്കാര്‍ വക മാറ്റി ശമ്പളം നല്‍കാന്‍ കൊടുത്തത് വിവാദം ആയിരുന്നു. പ്രളയസെസ് എന്ന പേരില്‍ 2100 കോടി പിരിച്ചെങ്കിലും അതും സര്‍ക്കാര്‍ വക മാറ്റി.

31000 കോടിയുടെ പുനര്‍ നിര്‍മ്മാണം ഇങ്ങനെ പോയാല്‍ ഇനിയും അനന്തമായി നീളും എന്ന് വ്യക്തം. നവ കേരള നിര്‍മാണത്തില്‍ നിന്ന് നവ കേരള സദസിലേക്ക് പിണറായിയും സംഘവും ഓടുമ്പോള്‍ ഏറെ കെട്ടി ഘോഷിച്ച നവ കേരള നിര്‍മാണം ഏതാണ്ട് നിലച്ച മട്ടാണ്.