കണക്കുകൾ നിരത്തി കുടിശിക കൊടുക്കാനില്ലെന്നും എന്തെങ്കിലും കൊടുക്കാനുണ്ടെങ്കിൽ കേരളം കൃത്യമായ പ്രൊപ്പോസൽ തരാത്തത് കൊണ്ടാണെന്നുമുള്ള നിർമല സീതാരാമന്റെ പ്രസംഗത്തിന് വ്യക്തമായ മറുപടി പറയാതെ മാളത്തിൽ ഒളിച്ച് ധനമന്ത്രി ബാലഗോപാൽ.

ആറ് കാര്യങ്ങൾ വ്യക്തമായി ചൂണ്ടികാട്ടി കണക്കുകൾ സഹിതം ആറ്റിങ്ങലിൽ നിർമല സീതാരാമൻ പ്രസംഗിച്ചപ്പോൾ നവകേരള സദസ്സില്‍ പിണറായിക്ക് അകമ്പടിയുമായി റോന്ത് ചുറ്റുന്ന ബാലഗോപാൽ നീണ്ട മൗനത്തിലാണ്. എന്ത് കേട്ടാലും ചാടി വീഴുന്ന മുൻ ധനമന്ത്രി ഐസക്കും മൗനത്തിലാണ്.

ഖജനാവിൽ നിന്ന് ധൂർത്തടിക്കാൻ പണം എടുക്കുമെന്നതല്ലാതെ ധനകാര്യ മാനേജ് മെന്റിന്റെ എബിസിഡി അറിയാത്ത മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ സ്ഥിരം ക്യാപ്സൂളാണ് ഇറക്കിയത്.

“ചുരുക്കം ചില ഇനങ്ങള്‍ക്ക് മാത്രമാണ് കേന്ദ്രസഹായം കിട്ടുന്നത്. സംസ്ഥാനത്തിന് 34,714 കോടി ഗ്രാൻഡ് അനുവദിച്ചുവെന്നാണ് ധനമന്ത്രിയുടെ വാദം. ഇതൊന്നും ഔദാര്യമല്ല. കേരളത്തിന് കിട്ടേണ്ട വിഹിതമാണ്. സംസ്ഥാനത്തിനുണ്ടായ നഷ്ടത്തിന്റെ പകുതിപോലും പരിഹരിക്കപ്പെട്ടിട്ടില്ല. വരുന്ന രണ്ടു വര്‍ഷത്തില്‍ റവന്യൂ കമ്മി ഗ്രാൻഡ് ഇനത്തില്‍ കേരളത്തില്‍ ഒന്നും കിട്ടില്ലെന്ന് മനസ്സിലായി. സംസ്ഥാനങ്ങള്‍ക്ക് വീതിച്ച്‌ നല്‍കുന്ന നികുതി വിഹിതം കുറഞ്ഞു വരുന്നു. കേരളത്തിന് ഭീമമായ നഷ്ടം സഹിക്കേണ്ടി വരുന്നു. 57400 കോടി രൂപ കുറച്ച സ‍ര്‍ക്കാരാണ് ഇവിടെ വന്ന് എല്ലാം ചെയ്തുവെന്ന് പറയുന്നത് ” – പിണറായി പറഞ്ഞതിങ്ങനെ.

90,000 കോടി രൂപ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കേന്ദ്രം കേരളത്തിന് നൽകിയെന്ന് വെളിപ്പെടുത്തിയത് ബാലഗോപാലാണ്. നിയമസഭയിലായിരുന്നു ബാലഗോപാലിന്റെ രേഖാമൂലമുള്ള മറുപടി. ജി എസ്.ടി നഷ്ടപരിഹാര കുടിശിക കിട്ടാനില്ലെന്നും ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്ര സർക്കാരാണെന്നും ബാലഗോപാല്‍ വാദിച്ചിരുന്നു.

കേന്ദ്ര സർക്കാർ 57,400 കോടി രൂപ വെട്ടി കുറച്ചത് കൊണ്ടാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നുമായിരുന്നു ബാലഗോപാലിന്റെ ക്യാപ്സൂൾ. ജി.എസ്.ടി നഷ്ടപരിഹാരം 12000 കോടിയും , റവന്യു കമ്മി ഗ്രാൻഡ് 8,400 കോടിയും, വായ്പ പരിധി 19,000 കോടിയും, കേന്ദ്ര നികുതി വിഹിതം 18000 കോടിയും ചേർത്ത് ആകെ 57,400 കോടി വെട്ടി കുറച്ചു എന്നാണ് ബാലഗോപാലിന്റെ കണ്ട് പിടുത്തം. ബാലഗോപാലിന്റെ വാദം യുക്തിക്ക് നിരക്കാത്തത് ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

2017 ൽ ജി.എസ്.ടി നിയമം വന്ന ശേഷം അഞ്ച് വർഷത്തേക്ക് (2022 ജൂൺ വരെ ) വരുമാന നഷ്ടം നേരിട്ട സംസ്ഥാനങ്ങൾക്ക് നൽകിയിരുന്നതാണ് ജി.എസ്.ടി നഷ്ടപരിഹാരം. അത് കേവലം അഞ്ച് വർഷത്തേക്ക് മാത്രമാണെന്ന് ജി.എസ്.ടി നിയമത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. അത് പൂർണമായും കേന്ദ്രം കേരളത്തിന് കൊടുത്തു തീർത്തിട്ടുണ്ട് .

ധനസ്ഥിതി മോശമായ സംസ്ഥാനങ്ങൾക്ക് നൽകുന്ന സഹായമാണ് റവന്യു കമ്മി ഗ്രാന്റ്. ഓരോ സംസ്ഥാനത്തിനും എത്ര റവന്യൂ കമ്മി ഗ്രാൻഡ് നൽകണമെന്ന് തീരുമാനിക്കുന്നത് ധനകാര്യ കമ്മീഷനാണ് . സംസ്ഥാനങ്ങളുടെ വരവുകളും ചെലവുകളും വിലയിരുത്തി ഏകീകൃത മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ധനകാര്യ കമ്മീഷൻ റവന്യു കമ്മി ഗ്രാന്റ് അനുവദിക്കുന്നത്. അത്തരം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തൽ നടത്തിയാണ്‌ കേരളത്തിന് 37814 കോടി രൂപ റവന്യു കമ്മി ഗ്രാന്റ് നൽകാൻ 2020 ഒക്ടോബർ മാസത്തിൽ തീരുമാനമായത് . നോക്കു ഈ 37814 കോടി എന്നത് മൂന്നു വർഷത്തേക്ക് മാത്രമാണ് . 2021 -22 ൽ 19891 കോടിയും , 2022 -23 ൽ 13174 കോടിയും 2023-24 ൽ 4749 കോടിയും ചേർത്ത് ആകെ 37814 കോടി രൂപ അനുവദിക്കാനാണ് ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തത് . അത് പൂർണമായും കേരളത്തിന് കൊടുക്കുന്നുണ്ട് . ഇതുവരെയും കേന്ദ്രം അതിൽ വീഴ്ച വരുത്തിയിട്ടില്ല . അപ്പോൾ പിന്നെ എന്താണ് പ്രശ്‌നം .

നിങ്ങളുടെ കഷ്ടപ്പാട് കണ്ടിട്ട് നിങ്ങളെ സഹായിക്കാൻ ഒരാൾ വരുന്നുവെന്ന് കരുതുക. മൂന്നു വര്ഷം കൊണ്ട് 20000 രൂപ നിങ്ങൾക്ക് തരാമെന്ന് അയാൾ പറയുന്നു ആദ്യത്തെ വർഷം 9000 രൂപയും അടുത്ത വർഷം 8000 രൂപയും അതിന്റെ അടുത്ത വർഷം 3000 രൂപയും . ആകെ 20000 രൂപ . പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് അയാൾ നിങ്ങൾക്ക് ആദ്യത്തെ വർഷം 9000 രൂപയും അടുത്ത വർഷം 8000 രൂപയും നൽകി. അവസാന വർഷം 3000 രൂപ അയാൾ നിങ്ങൾക്ക് തരുമ്പോൾ നാട്ടുകാരോട് നിങ്ങൾ വിളിച്ചു പറയുകയാണ് കഴിഞ്ഞ വർഷം 8000 തന്ന മനുഷ്യൻ ഇപ്പോൾ 3000 മാത്രമേ തരുന്നുള്ളു, 5000 രൂപ വെട്ടി കുറച്ചുവെന്ന് .

സംസ്ഥാനങ്ങളുടെ ഓരോ വർഷത്തെയും കടമെടുപ്പ് പരിധി എത്രയാണെന്ന് ധനകാര്യ കമ്മീഷൻ 2020 ഒക്ടോബർ പുറത്ത് വിട്ട റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. അത് പ്രകാരം 2021-22 ൽ സംസ്ഥാനങ്ങൾക്ക് GSDP യുടെ 4 ശതമാനവും 2022-23 ൽ 3.5 ശതമാനവും കടം എടുക്കാം. (കോവിഡ് കാലത്തു ഇതിൽ ഈ പരിധി വർധിപ്പിച്ചിട്ടുണ്ട്.) 2023-24 മുതൽ 2025-26 വരെയുള്ള വർഷങ്ങളിൽ GSDP യുടെ 3 ശതമാനവും കടം എടുക്കാം. ഈ പരിധി കേരളത്തിന്‌ മാത്രമല്ല മുഴുവൻ സംസ്ഥാനങ്ങൾക്കും ബാധകമാണ്.

a . GSDP യുടെ 3 ശതമാനമായ 32442 കോടി രൂപ
b . Replacement Guarantee – 20985 കോടി രൂപ
c. NPS സ്വീകരിച്ചതുമൂലം ഉണ്ടായ അധിക ബാധ്യത compensation – 1755 കോടി

ആകെ എടുക്കാവുന്ന കടം (a+b+c ) = 55182 കോടി രൂപ .മേല്പറഞ്ഞ കണക്ക് പ്രകാരം കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ യാതൊരു വിധ വെട്ടി കുറവും വരുത്തിയിട്ടില്ലെന്ന് കാണാൻ സാധിക്കും.

കിഫ്‌ബിയുടെ കടം ഓഫ് ബജറ്റ് ബോറോയിംഗ് ആണ്. എന്താണ് ഓഫ് ബജറ്റ് ബോറോയിംഗ്? സർക്കാർ ബജറ്റ് അക്കൗണ്ടിൽ ഉൾപ്പെടുത്തി നടത്തുന്ന ചില സ്കീമുകൾക്ക് സർക്കാരിന്റെ കീഴിൽ തൽക്കാലത്തേക്ക് പണം ഉണ്ടാകണമെന്നില്ല. അപ്പോൾ ബന്ധപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളും ഏജൻസികളും വഴി ആ തുകകൾ ചിലവഴിക്കുകയും പിന്നീട് സർക്കാർ ഈ തുക ബജറ്റിൽ നിന്ന് ഏജൻസികൾക്കു നൽകുകയും ചെയ്യും. ഇതിനെയാണ് ഓഫ് ബജറ്റ് ബോറോയിംഗ് എന്നു പറയുന്നത്.

ഇവിടെ ഒരു ഉദാഹരണ സഹിതം കിഫ്‌ബിയുടെ കാര്യം വിശദമാക്കാം . നിങ്ങൾക്ക് ഒരു ലക്ഷം രൂപ മാസ വരുമാനമുണ്ട്. നിങ്ങൾ അത് വെച്ച് പരമാവധി കടം എടുത്തു. ഇനി ബാങ്ക് നിങ്ങൾക്ക് കടം തരില്ല എന്ന് പറയുന്നു. അപ്പോൾ നിങ്ങളുടെ വരുമാനത്തിൽ നിന്ന് 20,000 രൂപ ഭാര്യയുടെ പേരിൽ മാസം തോറും നിങ്ങൾ നിക്ഷേപിക്കുന്നു. എന്നിട്ട് ആ 20000 വെച്ച് ഭാര്യയെ കൊണ്ട് ലോൺ എടുപ്പിക്കുന്നു. അതാണ് ഇവിടെ നടക്കുന്നത്. നിങ്ങൾ സർക്കാരും. ഭാര്യ കിഫ്‌ബിയും. കിഫ്‌ബിക്ക് സ്വന്തമായി വരുമാനമില്ല.

സർക്കാർ ഖജനാവിലേക്ക് വരേണ്ട നികുതി പണമാണ് കിഫ്‌ബിക്ക് നൽകുന്നത്. കിഫ്‌ബി അതുവെച്ചു വായ്‌പ എടുക്കുന്നു. അപ്പോൾ ആ വായ്പ കേരള സർക്കാരിന്റെ ബാധ്യത അല്ലാതെ ആകുന്നത് എങ്ങനെയാണ്. ഇത്തരത്തിൽ ഏത് സംസ്ഥാനവും ഓഫ് ബജറ്റ് വായ്പ എടുത്താൽ അത് ആ സംസ്ഥാനത്തിന്റെ പൊതു കടം ആയിട്ടുതന്നെയാണ് സിഎജി കണക്കാക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ ആന്ധ്രാപ്രദേശ് എടുത്ത ഓഫ് ബജറ്റ് വായ്പയും ആന്ധ്രായുടെ പൊതുകടമായി സിഎജി കണക്കാക്കിയിരുന്നു.

തികച്ചും തെറ്റായ പ്രചാരമാണ് ഇത് . കിഫ്ബിയും സോഷ്യൽ സെക്യൂരിറ്റി മിഷനും എടുക്കുന്ന കടത്തിന്റെ നെറ്റ് തുകയാണ് പൊതുകടമായി സിഎജി എടുക്കുന്നത്. അതായത് കിഫ്ബിയും സോഷ്യൽ സെക്യൂരിറ്റി മിഷനും എടുത്ത ആകെ കടത്തിൽ നിന്നും തിരിച്ചടവ് കഴിഞ്ഞുള്ള നെറ്റ് തുകയാണ് പൊതുകടമായി എടുക്കുന്നത്. 2021 -22 ൽ കിഫ്ബിയും സോഷ്യൽ സെക്യൂരിറ്റി മിഷനും കൂടി എടുത്ത ഗ്രോസ് borrowings 14312.80 കോടിയാണ്. അതിൽ തിരിച്ചടവ് നടത്തിയ 1750 കോടി കുറച്ചതിനു ശേഷമുള്ള net off-budget borrowing ആയ 12560.80 കോടിയാണ് കേരളത്തിന്റെ പൊതു കടത്തിലേക്ക് കൂട്ടിച്ചേർത്തത്. അതും ഒരുമിച്ച് ഇത്രയും വലിയ തുക കൂട്ടി ചേർത്താൽ കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്നും വൻതോതിൽ കുറവ് വരുമെന്നതിനാൽ 12560.80 കോടിയെ നാലായി ഭാഗിച്ച് ഓരോ വർഷവും 3,140.70 കോടി വീതമായി നാലുവർഷത്തേക്ക് കടമെടുപ്പ് പരിധിയിൽ നിന്നും കുറവ് വരുത്തുകയാണ്‌ കേന്ദ്രം ചെയ്തത്. 2022 ഡിസംബർ 12 ന് ശശി തരൂരിന്റെ ലോകസഭാ ചോദ്യത്തിൽ ഇത് വിശദീകരിക്കുന്നുണ്ട്. net off-budget borrowing ആണ് പൊതുകടത്തിലേക്ക് ഉൾപ്പെടുത്തുന്നത് അല്ലാതെ തോമസ് ഐസക് പറയുന്നത് പോലെ Gross off-budget borrowing അല്ല .

ഈ ആരോപണത്തിനു എങ്ങനെയാണ് ഉയർത്തുന്നതെന്ന് നോക്കു. 25 വർഷങ്ങൾക്ക് മുൻപ് ധനകാര്യ കമ്മീഷൻ ആകെ കേന്ദ്ര നികുതിയുടെ 3.87% കേരളത്തിന്‌ വീതിച്ചു നൽകിയിരുന്നു അതേ ശതമാനം ഇപ്പോഴും ലഭിച്ചിരുന്നുവെങ്കിൽ 18000 കോടി രൂപ കേരളത്തിന്‌ അധികം ലഭിക്കുമായിരുന്നു എന്നതാണ് വാദം. കാൽനൂറ്റാണ്ട് മുൻപത്തെ സാഹചര്യമാണോ ഇപ്പോൾ ഇന്ത്യയിൽ ഉള്ളത് ? ജനസംഖ്യയിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചല്ലോ. ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ വിഹിതം ലഭിക്കും.

എങ്കിലും നിലവിലുള്ള പതിനഞ്ചാം ധന കമ്മീഷൻ റിപ്പോർട്ട് പ്രകാരം കേരളത്തിന്‌ ലഭിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ്. 25 വർഷങ്ങൾക്ക് മുൻപുള്ള പത്താം ധന കമ്മീഷൻ ആകെ കേന്ദ്ര നികുതിയുടെ വെറും 29 ശതമാനമാണ് സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകുന്നത്. എന്നാൽ പതിനഞ്ചാം കമ്മീഷൻ നൽകുന്നത് 41 ശതമാനവും . മാത്രമല്ല പത്താം ധന കമ്മീഷൻ വീതിച്ചു നൽകിയതിന്റെ എത്രയോ മടങ്ങ് വലിയ തുകയാണ് പതിനഞ്ചാം കമ്മീഷൻ വീതിച്ചു നൽകുന്നത്. പത്താം ധന കമ്മീഷൻ ആകെ കേരളത്തിന്‌ നൽകിയത് 6644.87 കോടി രൂപയാണ്. എന്നാൽ പതിനഞ്ചാം ധന കമ്മീഷൻ 2021-22 ൽ മാത്രം 39991.22 കോടി കേരളത്തിന്‌ നൽകിയിട്ടുണ്ട്. തുടർന്നുള്ള വർഷങ്ങളിലെ AG യുടെ കണക്ക് പുറത്ത് വന്നിട്ടില്ല. എന്ത് തന്നെ ആയാലും ഓരോ വർഷവും ഏതാണ്ട് 30000 കോടിക്ക് മുകളിൽ കേരളത്തിന്‌ ലഭിക്കുമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല.

പതിനഞ്ചാം ധനകമ്മീഷൻ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ റവന്യു കമ്മി ഗ്രാന്റ് ലഭിക്കുന്ന സംസ്ഥാനങ്ങളിൽ രണ്ടാമതാണ് കേരളം . ഇത്രയും വലിയ റവന്യു കമ്മി ഗ്രാൻഡ് ലഭിച്ചതിന്റെ സന്തോഷത്തിൽ കേരള നിയമസഭയിൽ തോമസ് ഐസക് പറഞ്ഞത് കേരളത്തിന് ബമ്പർ അടിച്ചു എന്നാണ്. നിർമലാ സീത രാമന്റെ പ്രസംഗത്തിന് ഐസക്കും ബാലഗോപാലും മറുപടി പറയാതെ ഒളിച്ച് കളിക്കുന്നത് കേന്ദ്രം തന്ന കോടികളുടെ കണക്ക് വ്യക്തമായി അറിയാവുന്നത് കൊണ്ടാണ്.നികുതി പിരിവിലെ കെടുകാര്യസ്ഥതയും പിണറായിയുടെ നേതൃത്വത്തിൽ നടക്കുന്ന ധൂർത്തും ആണ് ഖജനാവിലെ കുത്തുപാളയെടുപ്പിച്ചതെന്ന് പകൽ പോലെ വ്യക്തം.