കൊച്ചി സര്‍വ്വകലാശാലയില്‍ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നാലുപേര്‍ മരിച്ചു. സംഘാടനത്തിലെ പിഴവാണ് ദുരന്തത്തിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. സംഗീത പരിപാടിക്കിടെ കുട്ടികളെ ഓഡിറ്റോറിയത്തിലേക്ക് കയറ്റിവിടുന്നതില്‍ വീഴ്ച്ച സംഭവിച്ചു. എല്ലാവരെയും ഒന്നിച്ച് കയറ്റിയതോടെ അപകടമുണ്ടായെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.

മൂന്ന് വിദ്യാര്‍ത്ഥികളും ഒരു യുവാവുമാണ് ദുരന്തത്തില്‍ മരിച്ചത്. മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹങ്ങള്‍ കോളേജ് ക്യാമ്പസില്‍ പൊതുദര്‍ശനത്തിന് വെച്ചു.

അപകടത്തില്‍ മരിച്ച കുത്താട്ടുകുളം സ്വദേശിയും കുസാറ്റിലെ സിവില്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അതുല്‍ തമ്പി, ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ് എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ മുതല്‍ കുസാറ്റ് ക്യാമ്പസിലെ ഐടി ബ്ലോക്കില്‍ പൊതുദര്‍ശനത്തിനുവെച്ചത്.

ആഘോഷത്തിനിടെയുണ്ടായ അപ്രതീക്ഷിത ദുരന്തത്തില്‍ വിടപറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സഹപാഠികളും നാട്ടുകാരും രാഷ്ട്രീയ നേതാക്കളും അടക്കം നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

ആന്‍ റുഫ്തയുടെ മൃതദേഹം ചൊവ്വാഴ്ച സംസ്‌കരിക്കും. ഇറ്റലിയിലുള്ള അമ്മ എത്തിയശേഷമായിരിക്കും സംസ്‌കാരം. മകള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള പണം കണ്ടെത്താനായിട്ടാണ് അമ്മ സിന്ധു ഇറ്റലിയിലേക്ക് വിസിറ്റിങ് വിസയില്‍ പോയത്. പറവൂര്‍ സ്വദേശിനിയായ ആന്‍ റുഫ്ത അച്ഛനൊപ്പം ചവിട്ടു നാടകവേദിയിലെ മിന്നും താരം കൂടിയായിരുന്നു.