മൂന്നുദിവസത്തെ തമിഴ്‌നാട് കസ്റ്റഡിക്കുശേഷം രണ്ടുദിവസം ഓടിയ, അഖിലേന്ത്യ പെര്‍മിറ്റുള്ള റോബിന്‍ ബസ് കേരള മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു. തുടര്‍ച്ചയായ പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ്, പത്തനംതിട്ട – കോയമ്പത്തൂര്‍ സര്‍വീസ് നടത്തിയ ബസ് പത്തനംതിട്ട എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. പിടിച്ചെടുത്തത്. ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള പിഴ അടച്ചില്ലെന്നു ചൂണ്ടിക്കാട്ടി പത്തനംതിട്ട ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ ആര്‍.ടി.ഒ. ഹര്‍ജിയും ഫയല്‍ചെയ്തു.

വ്യാഴാഴ്ച രാത്രി 12.45-ന് പത്തനംതിട്ട നഗരത്തിനടുത്ത് മേലെവെട്ടിപ്പുറത്തുവെച്ചാണ് പോലീസ് സന്നാഹത്തോടെ ബസ് പിടിച്ചെടുത്ത് പത്തനംതിട്ട എ.ആര്‍. ക്യാമ്പിലേക്ക് മാറ്റിയത്. വിവിധ ദിവസങ്ങളില്‍ നല്‍കിയ നോട്ടീസുകളില്‍ 32500 രൂപ റോബിന്‍ ബസിന്റെ ഉടമ അടയ്ക്കാനുണ്ട്. കഴിഞ്ഞദിവസം നല്‍കിയ നോട്ടീസ് പ്രകാരം 15,000 രൂപ മാത്രമേ അടച്ചിട്ടുള്ളൂ.

തുടര്‍ച്ചയായ നിയമലംഘനത്തിന് ബസിന്റെ പെര്‍മിറ്റും ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കാന്‍ നടപടി തുടങ്ങിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. അധികൃതര്‍ പറഞ്ഞു. ബസിന് അഖിലേന്ത്യാ പെര്‍മിറ്റ് നല്‍കിയ തിരുവനന്തപുരത്തെ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും ബസ് രജിസ്റ്റര്‍ചെയ്ത കോഴിക്കോട് ആര്‍.ടി.ഒ.യുമാണ് പെര്‍മിറ്റും ലൈസന്‍സും റദ്ദാക്കേണ്ടത്. ഇതിനായി പത്തനംതിട്ട എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. റിപ്പോര്‍ട്ട് അയച്ചു.

യാത്രക്കാരെ വഴിയിലിറക്കിവിട്ട് ബസ് പിടിച്ചെടുക്കരുതെന്ന് കോടതി നിര്‍ദേശമുണ്ട്. യാത്ര തുടങ്ങുന്നതിനുമുമ്പോ യാത്ര അവസാനിച്ച ശേഷമോ ആയിരിക്കണം നടപടി. വ്യാഴാഴ്ച രാത്രി കോയമ്പത്തൂരില്‍നിന്ന് വന്ന ബസ് പത്തനംതിട്ടയില്‍ യാത്രക്കാരെയെല്ലാം ഇറക്കിയശേഷമാണ് പിടിച്ചെടുത്തത്. അതേസമയം, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അവരുടെ താത്പര്യപ്രകാരം നിയമം വ്യാഖ്യാനിക്കുകയാണെന്നും കോടതിയെ സമീപിക്കുമെന്നും ബസുടമ ഗിരീഷ് പറഞ്ഞു.