തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ എയര്‍ഗണ്ണുമായി എത്തി വെടിവെയ്പ്പ് നടത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥി ജഗന്‍ എന്ന യുവാവ് നാല് വര്‍ഷമായി മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്നുവെന്ന് വീട്ടുകാര്‍. മുളയം സ്വദേശി ജഗന്‍ എന്ന പൂര്‍വ വിദ്യാര്‍ഥി എയര്‍ഗണ്ണുമായി എത്തി ക്ലാസ് റൂമില്‍ കയറി മൂന്നു തവണ മുകളിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതി തോക്ക് വാങ്ങിയത് സെപ്തംബര്‍ 28 നാണെന്നു പൊലീസ് അറിയിച്ചു. അരിയങ്ങാടിയിലെ ട്രിച്ചൂര്‍ ഗണ്‍ ബസാറില്‍ നിന്ന് 1800 രൂപയ്ക്കാണ് വാങ്ങിയത്. പണം പലപ്പോഴായി അച്ഛനില്‍ നിന്ന് വാങ്ങുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ 10.15ഓടെ സ്കൂളിൽ എയർഗണ്ണുമായി എത്തിയ ജഗൻ, സ്റ്റാഫ് റൂമിലേക്കാണ് ആദ്യം വന്നതെന്ന് സ്‌കൂളിലെ ജീവനക്കാര്‍ പറയുന്നു. തുടര്‍ന്ന് അധ്യാപകരെ ഭീഷണിപ്പെടുത്തുകയും പിന്നാലെ ക്ലാസ്മുറികളില്‍ കയറി വെടിയുതിര്‍ക്കുകയുമായിരുന്നു. ക്ലാസ് മുറികളിൽ കയറുന്നതിനിടെ എയർഗണ്ണെടുത്ത് മൂന്നു തവണ മുകളിലേക്കു വെടിവച്ചതായും പറയുന്നു. ജഗൻ ലഹരിക്ക് അടിമയാണെന്നു പൊലീസ് പറയുന്നു.

സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയായ ജഗൻ, രണ്ടു വർഷം മുന്‍പാണ് പഠനം അവസാനിപ്പിച്ച് സ്‌കൂള്‍ വിട്ടതെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. രണ്ടു വർഷം മുന്‍പ് തന്റെ കൈയില്‍നിന്ന് വാങ്ങിവച്ച തൊപ്പി തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ സ്‌കൂളിലെത്തിയത്. തുടര്‍ന്ന് സ്‌കൂളിലെ അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ബാഗില്‍നിന്ന് തോക്കെടുത്ത് ഇവര്‍ക്ക് നേരേ ചൂണ്ടുകയുമായിരുന്നു. ഇതിനുശേഷം ചില അധ്യാപകരെ പേരെടുത്ത് ചോദിച്ച് ക്ലാസ്മുറികളില്‍ കയറി. തുടര്‍ന്ന് ക്ലാസ്മുറികളില്‍വച്ചും ഇയാള്‍ വെടിയുതിർക്കുകയായിരുന്നെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. സ്കൂൾ കത്തിക്കുമെന്നും ഭീഷണിപ്പെടുത്തി.

ഇക്കഴിഞ്ഞ മാർച്ചിൽ എസ്എസ്എൽസി പരീക്ഷ എഴുതേണ്ടിയിരുന്ന വിദ്യാർഥിയാണ് ജഗൻ. മുൻപ് മറ്റൊരു സ്കൂളിലാണ് പഠിച്ചിരുന്നത്. അവിടെ അധ്യാപകരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട പരാതികളെ തുടർന്നാണ് വിവേകോദയം സ്കൂളിലേക്ക് എത്തിയത്. ജഗൻ സ്വബോധത്തിലായിരുന്നില്ലെന്നാണ് അധ്യാപകർ നൽകുന്ന വിവരം. ജഗന്റെ സംസാരത്തിലും പൊരുത്തക്കേടുകളുണ്ടായിരുന്നു.