പ്രവാസി കുടുംബത്തിലെ കൊലപാതകം: പ്രവീണ്‍ എത്തിയത് ഐനാസിനെ ഉന്നംവെച്ച്

മംഗളൂരു: കര്‍ണാടകയിലെ ഉഡുപ്പിയില്‍ പ്രവാസി കുടുംബത്തിലെ ഉമ്മയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രവീണ്‍ ചൗഗാലെയെ ചോദ്യം ചെയ്യല്‍ തുടരുന്നു.

അവിശ്വസനീയമായ കാര്യങ്ങളാണ് ഇയാളുടെ മൊഴികളില്‍ ഭൂരിഭാഗവുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. യാഥാര്‍ത്ഥ കാരണം എന്താണെന്ന് ഇതുവരെ പ്രതിയായ പ്രവീണ്‍ വെളിപ്പെടുത്തിയിട്ടില്ല.

തന്റെ സഹപ്രവര്‍ത്തകയായിരുന്ന ഐനാസിനെ കൊലപ്പെടുത്താന്‍ മാത്രമായിരുന്നു ഉദ്ദേശമെന്നാണ് പ്രതി പറയുന്നത്. തനിച്ചാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ പറയുന്നു.

എയര്‍ ഇന്ത്യ എക്സ്പ്രസിലെ ക്യാബിന്‍ക്രൂവായി തന്നോടൊപ്പം ജോലി ചെയ്തിരുന്ന ഐനാസിനെ (21) ലക്ഷ്യമിട്ടതായും ചോദ്യം ചെയ്യലില്‍ ചൗഗലെ (39) സമ്മതിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണങ്ങളിലൊന്ന് പ്രണയപ്പകയാകാമെന്ന് പോലീസ് സംശയിക്കുന്നു.

തന്നെ തടയാന്‍ ശ്രമിച്ചപ്പോഴാണ് കുടുംബത്തിലെ മറ്റ് അംഗങ്ങളെ ആക്രമിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ കുടുംബത്തിലെ മറ്റ് മൂന്ന് പേരെ തെളിവ് നശിപ്പിക്കാന്‍ കൊലപ്പെടുത്തിയതാണെന്ന് പോലീസ് സംശയിക്കുന്നു.

ആക്രമണത്തില്‍ ഐനാസിന്റെ പിതാവിന്റെ മാതാവ് ഹാജിറ (70) മാത്രമാണ് ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടത്. അവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിവാഹിതനായ ചൗഗാലെയും യുവ എയര്‍ഹോസ്റ്റസും തമ്മില്‍ മറ്റെന്തെങ്കിലും ബന്ധമുണ്ടായിരുന്നോവെന്ന് പോലീസിന് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല. സാമ്പത്തിക ഇടപാടുകളും പ്രണയം നിരസിക്കപ്പെട്ടുവെന്ന വശവും അന്വേഷിക്കുകയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

നാലുപേരെയും കൊലപ്പെടുത്തിയത് ഇയാളാണെന്ന് തെളിയിക്കുന്ന സാങ്കേതിക തെളിവുകളും മറ്റ് തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട മറ്റ് കാരണങ്ങള്‍ കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ വ്യക്തമാകൂയെന്ന് ഉഡുപ്പി ജില്ലാ പോലീസ് സൂപ്രണ്ട് കെ അരുണ്‍ പറഞ്ഞു.

ഐനാസിനെ കൊല്ലാന്‍ കൃത്യമായ ആസൂത്രണത്തോടെയാണ് താന്‍ അവളുടെ വീട്ടില്‍ പോയതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ചേരുന്നതിന് മുമ്പ് മഹാരാഷ്ട്ര പോലീസില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചിരുന്നുവെന്ന പ്രതിയുടെ അവകാശവാദങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ഇയാളുടെ ക്രിമിനല്‍ ചരിത്രവും മയക്കുമരുന്ന് ഉപയോഗിച്ചാണോ ചൗഗാലെ കുറ്റകൃത്യം ചെയ്തതെന്നും പോലീസ് പരിശോധിച്ചുവരികയാണ്.

മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ പ്രതി മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ജോലി ചെയ്തിരുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസ് ക്രൂ അംഗമായി ഐനാസിനൊപ്പം പ്രവര്‍ത്തിച്ച പ്രതി അവളുമായി ബന്ധം വളര്‍ത്തിയെടുത്തിരുന്നു. കൃത്യത്തിനുശേഷം പ്രതി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു.

ബെലഗാവി ജില്ലയിലെ കുടച്ചിയിലുള്ള ബന്ധുവീട്ടിലെത്തിയ ശേഷമാണ് പിന്നീട് ഓണ്‍ ചെയ്തത്. പദ്ധതിയിട്ടതു പ്രകാരം ആന്ധ്രയിലേക്ക് പുറപ്പെടുന്നതിനു മുമ്പേ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചു. ഐനാസിനു പുറമെ, മാതാവ് ഹസീന (46), സഹോദരി അഫ്നാന്‍ (23), സഹോദരന്‍ അസീം (12) എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

പിതാവ് മുഹമ്മദ് നൂര്‍ കഴിഞ്ഞ 15 വര്‍ഷമായി വിദേശത്ത് ജോലി ചെയ്യുകയാണ്. കുടുംബം സാമ്പത്തികമായി നല്ല നിലയിലായിരുന്നു കുടുംബം. ഐനാസും പ്രതിയും തമ്മില്‍ പണമിടപാട് നടന്നിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments